|

അധികാരത്തിലിരിക്കുന്നവരോട് അടുപ്പമുള്ളവരെ സൂക്ഷിക്കണം: അലക്‌സാണ്ടര്‍ ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: അധികാരത്തിലിരിക്കുന്ന ആളുകളുമായി സൗഹൃദമുള്ളവരെ സൂക്ഷിക്കണമെന്ന് മുന്‍ ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്.

അധികാരത്തിലിരിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ ശത്രുക്കളും തെറ്റായ സൗഹൃദങ്ങളുമുണ്ടാകുമെന്ന് ഓര്‍ക്കണമെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

താന്‍ അധികാരത്തിലിരിക്കുന്ന സമയത്ത് തന്നോട് അടുപ്പം കാണിച്ചവര്‍ പിന്നീട് തന്നെ കുറിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നത് കേട്ടപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

സെന്റ് സേവ്യേഴ്‌സ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ എക്‌സല്‍ ഏര്‍പ്പെടുത്തിയ അയിക്കര പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ ഫെയ്‌സ്ബുക്കില്‍ സജീവമായി എന്ന വാര്‍ത്ത പുറത്തു വന്ന സമയത്ത് ജയില്‍ ഡി.ജി.പിയായിരുന്ന അലക്‌സാണ്ടര്‍ ജേക്കബിനെതിരെ പലരും വിമര്‍ശനങ്ങളുമായി രംഗത്തു വന്നിരുന്നു.

പ്രതികള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചുവെന്ന വാര്‍ത്ത വിവാദമായതിനെ തുടര്‍ന്നാണ് അലക്‌സാണ്ടര്‍ ജേക്കബിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത്.

തന്നെ െ്രെകസ്തവ തീവ്രവാദിയാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നും തനിക്കെതിരെ വധ ഭീഷണിയുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ് നേരത്തേ ആരോപിച്ചിരുന്നു.

14 വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ച മെല്‍വിന്‍ പാദുവ എന്നയാള്‍ കന്യാസ്ത്രീ ആയിരുന്ന സ്ത്രീയെ വിവാഹം കഴിച്ചതോടെ അയാളുടെ ശിക്ഷാ കാലാവധി നിയമ വിരുദ്ധമായി നീട്ടിയെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു.

താന്‍ സംസ്ഥാന പോലീസ് മേധാവിയാകുന്നത് തടയാനുള്ള നീക്കങ്ങള്‍ നടന്ന് വരുന്നുവെന്നും അലക്‌സാണ്ടര്‍ ജേക്കബ് അഭിപ്രായപ്പെട്ടിരുന്നു.

അതിനുവേണ്ടിയാണ് തന്നെ ഫെയ്‌സ്ബുക്ക് വിവാദത്തില്‍ വലിച്ചിഴച്ചതെന്നും അദ്ദേഹം പറഞ്ഞു.