| Sunday, 18th July 2021, 8:39 am

സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശമില്ല; ഞായറാഴ്ച മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്‌കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണ്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്‌കോ. സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ മദ്യശാലകള്‍ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ലാത്തതിനാലാണ് മദ്യശാലകള്‍ തുറക്കാത്തതെന്നാണ് ബെവ്‌കോ അറിയിച്ചത്. ഞായറാഴ്ച മദ്യശാലകള്‍ തുറക്കുമെന്നായിരുന്നു ബെവ്‌കോ നേരത്തേ അറിയിച്ചത്.

അതേസമയം, ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വാരാന്ത്യ ലോക്ഡൗണില്‍ ഇളവ് നല്‍കി കടകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ലെന്ന നിലപാടിലാണ് പോലീസ്. ജൂലൈ 18, 19, 20 തിയതികളിലാണ് ലോക്ഡൗണില്‍ ഇളവ് ഉണ്ടാകുക.

ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന(പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി 8 മണിവരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Bevco says liquor stores will not open in Sunday

We use cookies to give you the best possible experience. Learn more