| Monday, 24th May 2021, 8:38 pm

'ഫംഗസ് രോഗങ്ങളുടെ ശരിയായ പേര് പറയണം'; നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീകരണം ആശങ്കയുണ്ടാക്കുമെന്ന് എയിംസ് ഡയരക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിന് പിന്നാലെ രാജ്യത്ത് പടരുന്ന ഫംഗസ് രോഗങ്ങളുടെ പേരുകള്‍ കൃത്യമായി ഉപയോഗിക്കണമെന്ന് എയിംസ് ഡയരക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നൊക്കെ പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രോഗത്തിന്റെ ശരിയായ പേരുപയോഗിക്കുന്നതാണ് നല്ലത്. കാരണം ഫംഗസുകള്‍ അവ പ്രത്യക്ഷപ്പെടുന്ന ശരീരത്തിനനുസരിച്ച് നിറത്തിലും വ്യത്യാസമുണ്ടായിരിക്കും. അത്തരത്തില്‍ നിറത്തിന്റെ പേരില്‍ ഫംഗസ് രോഗങ്ങളുടെ പേരുപയോഗിക്കരുതെന്ന് ഗുലേറിയ പറഞ്ഞു.

മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗമെന്ന് ഗുലേറിയ പറഞ്ഞു. ആ പേര് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു.

മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയ്ക്ക് കാരണമായേക്കാം.

അതേസമയം രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ യെല്ലോ ഫംഗസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മറ്റ് ഫംഗല്‍ അണുബാധയേക്കാള്‍ മാരകമാണ് യെല്ലോ ഫംഗസ് ബാധയെന്നാണ് വിദഗ്ധാഭിപ്രായം. രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗിയില്‍ നേരത്തെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും സ്ഥിരീകരിച്ചിരുന്നു. യെല്ലോ ഫംഗസ് സാധാരണ കണ്ടുവരുന്നത് ഉരഗവര്‍ഗങ്ങളിലാണ്.

ആദ്യമായാണ് മനുഷ്യരിലെ യെല്ലോ ഫംഗസ് ബാധയെക്കുറിച്ച് അറിയുന്നതെന്ന് രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ബ്രിജി പാല്‍ ത്യാഗി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Better to address fungal infections by name rather than colour to avoid confusion Says  Dr Randeep Guleria

We use cookies to give you the best possible experience. Learn more