മികച്ച സംഘാടനം; ഇനിയുള്ള ഫുട്ബോൾ ടൂർണമെന്റുകളെല്ലാം മിഡിൽ ഈസ്റ്റിൽ നടക്കട്ടെ: കെവിൻ പീറ്റേഴ്സൺ
2022 FIFA World Cup
മികച്ച സംഘാടനം; ഇനിയുള്ള ഫുട്ബോൾ ടൂർണമെന്റുകളെല്ലാം മിഡിൽ ഈസ്റ്റിൽ നടക്കട്ടെ: കെവിൻ പീറ്റേഴ്സൺ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th December 2022, 9:37 am

ഫിഫ ലോകകപ്പ് ഫുട്ബോൾ ഖത്തർ എഡിഷൻ അവസാനിച്ചിരിക്കുകയാണ്. ആദ്യമായി ഒരു അറബ് രാജ്യത്ത് നടത്തപ്പെടുന്ന ഫുട്ബോൾ ലോകകപ്പ് എന്ന രീതിയിൽ ശ്രദ്ധേയമായ ലോകകപ്പിന്റെ സംഘാടകരായ ഖത്തറിന് ലോകകപ്പ് നടത്തിപ്പിന്റെ പേരിൽ നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

ഇപ്പോൾ മുൻ ഇംഗ്ലീഷ് ക്രിക്കറ്റ്‌ താരം കെവിൻ പീറ്റേഴ്സണും ഖത്തറിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് രംഗത്തെ
ത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ആണ് താരം ഖത്തറിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

“ഹൂളിഗൻസ് ഇല്ലാത്ത ഒരു ഫുട്ബോൾ ടൂർണമെന്റ്, കഴിഞ്ഞ വർഷം വെബ്ലിയിൽ നടന്നത് പോലെയുള്ള അനിഷ്ട സംഭവങ്ങളൊന്നും ഇവിടെ കാണൻ സാധിക്കില്ല. ചിലപ്പോൾ എല്ലാ ഫുട്ബോൾ ടൂർണമെന്റുകളും മിഡിൽ ഈസ്റ്റിൽ സംഘടിപ്പിക്കാൻ സാധിച്ചേക്കും. അങ്ങനെയെങ്കിൽ മികച്ച എക്സ്പീരിയൻസ് തന്നെ ആരാധകർക്ക് ലഭിക്കും,’ അദ്ദേഹം പോസ്റ്റ്‌ ചെയ്തു.

നേരത്തെ ഫിഫയും ചരിത്രത്തിലെ തന്നെ മികച്ച ലോകകപ്പ് എന്ന് ഖത്തർ ലോകകപ്പിനെ വിശേഷിപ്പിച്ചിരുന്നു.
ഇതാദ്യമായല്ല പീറ്റേഴ്സൺ ഖത്തർ ലോകകപ്പ് സംഘാടനത്തിന് അഭിനന്ദന പ്രവാഹം നടത്തുന്നത്.

“ഖത്തർ, സൗദി, ദുബായ് എന്നിവിടങ്ങളിൽ കുറച്ച് നാളായിട്ട് ഞാൻ ഉണ്ട്. മിഡിൽ ഈസ്റ്റ്‌ കുതിപ്പ് നടത്തികൊണ്ടിരിക്കുന്നു. അവർ സാമ്പത്തികസ്ഥിരത കൈവരിക്കുകയും വളരുകയും സുരക്ഷയിലും വിദ്യാഭാസത്തിലും നേട്ടം കൈവരിക്കുകയും ചെയ്തു. കൂടാതെ ഇവിടെ എല്ലാവരും ചിരിക്കുകയാണ്. എത്രത്തോളം പേർ യൂറോപ്പ് വിട്ട് മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറുമെന്ന് കണ്ടു തന്നെ അറിയണം,’

ഡിസംബർ 14ന് അദ്ധേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പീറ്റേഴ്സന്റെ അഭിപ്രായത്തിനെതിരെ പാശ്ചാത്യ ലോകത്ത് നിന്നും നിരവധി പ്രതിഷേധങ്ങൾ ഉയർന്ന് വരുന്നുണ്ട്. ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ മരണം, എൽ.ജി.ബി.ടി.ക്യൂ അവകാശ നിഷേധം, സ്ത്രീ സ്വാതന്ത്ര്യം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് പീറ്റേഴ്സണെതിരെ വിമർശനങ്ങൾ ഉയർന്ന് വരുന്നത്.

അതേസമയം മുൻ ചാമ്പ്യൻമാരായിരുന്ന ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ 1978,1986 എന്നീ വർഷങ്ങൾക്ക് ശേഷം മൂന്നാം ലോകകിരീടം സ്വന്തമാക്കാൻ മെസിക്കും കൂട്ടർക്കുമായി.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.

Content Highlights:Better organization; All future football tournaments should be held in the Middle East: Kevin Pietersen