പന്തയവും ചൂതാട്ടവും നിയമവിധേയമാക്കാന്‍ നിയമകമ്മീഷന്റെ ശുപാര്‍ശ: ലക്ഷ്യം നികുതി വരുമാനം
national news
പന്തയവും ചൂതാട്ടവും നിയമവിധേയമാക്കാന്‍ നിയമകമ്മീഷന്റെ ശുപാര്‍ശ: ലക്ഷ്യം നികുതി വരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2018, 12:31 am

ന്യൂദല്‍ഹി: സ്പോര്‍ട്സ് കളികള്‍ക്ക് അനുബന്ധമായി നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് നിയമകമ്മീഷന്റെ ശുപാര്‍ശ. നിരോധനം ഫലപ്രദമല്ലെന്നും നിയന്ത്രണം മതിയാകുമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്.

പന്തയവും ചൂതാട്ടവും നിരോധിച്ചത് ഫലം കാണുന്നില്ലെന്നും ഇത് കള്ളപ്പണ വിനിമയത്തിന് വഴിയൊരുക്കുന്നു എന്നുമാണ് നിയമകമ്മീഷന്റെ കണ്ടെത്തല്‍. നിയമവിധേയമാക്കുന്നതിനൊപ്പം ഒത്തുകളിയും കള്ളക്കളികളും തടയാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും കമ്മീഷന്റെ ശുപാര്‍ശയിലുണ്ട്.


Also Read:  മലയാളത്തിലെക്ക് പുതിയൊരു സംവിധായിക കൂടി; മൈസ്റ്റോറി തിയേറ്ററുകളിലേക്ക്


ജസ്റ്റിസ് ബി.എസ് ചൗഹാന്‍ ചെയര്‍മാനായ പാനലാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ഉപാധികളോടെ പന്തയവും ചൂതാട്ടവും അംഗീകരിച്ച് അതിലൂടെ നികുതി വരുമാനമുണ്ടാക്കാമെന്നും കമ്മീഷന്‍ പറയുന്നു.

പന്തയത്തിലൂടെ നേടുന്ന വരുമാനം നികുതി വിധേയമാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് ശുപാര്‍ശ തയ്യാറാക്കിയത്.

മഹാഭാരതത്തില്‍ നിന്ന് വരെ കമ്മീഷന്‍ ഇതിനായി ഉദാഹരണം ശുപാര്‍ശയില്‍ ചേര്‍ത്തിട്ടുണ്ട്. നിലവില്‍ അശ്വാഭ്യാസത്തിന് മാത്രമാണ് പന്തയം നിയപ്രകാരം അനുവദിച്ചിട്ടുള്ളത്.


Also Read:  എം.ഐ എ2 ഉടന്‍ വരുമെന്ന് സൂചനകള്‍; ഫോണിന്റെ ചിത്രം ചോര്‍ത്തിയെടുത്ത് സ്വകാര്യ വെബ്‌സൈറ്റ്


28 ശതമാനമാണ് ഇതിലെ വരുമാനത്തിലുള്ള ജി.എസ്.ടി നിരക്ക്. കൂടാതെ കാസിനോകളിലേയ്ക്കും ഓണ്‍ലൈന്‍ ഗെയിം വ്യവസായത്തിലേക്കും നിക്ഷേപം എത്താനായി വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തണമെന്നും ശുപാര്‍ശയുണ്ട്.

അതുപോലെ ഇടപാടുകള്‍ കാഷ് ലെസാക്കണം. 9.6 ലക്ഷം കോടിയാണ് ഇന്ത്യയിലെ പന്തയവിപണിയെന്നാണ് അനൗദ്യോഗിക കണക്ക്. നിയമവിധേയമാക്കുന്നതിലൂടെ ആയിരക്കണക്കിന് കോടികള്‍ നികുതിയായി നേടാമെന്നും കണക്കുകൂട്ടുന്നു.