തിരുവനന്തപുരം: മദ്യ വില്‍പനയ്ക്കുള്ള വെല്‍ച്വല്‍ ക്യൂവിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പ് പിന്‍വലിക്കാനൊരുങ്ങുന്നു. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇളവ് അനുവദിച്ചേക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതോടെയാണ് ബെവ് ക്യൂ ആപ്പ് ഒഴിവാക്കുന്നത്.
ബെവ്‌കോ വഴിയുള്ള മദ്യ വില്‍പന കൂടാതിരുന്നതും ആപ്പ് ഒഴിവാക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യ വില്‍പന കൂടാത്തത് പണ ലഭ്യത കുറഞ്ഞതുകൊണ്ടാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ അനുമാനം.
ആപ്പില്‍ നിന്നും ടോക്കണുകള്‍ കൂടുതലായും എത്തുന്നത് ബാറുകളിലേക്കാണെന്ന് ബിവറേജസ് കോര്‍പറേഷന്‍ പരാതിപ്പെട്ടിരുന്നു. ആപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഔട്ട്‌ലറ്റുകള്‍ പൂട്ടേണ്ടി വരുമെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ ആശങ്ക.
കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ 49,000 മാത്രമാണ് ബിവറേജസ് ഔട്‌ലറ്റിനു കിട്ടിയത്. ബെവ്കോ ഔട്ട്‌ലറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലാണ്.
നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് മാര്‍ച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോര്‍പറേഷന് ശനിയാഴ്ച വില്‍ക്കാനായത് 17 കോടിയുടെ മദ്യം മാത്രംമാണ്. സാധാരണ ഞായര്‍ അവധി ദിവസമായതിനാല്‍ ശനിയാഴ്ച കൂടുതല്‍ വില്‍പന നടക്കേണ്ടതായിരുന്നു. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചും. ഇതോടെയാണ് ആപ്പിനെതിരെ കോര്‍പറേഷന്‍ രംഗത്തെത്തിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമരകത്തുള്ള ഔട്ട്ലെറ്റില്‍ പതിനൊന്നു മണി വരെ എത്തിയത് രണ്ടു ടോക്കണ്‍ മാത്രമാണ്. അതേസമയം, സമീപത്തുള്ള ബാറുകളില്‍ നീണ്ട നിരയും ഉണ്ടായി. ഇതോടെ ഔട്ട്ലറ്റ് മാനേജര്‍മാര്‍ പരാതിയുമായി കോര്‍പറേഷനെ സമീപിക്കുകയായിരുന്നു.\
ഉപഭോക്താവ് റജിസ്റ്റര്‍ ചെയ്യുന്ന പിന്‍ കോഡ് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കണ്‍, സിസ്റ്റം തന്നെ ജനറേറ്റു ചെയ്യുന്നുവെന്നാണ് ഫെയര്‍കോഡ് നല്‍കിയ മറുപടി. ആദ്യം ഔട്ട്ലറ്റില്‍ ടോക്കണ്‍ നല്‍കുക, അതിനു ശേഷം ബാറുകള്‍ക്ക് എന്നാണ് ഫെയര്‍ കോഡിനോട് ബിവറേജസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക