സ്ഫടികം സിനിമയിലെ ചില സീനുകളിലുള്ള മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.
അതിമനോഹരമായാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്നും ചില സീനുകളിലെ അദ്ദേഹത്തിന്റെ നോട്ടത്തിന് പോലും പല അര്‍ത്ഥങ്ങളുണ്ടായിരുന്നുവെന്നും ഭദ്രന്‍ പറയുന്നു.
മോഹന്‍ലാലും തിലകനും തമ്മില്‍ പിണങ്ങിത്തിരിയുന്ന സീനിനെക്കുറിച്ചാണ് ഭദ്രന്‍ പറയുന്നത്. നിന്റെ വില ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. കാണണോ നിനക്ക് എന്ന് പറഞ്ഞതിന് ശേഷം തിലകന്‍ ഒരു ഓട്ടക്കാലണ എടുത്ത് മോഹന്‍ലാലിന് എറിഞ്ഞ് കൊടുക്കുമ്പോള്‍ ലാല്‍ ആ ഓട്ടക്കാലണയിലൂടെ നോക്കുന്ന നോട്ടം തന്റെ കണ്ണുനനയിച്ചുവെന്നാണ് ഭദ്രന്‍ പറഞ്ഞത്.
ആ സീനില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയായിരുന്നില്ലെന്നും മോഹന്‍ലാലിന്റെ ഭാവവ്യത്യാസങ്ങള്‍ അത്രക്കും മനോഹരമായിരുന്നുവെന്നും സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.
മകനുപകരം തെങ്ങിന്‍ തൈ വെച്ചുവെന്ന് തിലകന്റെ കഥാപാത്രം ചൂണ്ടിക്കാണിച്ചുകൊടുക്കുമ്പോഴുള്ള മോഹന്‍ലാലിന്റെ പ്രതികരണവും ഗംഭീരമാണെന്നും ആ സീന്‍ കഴിഞ്ഞപ്പോള്‍ താന്‍ ഓടിച്ചെന്ന് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചുവെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.
1995ലാണ് സ്ഫടികം പുറത്തിറങ്ങിയത്. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തില്‍ ആടുതോമ എന്ന നായക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
ഈ ചിത്രത്തിലൂടെയാണ് ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചത്. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെടാന്‍ തുടങ്ങി. തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bhadran says about Mohanlal