ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി. ഉണ്ണികൃഷ്ണനാണ്.
പൊലീസ് കഥയായതുകൊണ്ട് തന്നെ നിരവധി കുറ്റകൃത്യങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഈ കുറ്റകൃത്യങ്ങളോട് തന്റേതായ ശരികളിലൂടെ പ്രതികരിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ക്രിസ്റ്റഫര്‍. അയാളെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്.
ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലെ ഏറ്റവും മികച്ചതെന്ന് എടുത്ത് പറയാവുന്നത് ജസ്റ്റിന്‍ വര്‍ഗീസിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറുകളാണ്, പ്രത്യേകിച്ചും ക്രിസ്റ്റഫര്‍ എന്ന നായകന്റെ ബി.ജി.എം. സിനിമയെ എലവേറ്റ് ചെയ്യുന്നതില്‍ വലിയ പങ്കാണ് ഈ ബി.ജി.എം നിര്‍വഹിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം പുറത്ത് വന്നപ്പോള്‍ അതിലെ പ്ലസ് പോയിന്റും ഈ ബി.ജി.എമ്മുകള്‍ തന്നെയായിരുന്നു.
എന്നാല്‍ ഇതേ ബി.ജിഎം ഇടക്ക് അലോസരവും ആവര്‍ത്തന വിരസതയും ഉണ്ടാക്കുന്നുണ്ട്. ചെറിയ സമയത്തിന്റെ വ്യത്യാസത്തില്‍ ഈ ബി.ജി.എം വീണ്ടും വീണ്ടും കേള്‍ക്കുന്നതിന്റെ പ്രശ്‌നം പല ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ക്രിസ്റ്റഫര്‍ കാറില്‍ നിന്നും ഇറങ്ങുമ്പോഴും കയറുമ്പോഴും ചെറിയ ചലനങ്ങളിലും പോലും ഈ ബി.ജി.എമ്മും സ്ലോ മോഷനും വരുന്നത് വിരസത സൃഷ്ടിച്ചിരുന്നു.
ആദ്യത്തെ ഭാഗങ്ങളിലൊക്കെ മമ്മൂട്ടിയുടെ സ്വാഗിനൊപ്പം ബി.ജി.എം മികച്ച് നിന്നിരുന്നു. പതിവ് പോലെ പ്രകടനത്തില്‍ മമ്മൂട്ടി മികച്ച് നിന്നിട്ടുണ്ട്. അടുത്തിടെ വന്ന പുഴു, റോഷാക്ക്, സി.ബി.ഐ, ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങളിലൊന്നും കാണാത്ത മമ്മൂട്ടിയെ പ്രകടനത്തില്‍ കൊണ്ടുവരാന്‍ താരത്തിനായിട്ടുണ്ട്.
താരത്തിന്റെ മുന്‍ പൊലീസ് കഥാപാത്രങ്ങള്‍ വന്നിട്ടുള്ള യവനിക മുതലിങ്ങോട്ടുള്ള അസംഖ്യം പൊലീസ് വേഷങ്ങള്‍ പരിശോധിച്ചാലും അതിലൊന്നും കാണാത്ത യുണീക്‌നെസ് ക്രിസ്റ്റഫറില്‍ മമ്മൂട്ടി കൊണ്ടുവരുന്നുണ്ട്.