ഇന്ത്യക്കെതിരെ വ്യത്യസ്തമായതൊന്ന് പരീക്ഷിക്കണം, അതിനാണ് അവനെ കൊണ്ടുവന്നത്; ടീമിലെ വമ്പന്‍ മാറ്റത്തെ കുറിച്ച് ഓസീസ് സെലക്ടര്‍
Sports News
ഇന്ത്യക്കെതിരെ വ്യത്യസ്തമായതൊന്ന് പരീക്ഷിക്കണം, അതിനാണ് അവനെ കൊണ്ടുവന്നത്; ടീമിലെ വമ്പന്‍ മാറ്റത്തെ കുറിച്ച് ഓസീസ് സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th December 2024, 5:43 pm

ഡിസംബര്‍ 26ന് ആരംഭിക്കുന്ന നിര്‍ണായകമായ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള സ്‌ക്വാഡ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓപ്പണറായ നഥാന്‍ മക്‌സ്വീനിക്ക് പകരം 19കാരനായ സാം കോണ്‍സ്റ്റാസിനെയാണ് കങ്കാരുക്കള്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് സംസ്‌കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ കോണ്‍സ്റ്റാസിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് കൂടിയാകും വഴിയൊരുങ്ങുന്നത്.

 

ഫസ്റ്റ് ക്ലാസില്‍ വെറും 11 മത്സരത്തിന്റെ എക്‌സ്പീരിയന്‍സുമായാണ് ന്യൂ സൗത്ത് വെയ്ല്‍സ് ഓള്‍ റൗണ്ടര്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്.

ഇപ്പോള്‍ സാം കോണ്‍സ്റ്റാസിനെ ടീമിന്റെ ഭാഗമാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലി. ഇന്ത്യക്കെതിരെ വ്യത്യസ്തമായ ഒരു പരീക്ഷണത്തിനാണ് തങ്ങള്‍ തയ്യാറെടുക്കുന്നത് എന്നാണ് ബെയ്‌ലി പറയുന്നത്.

‘ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് സാമിന് ആദ്യമായി വിളിയെത്തിയിരിക്കുകയാണ്. അവന്റെ ബാറ്റിങ് ശൈലി വ്യത്യസ്തമായ ഒരു പോയിന്റാണ് ടീമിന് വാഗ്ദാനം ചെയ്യുന്നത്. അവന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുന്നു,’ ബെയ്‌ലി പറഞ്ഞു.

‘നിലവില്‍ പരമ്പര പുരോഗമിക്കുന്നത് കാണുമ്പോള്‍ അടുത്ത ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ബെയ്‌ലി കൂട്ടിച്ചേര്‍ത്തു.

മൂന്ന് മത്സരത്തിന് ശേഷം മക്‌സ്വീനിയെ പുറത്തിരുത്തുന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ക്വാഡിന്റെ ഭാഗമാണെങ്കിലും കോണ്‍സ്റ്റാസിന് ബാഗി ഗ്രീന്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജേയ് റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്, ബ്യൂ വെബ്‌സ്റ്റര്‍.

നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അഡ്‌ലെയ്ഡില്‍ പത്ത് വിക്കറ്റിന് വിജയിച്ചാണ് കങ്കാരുക്കള്‍ തിരിച്ചടിച്ചത്. ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് ശേഷം ജനുവരി ആദ്യ വാരം സിഡ്‌നിയില്‍ വെച്ചാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം അരങ്ങേറുക.

 

Content highlight: BGT 2024-25: Australian selector George Bailey about changes in the squad ahead of 4th test