ജിദ്ദ: മെസേജിങ് ആപ്പുകളിലെ ചില ഇമോജികള്‍ മുസ്ലിം സഹോദരങ്ങള്‍ ഉപയോഗിക്കരുതെന്ന് ഇസ്‌ലാമിക മതപണ്ഡിതന്‍. അത്തരം ഇമോജികള്‍ മതനിന്ദയാണെന്ന് സൗദി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മതപണ്ഡിതന്‍ വാജ്ദി അക്കാരി (36) പറയുന്നു. ഇമോജികള്‍ ഉപയോഗിക്കുന്നത് ഹറാമാണ്. മാലാഖമാരെ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. പ്രാര്‍ഥനാ ചിഹ്നം പോലും ഉപയോഗിക്കരുത്. ഇമോജികള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധിക്കണം. എല്ലാം അനുവദിക്കപ്പെട്ടതല്ല.
ദീപ്തിവലയമുള്ള മാലാഖമാരുടെ ഇമോജികള്‍ ക്രിസ്ത്യന്‍ വിശ്വാസത്തെ പിന്തുടര്‍ന്നുള്ളതാണെന്നും അതു ഹറാമാണെന്നും അക്കാരി വിഡിയോ സന്ദേശത്തില്‍ പറയുന്നു. ക്രൈസ്തവ മതത്തിന്റെ മാലാഖമാര്‍ ഇസ്‌ലാം മതത്തിന്റെ മാലാഖമാരെപ്പോലെയാണെന്നാണോ നാം വിശ്വസിക്കുന്നത്? സാത്താന്‍ എങ്ങനെയിരിക്കുന്നുവെന്ന് നമുക്കറിയില്ല. അതുകൊണ്ട് അത്തരം ഇമോജികള്‍ അയയ്ക്കരുത്. ഇരുകൈകള്‍ കൂട്ടിപ്പിടിച്ചു പ്രാര്‍ഥിക്കുന്നത് ക്രിസ്ത്യാനികളും ബുദ്ധമതക്കാരുമാണ്. ഇസ്‌ലാമില്‍ അങ്ങനെയല്ല പ്രാര്‍ഥിക്കുന്നത്, അക്കാരി പറയുന്നു.
ക്രിസ്മസ് ആശംസകള്‍ (മെറി ക്രിസ്മസ്) എന്നു പറയരുതെന്നും അത് കൊലപാതകം നടത്തുന്നതിനെക്കാളും മദ്യപിക്കുന്നതിനെക്കാളും മോശമാണെന്ന് 2011ല്‍ അക്കാരി പറഞ്ഞിരുന്നു. ഡിസംബര്‍ 25ന് ദൈവം ജനിച്ചു എന്നു പറയുന്നത് ഒരു പൊതുസങ്കല്‍പ്പമാണെന്നും അക്കാരി കൂട്ടിച്ചേര്‍ക്കുന്നു.
ലെബനോനില്‍ ജനിച്ച അക്കാരി യു.എസിലെത്തി 18-ാം വയസ്സില്‍ റാപ്പ് സംഘത്തില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇസ്‌ലാമാണ് തന്നെ സ്വയം നശിക്കുന്നതില്‍ നിന്നു രക്ഷിച്ചതെന്ന് അക്കാരി “വണ്‍ വേ ടു പാരഡൈസ് ” എന്ന സ്വന്തം വെബ്‌സൈറ്റിലൂടെ പറയുന്നു. പിന്നീട് ഭാര്യയും കുട്ടികളുമായി സൗദി അറേബ്യയിലേക്കെത്തി അറബി പഠിപ്പിക്കുകയാണ്. വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ സന്ദേശം നല്‍കുകയും ചില ആശുപത്രികളില്‍ ക്ലാസ് എടുക്കുകയും ചെയ്യാറുണ്ട്.