തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടക്കണക്കില്‍ ബീവറേജസ് കോര്‍പറേഷനും. കെ.എസ്.ആര്‍.ടി.സിയാണ് നഷ്ടകണക്കില്‍ മുന്നില്‍, രണ്ടാമതായി കെ.എസ്.ഇ.ബിയാണ്. മൂന്നമതായാണ് ബീവറേജസ് കോര്‍പറേഷനുള്ളത്.
ബജറ്റിനൊപ്പം നിയമസഭയില്‍ അവതരിപ്പിച്ച പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2020-21 കാലയളവില്‍ 1976 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം. 1822 കോടി രൂപ കെ.എസ്.ഇ.ബിക്കും 1608 കോടി രൂപയുമാണ് ബീവറേജസ് കോര്‍പറേഷനുമാണ് നഷ്ടം.
ജല അതോറിറ്റി 504 കോടി, കെ.ടി.ഡി.എഫ്.സി 63.30 കോടി, കശുവണ്ടി വികസന കോര്‍പറേഷന്‍ 55.48 കോടി, സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ 39.44 കോടി, സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ 38.87 കോടി എന്നിങ്ങനെയാണ് നഷ്ടത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍.
നഷ്ടത്തിലാണെങ്കിലും വിറ്റുവരവിന്റെ കാര്യത്തില്‍ മുന്നിലാണ് കെ.എസ്.ഇ.ബി. 2020-21 കാലയളവില്‍ 14420 കോടിയാണ് കെ.എസ്.ഇ.ബിയുടെ വിറ്റുവരവ്. എന്നാല്‍ 2527 കോടിയുടെ വിറ്റുവരവാണ് ബീവറേജസ് കോര്‍പറേഷനിലുള്ളത്.
ജീവനക്കാരുടെ കാര്യത്തിലും കെ.എസ്.ഇ.ബിയാണ് മുന്നില്‍. 32,518 പേരാണ് കെ.എസ്.ഇ..ബിയിലുള്ളത്. 30,060 പേരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരായിട്ടുള്ളത്.
ലാഭകണക്കില്‍ മുന്നിലുള്ള 10 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് കെ.എസ്.എഫ്.ഇയാണ്. 2020-21 കാലയളവില്‍ 146.41 കോടി രൂപയാണ് കെ.എസ്.എഫ്.ഇക്ക് ലാഭമുണ്ടായത്.
രണ്ടാമത് 85.28 കോടിയുടെ ലാഭത്തോടെ കെ.എം.എം.എല്ലാണുള്ളത്. 36.07 കോടി ലാഭം നേടിയ കേരള ഫീഡ്‌സാണ് മൂന്നാമത്.
ഇന്‍ഡസ്ട്രീയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ 26.62 കോടി, സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ 23.60 കോടി, കെ.എം.എസ്.സി.എല്‍ 22.89 കോടി, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി 17.80 കോടി, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ 16.92 കോടി, സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് 15.75 കോടി, ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ 15.48 കോടി എന്നിങ്ങനെയാണ് ലാഭത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍.
Content Highlights: Beverages Corporation and KSEB make losses; KSFE in profit