| Saturday, 30th May 2020, 2:09 pm

'ആ പ്രശ്‌നങ്ങള്‍ ഇനിയില്ല'; ബെവ്ക്യൂ ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി, ഇന്നത്തെ ടോക്കണ്‍ കഴിയാറായെന്ന് കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യ വിതരണത്തിനായുള്ള വെല്‍ച്വല്‍ ക്യൂ ഒരുക്കിയ ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ എത്തിയിട്ട് മൂന്ന് ദിവസം ആയിരിക്കുകയാണ്. ഈ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലേറെപ്പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെന്ന് ബെവ്ക്യൂ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ്. ഇന്നത്തേക്കുള്ള 96 ശതമാനം ടോക്കണുകളും വിതരണം ചെയ്ത് കഴിഞ്ഞെന്നും കമ്പനി അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ടോക്കണ്‍ വിതരണം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും 4.05 ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ ബെവ്‌കോ-കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകളിലേക്കും ബിയര്‍-വൈന്‍ പാര്‍ലറുകളിലേക്കും ഇന്ന് ടോക്കണ്‍ വിതരണം നടന്നെന്നും കമ്പനി വ്യക്തമാക്കി.

ബെവ് ക്യൂ ആപ്പ് ഉപയോഗിച്ചും എസ്.എം.എസ് വഴിയും 27 ലക്ഷം ആളുകള്‍ ഇതിനോടകം ബെവ്ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തു. ബെവ്‌കോ നിര്‍ദ്ദേശപ്രകാരമാണ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.

ദൂരസ്ഥലത്തുള്ള മദ്യശാലകളിലേക്ക് ടോക്കണ്‍ കിട്ടുന്നതായി ഉപഭോക്താകള്‍ പരാതിപ്പെടുന്നുണ്ട്. ആപ്പില്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപത് കിലോമീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകളിലേക്കാണ് ടോക്കണ്‍ നല്‍കുന്നതെന്നും ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു.

ആദ്യഘട്ടത്തില്‍ പിന്‍കോഡിന് ഏറ്റവും അടുത്തുള്ള മദ്യശാലയിലേക്കാണ് ടോക്കണ്‍ നല്‍കിയിരുന്നത്. ബെവ്‌കോ ചില്ലറ വില്‍പനശാലകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യത്തിന് ഒരേ വിലയാണെന്നും അതിനാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറില്‍ പോകാന്‍ മടിക്കേണ്ടെന്നും കമ്പനി പറയുന്നു.

ആപ്പലെ തടസങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. ഇനിയും പ്രതിസന്ധി ഉണ്ടാവുകയാണെങ്കില്‍ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു വീണ്ടും ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഡാറ്റ ക്ലിയര്‍ ചെയ്ത് ഉപയോഗിക്കുകയോ വേണമെന്നും കമ്പനി അറിയിച്ചു.

അതേസമയം, ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന സംവിധാനം ബെവ്‌കോ നിര്‍ത്തിവെച്ചു. ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ മദ്യം നല്‍കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ഷോപ്പുകള്‍ക്ക് കൈമാറി.

ബെവ്ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ടോക്കണ്‍ ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടോക്കണ്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മദ്യ ശാലകള്‍ക്ക് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more