'ബ്രിട്ടീഷ് ചരിത്രത്തിൽ ഭഗത് സിങ്ങും സുഭാഷ് ചന്ദ്ര ബോസും തീവ്രവാദികളായിരുന്നു'; ഹമാസ് ഭീകരവാദികളെന്ന തരൂരിന്റെ പരാമർശത്തിന് പിന്നാലെ എം.കെ. മുനീർ
Kerala News
'ബ്രിട്ടീഷ് ചരിത്രത്തിൽ ഭഗത് സിങ്ങും സുഭാഷ് ചന്ദ്ര ബോസും തീവ്രവാദികളായിരുന്നു'; ഹമാസ് ഭീകരവാദികളെന്ന തരൂരിന്റെ പരാമർശത്തിന് പിന്നാലെ എം.കെ. മുനീർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 8:21 pm

കോഴിക്കോട്: ഭഗത് സിങ്ങും സുഭാഷ് ചന്ദ്ര ബോസും ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയപ്പോൾ ബ്രിട്ടീഷ് ചരിത്രത്തിൽ തീവ്രവാദ പ്രവർത്തനവും ഭീകര പ്രവർത്തനവും ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ.

ഫലസ്തീനിലെ ഗസയിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നതും ഇന്ന് സാമ്രാജ്യത്വ ശക്തികളുടെ കണ്ണിൽ ഒരു ഭീകര പ്രവർത്തനമായി തന്നെയാണ് അവർ ചിത്രീകരിക്കുന്നത് എന്നും അദ്ദേഹം മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പറഞ്ഞു.

ഫലസ്തീനിന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രഈലിന്റേത് വംശീയ ഉന്മൂലനവുമാണെന്നും പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്നും മുനീർ പറഞ്ഞു.

‘ഭഗത് സിങ്ങും സുഭാഷ് ചന്ദ്ര ബോസും ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയപ്പോൾ ബ്രിട്ടീഷ് ചരിത്രത്തിൽ തീവ്രവാദ പ്രവർത്തനവും ഭീകര പ്രവർത്തനവും ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഫലസ്തീനിലെ ഗസയിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നതും ഇന്ന് സാമ്രാജ്യത്വ ശക്തികളുടെ കണ്ണിൽ ഒരു ഭീകര പ്രവർത്തനമായി തന്നെയാണ് അവർ ചിത്രീകരിക്കുന്നത്

ഗസയിലെ കുട്ടികൾ പറയുന്നത് ഞങ്ങളിപ്പോൾ അഞ്ചുനേരം അല്ല നിസ്കരിക്കുന്നത് ആറു നേരമാണ് എന്നാണ്. സുബ്ഹിക്കും ളുഹറിനും അസറിനും മഅ്റിബിനും ഇശക്കും പുറമേ ഞങ്ങൾക്ക് എല്ലാ ദിവസവും ജനാസ നമസ്കാരവും (മയ്യത്ത് നമസ്കാരം) ഉണ്ട് എന്നതാണ്.

ആ കുഞ്ഞുങ്ങളുടെ കരച്ചിൽ ഇന്നും നമ്മൾ കേൾക്കുന്നുണ്ട്. ഫലസ്തീനിന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രഈലിന്റേത് വംശീയ ഉന്മൂലനവുമാണ്.

വംശീയ ഉന്മൂലനത്തിന് ശ്രമിക്കുമ്പോൾ കൊച്ചു കല്ലുകൾ പെറുക്കി എറിഞ്ഞവർ ഇപ്പോൾ ഒന്നുകൂടി ശക്തമായി പ്രതികരിക്കുന്നു., ഫലസ്തീന്റെ മണ്ണിൽ നിങ്ങൾ കുട്ടികളെ ചവിട്ടിത്താഴ്ത്തുമ്പോൾ ആ കുട്ടികൾ തല ഉയർത്തി പറയുന്നു, ഇസ്രഈലെ നിനക്ക് ശക്തി പോരാ എന്ന്.

ആ പ്രതിരോധത്തിന്റെ ഒപ്പമാണ് നമ്മൾ. പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് നമ്മൾ തിരിച്ചറിയണം,’ മുനീർ പറഞ്ഞു.

പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ ശശി തരൂർ എം.പി ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയായിരുന്നു മുനീറിന്റെ പ്രതികരണം.

Content Highlight: Bhagat Singh and Subash Chandra Bose were Terrorists in British history; MK Muneer after Tharoor’s remark of Hamas as terrorists