കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടി. ദേശീയ പാതയോരത്തെ ഔട്ടലെറ്റുകള്‍ പൂട്ടിയത് മൂലമുള്ള തിരക്ക് കണക്കിലെടുത്താണ് പ്രവര്‍ത്തന സമയത്തില്‍ ഒരു മണിക്കൂര്‍ വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ബെവ്‌കോ എംഡി ഉത്തരവ് പുറപ്പെടുവിച്ചു.
രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണു പുതിയ പ്രവര്‍ത്തന സമയം. ഇതുവരെ ഇത് രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെയായിരുന്നു ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ദേശീയ-സംസ്ഥാന പാതയോരത്തെ അടച്ചുപൂട്ടപ്പെട്ട മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുവരെയാകും പുതിയ പ്രവര്‍ത്തന സമയം.
ദേശീയ പാതയോരത്തു നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു മദ്യശാലകള്‍ കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നത്. ഇതേതുടര്‍ന്ന് ബാക്കിയുള്ള മദ്യശാലകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും പൊലീസ് സംഘമാണ് ക്യൂ നിയന്ത്രിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താന്‍ ബെവ്‌കോ തീരുമാനിച്ചത്്.
സുപ്രീംകോടതി വിധിയോടെ സംസ്ഥാനത്ത് 1956 മദ്യശാലകളാണ് പൂട്ടിയത്. ഇത്രയധികം ബാറുകള്‍ പൂട്ടിയാല്‍ അത് സംസ്ഥാനത്തിന്റെ വരുമാനത്തെ തന്നെ വിപരീതമായി ബാധിക്കുമെന്ന് നേരത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.