കോഴിക്കോട്: സ്വാതന്ത്രസമരസേനാനിയും വിപ്ലവകാരിയുമായ ഭഗത് സിംഗ് തൂക്കിലേറ്റപ്പെടുമ്പോള്‍ വന്ദേമാതരമായിരുന്നു വിളിച്ചിരുന്നതെന്ന വാദവുമായി ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം ശോഭാ സുരേന്ദ്രന്‍. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭഗത് സിംഗിനെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് നടത്തിയ ചര്‍ച്ചയിലായിരുന്നു ശോഭാ സുരേന്ദ്രന്റെ അവകാശവാദം.
എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കടേഷ് ശോഭയുടെ വാദം തെറ്റാണെന്നും ഭഗത് സിംഗ് കഴുമരത്തിലേറുമ്പോള്‍ ഇങ്ക്വിലാബ് സിന്ദാബാദ് എന്നായിരുന്നു വിളിച്ചിരുന്നതെന്നും വ്യക്തമാക്കി.
” ബ്രിട്ടന്റെ പണംപറ്റുന്ന പൊലീസുകാരില്‍ ഒരാള്‍പ്പോലും ഞങ്ങളുടെ ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നു പറഞ്ഞ് വന്ദേമാതരം വിളിച്ചുകൊണ്ട് ഞങ്ങള്‍ കൊലക്കയറിനെ ലക്ഷ്യമാക്കി നടന്നപോകും എന്നായിരുന്നു ഭഗത് സിംഗ് പറഞ്ഞത്.” ഇതായിരുന്നു ചര്‍ച്ചക്കിടെ ശോഭയുടെ വാദം.
എന്നാല്‍ ബി.ജെ.പി നേതാവ് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഭഗത് സിംഗ് ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയാണ് കൊലമരത്തിലേക്ക് നടന്നടുത്തതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനായ വെങ്കടേഷ് പറഞ്ഞു.
1931 മാര്‍ച്ച് 24 നായിരുന്നു ഭഗത് സിംഗിന്റെ വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവായത്. എന്നാല്‍ ഭഗത് സിംഗിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ മാര്‍ച്ച് 23നായിരുന്നു ഭഗത് സിംഗിനെയും രജ്ഗുരുവിനെയും സുഖ്‌ദേവിനേയും തൂക്കിലേറ്റിയത്.
പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങള്‍ ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തില്‍ വെച്ച് അഗ്‌നിക്കിരയാക്കി. ചാരം, സത്‌ലജ് നദിയിലെറിയുകയായിരുന്നു.
വീഡിയോ കടപ്പാട്- മനോരമ ന്യൂസ്
സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിങ്ങിനെയും ബത്തുകേശ്വര്‍ ദത്തിനെയും ജയിലിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ അധികരിച്ചായിരുന്നു മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് ചര്‍ച്ച.
മോദിയുടെ പരാമര്‍ശം തെറ്റെന്ന് പ്രമുഖ ചരിത്രകാരന്‍ സയ്യിദ് ഇര്‍ഫാന്‍ ഹബീബും നേരത്തെ വ്യക്തമാക്കിയിരുന്നു.
ALSO READ: മുഹമ്മദലി ജിന്ന മഹാപുരുഷന്‍: ജിന്നയെ പുകഴ്ത്തി ബി.ജെ.പി എം.പി
നെഹ്‌റു ഇരുവരെയും ജയിലില്‍ പോയി കാണുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നെഹ്‌റു മാത്രമല്ല മറ്റു കോണ്‍ഗ്രസ് നേതാക്കളും ഇരുവര്‍ക്കും വേണ്ടി സംസാരിക്കാന്‍ ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞിരുന്നു.
ഭഗത് സിങ്ങിനെ കുറിച്ച് പുസ്തകം തയ്യാറാക്കിയ ചരിത്രകാരനാണ് സയ്യിദ് ഇര്‍ഫാന്‍ ഹബീബ് (To Make the Deaf Hear Ideology and Programme of Bhagat Singh and His Comradse) രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ചരിത്രം വളച്ചൊടിക്കുന്നതിന് മുമ്പ് പോയി പുസ്തകം വായിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
WATCH THIS VIDEO: