ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തുമെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജ. മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം 1-1 എന്ന നിലയില്‍ സമനിലയില്‍ തുടരുന്നത് മികച്ചതാണെന്നും മെല്‍ബണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവസരമുണ്ടെന്നും ജഡ്ഡു അഭിപ്രായപ്പെട്ടു.
പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ ഒന്നില്‍ വിജയിച്ചാലും ഇന്ത്യക്ക് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിക്കുമെന്നും ജഡേജ പറഞ്ഞു.
മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളിപ്പോള്‍ മികച്ച നിലയിലാണ് തുടരുന്നത്. മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 1-1 എന്ന നിലയിലാണ്. കാര്യങ്ങള്‍ കൂടുതല്‍ രസകരമാകാന്‍ പോവുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ വിജയിച്ചാലും ഞങ്ങള്‍ തന്നെ പരമ്പര നിലനിര്‍ത്തും, കാരണം ഇതിന് മുമ്പ് രണ്ട് തവണയും ഞങ്ങളാണ് ഇവിടെ വിജയിച്ചത്.
മെല്‍ബണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരമാണ്. ഒടുവില്‍ കഴിഞ്ഞ മത്സരത്തെ കുറിച്ച് ഞങ്ങള്‍ പിന്നീട് വേവലാതിപ്പെടാം, ഇപ്പോള്‍ ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ഞങ്ങളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്,’ജഡേജ പറഞ്ഞു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പ്ലെയിങ് ഇലവന്റെ ഭാഗമാകാത്തതിനെ കുറിച്ചും താരം സംസാരിച്ചു. പെര്‍ത്തിലും അഡ്‌ലെയ്ഡിലും പ്ലെയിങ് ഇലവനില്‍ ഇടമില്ലാത്തിനാല്‍ കൂടുതല്‍ സമയം പരിശീലനത്തിനായി ചെലവഴിച്ചെന്നും ഇത് ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ സഹായകമായെന്നും ജഡേജ വ്യക്തമാക്കി.
‘പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഞാന്‍ കളിച്ചില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കൂടുതല്‍ പരിശീലനം നടത്താനും എനിക്ക് അവസരമുണ്ടാക്കി. ഈ സമയമത്രയും സാഹചര്യങ്ങള്‍ ഞാന്‍ മനസിലാക്കി.
ഈ പിച്ചുകളില്‍ പന്തെറിയാനും ബാറ്റ് ചെയ്യാനും എനിക്ക് സാഹചര്യങ്ങളൊരുങ്ങി, കാര്യങ്ങളിപ്പോള്‍ എനിക്ക് പരിചിതമാണ്. നെറ്റ്‌സിലെ കഠിനമായ പരിശീലനവും എന്നെ സഹായിച്ചു,’ ജഡേജ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 26നാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്. മെല്‍ബണാണ് വേദി. അടുത്ത വര്‍ഷം ജനുവരിയില്‍ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം അരങ്ങേറും. സിഡ്‌നിയാണ് വേദി.
ഇതിന് മുമ്പ് നടന്ന രണ്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യ പരമ്പര വിജയിക്കുകയും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഹാട്രിക് പരമ്പര വിജയത്തിനുള്ള അവസരമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്.
Content highlight: BGT: Ravindra Jadeja about retaining Border Gavaskar Trophy