കൊല്‍ക്കത്ത: സെപ്റ്റംബര്‍ 30ന് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മത്സരം കൊണ്ടുതന്നെ ശ്രദ്ധേയമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ ഭബാനിപൂര്‍ മണ്ഡലത്തിലാണ് മമത വോട്ട് തേടുന്നത്.
പ്രിയങ്ക ടിബ്രേവാലാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റയും കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന്റെയും പേരില്‍ ഇപ്പോള്‍ പ്രിയങ്കക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍.
തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് വെറും രണ്ട് ദിവസത്തിനകമാണ് പ്രിയങ്കക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് റാലികളില്‍ ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളെ പ്രിയങ്ക ലംഘിച്ചതായി ബുധനാഴ്ച പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് വരാനിരിക്കുന്ന റാലികള്‍ക്ക് നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കാതിരിക്കാന്‍ തക്കതായ കാരണങ്ങള്‍ ബോധിപ്പിക്കാനും കമ്മീഷന്‍ നോട്ടീസില്‍ പറയുന്നുണ്ട്.
എന്നാല്‍ താന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് പ്രിയങ്കയുടെ വാദം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസിന് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന വഴി ഒരുപാട് കാറുകള്‍ എന്നെ പിന്തുടര്‍ന്നു എന്നാണ് അവര്‍ പറയുന്നത്. പൊതുജനങ്ങള്‍ ചെയ്യുന്നതൊന്നും എനിക്ക് തടയാന്‍ സാധിക്കില്ല.
“മമതാ ബാനര്‍ജിയെ ഞാന്‍ വെല്ലുവിളിച്ചത് തൃണമൂലിനെ ഭയപ്പെടുത്തിയിട്ടുണ്ട് എന്നതിന് തെളിവാണിത്. എന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരാതികള്‍ കമ്മീഷനു മുന്നില്‍ എത്തുന്നത്,’ പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഭിഭാഷക കൂടിയായ പ്രിയങ്കയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബംഗാളിലുണ്ടായ അക്രമസംഭവങ്ങള്‍ വാദിക്കുന്നതും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bhabanipur bypoll: BJP’s Priyanka Tibrewal served notice for violation of poll norms