| Thursday, 28th May 2020, 8:34 am

ആപ്പും ടോക്കണും റെഡി; സംസ്ഥാനത്ത് മദ്യ വില്‍പന ഇന്നുമുതല്‍, സമയക്രമം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മദ്യ വില്‍പന ഇന്നുമുതല്‍ പുനരാരംഭിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിനായി ഏര്‍പ്പാടാക്കിയ ബെവ് ക്യൂ ആപ്പില്‍ നിന്നും ടോക്കണ്‍ ലഭിച്ചവര്‍ക്ക് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍നിന്നും മദ്യം വാങ്ങാം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് വില്‍പന.

ബുധനാഴ്ച രാത്രിയോടെയാണ് ബെവ് ക്യൂ ആപ്പിന്റെ സേവനം ലഭ്യമായിത്തുടങ്ങിയത്. എസ്.എം.എസ് സംവിധാനത്തിലൂടെയും ടോക്കണ്‍ ബുക്ക് ചെയ്യാം. ബെവ് ക്യൂ ആപ്പില്‍ രാവിലെ ആറുമുതല്‍ രാത്രി പത്തുമണിവരെ ടോക്കണ്‍ എടുക്കാനാവുമെന്നാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

ടോക്കണ്‍ ലഭിച്ചവര്‍ അതില്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് നിശ്ചയിച്ചിരിക്കുന്ന വില്‍പന കേന്ദ്രങ്ങളില്‍ പണമടച്ച് മദ്യം വാങ്ങണം. സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. മാസ്‌കും നിര്‍ബന്ധമാണ്. ബിവറേജസ് ഔട്ട് ലെറ്റിന്റേയോ ബാറിന്റേയോ മുന്നില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

മദ്യം വാങ്ങാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ടോക്കണ്‍ ബുക്ക് ചെയ്ത നമ്പറുള്ള ഫോണും കയ്യില്‍ കരുതണം. സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ വില്‍പന ശാലകള്‍, ബാറുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴിയാണ് വില്‍പന.

ബുക്കിങ്ങില്‍ ഒരാള്‍ വന്ന് കഴിഞ്ഞാല്‍ നാല് ദിവസത്തേക്ക് ആ നമ്പറില്‍ ബുക്ക് ചെയ്യാന്‍ പറ്റില്ല. ബുക്കിങ്ങില്‍ അനുമതി കിട്ടാത്ത ആരും മദ്യം വാങ്ങാന്‍ ബാറിന് മുന്നിലോ ഔട്ട് ലെറ്റിന് മുന്നിലോ വരാന്‍ പാടില്ലെന്നും ഇതെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച് സഹകരിക്കണമെന്നും മന്ത്രി അറിയിച്ചിരുന്നു.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ ആപ്പ് ലഭ്യമാകുമെന്നായിരുന്നു അറിയിപ്പെങ്കിലും രാത്രി പത്ത് മണി കഴിഞ്ഞതിന് ശേഷമാണ് ആപ്പ് ലഭ്യമായത്. ഇതിനെതിരെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more