|

തിലകന്‍ പറഞ്ഞത് സത്യമല്ല, ലാല്‍ ചെയ്ത ഭാവത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനാവില്ല: ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് ഉടയോന്‍. അച്ഛനായും മകനായും മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശൂരനാട് കുഞ്ഞ് എന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് മുമ്പ് നടന്‍ തിലകന്‍ പറഞ്ഞിരുന്നു. തിലകന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഭദ്രന്‍.

സ്വപ്‌നത്തില്‍ പോലും ആ കഥാപാത്രമായി തിലകനെ കണ്ടിട്ടില്ലെന്നും ശൂരനാട് കുഞ്ഞിനെ മോഹന്‍ലാല്‍ അവതരിപ്പിച്ച ശരീരഭാഷയോടെ അദ്ദേഹത്തിന് അവതരിപ്പിക്കാനാവില്ലെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

‘പുള്ളി ആ പറഞ്ഞത് സത്യമല്ല, ശൂരനാട് കുഞ്ഞായി എന്റെ ഭാവനയിലോ സ്വപ്‌നത്തിലോ പോലും തിലകന്‍ ചേട്ടനെ കണ്ടിട്ടില്ല. ശാരനാട് കുഞ്ഞെന്ന വേഷം ലാല്‍ ചെയ്തിരിക്കുന്നത് കണ്ടിട്ടില്ലേ. അത് ലാല്‍ ചെയ്ത ശരീര ഭാഷയോടെ, ഭാവത്തോടെയൊന്നും തിലകന്‍ ചേട്ടന് ചെയ്യാന്‍ പറ്റില്ല. ആ ഒരു കരുത്ത് തിലകന്‍ ചേട്ടന്റെ ശരീരത്തിന് ഇല്ലല്ലോ. കാരണം അദ്ദേഹത്തിന് അസുഖമായിരുന്നു. അപ്പോള്‍ അത്തരമൊരു വേഷം എങ്ങനെ ചെയ്യും.

ശൂരനാട് കുഞ്ഞ് നല്ല കരുത്തനായ ആളാണ്. അത് തിലകന്‍ ചേട്ടനില്‍ എങ്ങനെ ആപ്റ്റാവും. അദ്ദേഹത്തെ കണ്ടാല്‍ അങ്ങനെ തോന്നുമോ. പുള്ളി നാക്ക് കൊണ്ട് പെടപ്പിക്കും. പക്ഷേ ശരീര ഭാഷയോ? ഞാന്‍ ഭാവനയില്‍ കണ്ട് ശൂരനാട് കുഞ്ഞിന്റെ ഫിസിക്കല്ല തിലകന്‍ ചേട്ടന്. അത് എന്തിന് വേണ്ടി അങ്ങനെ പറഞ്ഞു എന്ന് എനിക്ക് അറിയില്ല.

പുള്ളി അക്കാര്യം ടി.വിയില്‍ പറയുന്നത് കേട്ടിട്ടുണ്ട്. സംവിധായകനോട് ചോദിച്ചുനോക്ക്, അദ്ദേഹം സത്യം പറയും എന്നൊക്കെ തിലകന്‍ ചേട്ടന്‍ പറയുന്നത് കേട്ടിട്ടുണ്ട്. എനിക്ക് അത് കേള്‍ക്കുമ്പോള്‍ ചിരി വരും. എന്നോട് ഇതിനെ പറ്റി കുറച്ച് പേര് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് അതിന് ഉത്തരമില്ല, അത് വിടെന്ന് ഞാന്‍ പറയും,’ ഭദ്രന്‍ പറഞ്ഞു.

മോഹന്‍ലാലും ഭദ്രനും ഒന്നിച്ച ഹിറ്റ് ചിത്രം സ്ഫടികം 4കെ ദൃശ്യമികവോടെ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തിരുന്നു. രണ്ടാം വരവിലും മികച്ച പ്രതികരണമാണ് ആടുതോമക്ക് ലഭിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രവും ഭദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ജിം കെനി എന്നാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും ഇതുവരെ കാണാത്ത ലാലിനെയായിരിക്കും ചിത്രത്തില്‍ കാണുകയെന്നും ഭദ്രന്‍ പറഞ്ഞിരുന്നു.

Content Highlight: bhadran about udayon movie and thilakan

Video Stories