ഭാഗല്‍പൂര്‍ കലാപം; കേന്ദ്രമന്ത്രിയുടെ മകനെ മുഖ്യമന്ത്രിയുടെ വസതിയ്ക്കു സമീപത്തുനിന്നും അറസ്റ്റ് ചെയ്തു, വീഡിയോ
Bihar riots
ഭാഗല്‍പൂര്‍ കലാപം; കേന്ദ്രമന്ത്രിയുടെ മകനെ മുഖ്യമന്ത്രിയുടെ വസതിയ്ക്കു സമീപത്തുനിന്നും അറസ്റ്റ് ചെയ്തു, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st April 2018, 10:12 am

പാട്‌ന: ഭാഗല്‍പൂര്‍ കലാപത്തില്‍ പ്രതിചേര്‍ക്കെപ്പട്ട ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകനുമായ അരിജിത് ശാസ്വതിനെ പൊലീസ് അറസ്റ്റ് ചെയതു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രി മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.

മുഖ്യമന്ത്രിയുടെ വസതിയ്ക്കു 300 മീറ്റര്‍ മാത്രം അകലെ വെച്ചായിരുന്നു അരിജിതിന്റെ അറസ്റ്റ്. അരിജിതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

” അദ്ദേഹത്തെക്കുറിച്ചുള്ള വിവരം കിട്ടിയതുമുതല്‍ ഞങ്ങള്‍ ജാഗരൂകരായിരുന്നു. അറസ്റ്റ് വാറണ്ട് നേരത്തെ തന്നെ കൈവശം ഉണ്ടായിരുന്നു. ഹനുമാന്‍ മന്ദിറിനു സമീപമുള്ള പൊലീസ് സ്റ്റേഷന്റെ അടുത്തുനിന്നാണ് അരിജിതിനെ അറസ്റ്റ് ചെയ്യുന്നത്.”- എ.എസ്.പി രാകേഷ് ദുബെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Also Read: നന്ദി വിജയന്‍ സാര്‍, താങ്കളെക്കൊണ്ട് മാത്രമാണ് കേരളത്തില്‍ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ സാധ്യമാവുന്നത്’; പിണറായി വിജയന് അഭിനന്ദനവുമായി ഗഡ്കരി


അരിജിത് ശാസ്വതിന് കോടതി ഇന്നലെയാണ് ജാമ്യം നിഷേധിച്ചത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയതെന്ന കേസിലാണ് അശ്വിനി കുമാര്‍ ചൗബേയുടെ മകനടക്കം എട്ടു ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

മാര്‍ച്ച് 17 നായിരുന്നു മുസ്ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കലാപമഴിച്ചുവിട്ടത്.

വീഡിയോ കടപ്പാട്: എന്‍.ഡി.ടി.വി

അരിജിത് ശാസ്വത് സംഘടിപ്പിച്ച റാലിയില്‍ പ്രകോപനപരമായി പ്രസംഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. അരിജിതിന്റെ റാലിയ്ക്ക് മുന്‍കൂറായി അനുവാദം വാങ്ങിയിരുന്നില്ല.

വര്‍ഗീയ വിദ്വേഷം വളര്‍ത്തുക, അനുവാദമില്ലാതെ സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിക്കുക തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം.

Watch This Video: