ഉണ്ണിയേശുവിന്റെ ബെത്‌ലഹേമിൽ ഈ വർഷം ക്രിസ്മസില്ല; ഗസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചർച്ചുകൾ
World News
ഉണ്ണിയേശുവിന്റെ ബെത്‌ലഹേമിൽ ഈ വർഷം ക്രിസ്മസില്ല; ഗസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചർച്ചുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th December 2023, 4:12 pm

ജെറുസലേം: ഗസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി ബെത്‌ലഹേമിലെ ചർച്ചുകൾ. യേശുവിന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്‌ലഹേമിലെ ആഘോഷങ്ങളിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്.

വെസ്റ്റ് ബാങ്കിനോട് ചേർന്ന് ജെറുസലേമിലാണ് ബെത്‌ലഹേം സ്ഥിതി ചെയ്യുന്നത്. ആധുനിക കാല ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ചതിനുശേഷം ആദ്യമായി ഈ പ്രാവശ്യം ബെത്‌ലഹേമിലെ മാങ്കർ സ്ക്വയറിലെ ട്രീയും യേശുവിന്റെ ജന്മസ്ഥലവും ക്രിസ്മസ് ലൈറ്റുകൾ കൊണ്ട് അലങ്കരിക്കില്ല.

ഇപ്പോൾ ആഘോഷങ്ങൾ നടത്തുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ നേതാക്കളും മുനിസിപ്പൽ അതോറിറ്റിയും പരിപാടികൾ റദ്ദാക്കുന്നതായി അറിയിച്ചിരുന്നു.

ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു എന്നും ബെത്‌ലഹേമിലെ പ്രാദേശിക ഇവാഞ്ചലിക്കൽ ചർച്ചസിന്റെ കൗൺസിൽ അധ്യക്ഷൻ മുനീർ കാക്കിഷ് (Munir Kakish) പറഞ്ഞു.

പരമ്പരാഗതമായ ആചാരങ്ങളും പ്രാർത്ഥനകളും മാത്രമേ നടത്തുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ബെത്‌ലഹേമിലെ ഇവാഞ്ചലിക്കൽ ലൂഥറൻ ക്രിസ്മസ് ചർച്ചിൽ ഈ വർഷവും പുൽക്കൂട് ഒരുക്കിയിട്ടുണ്ട്. എന്നാൽ ചുറ്റുമുള്ള രക്ഷിതാക്കൾ, ആട്ടിടയന്മാർ, മാലാഖമാർ എന്നിവരാൽ ചുറ്റപ്പെട്ട ഉണ്ണിയേശുവിന് പകരം തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന പാവയെയാണ് ഇവിടെ ഒരുക്കിയത്.

Content Highlight: Bethlehem, the birthplace of Jesus Christ, cancels Christmas in solidarity with Gaza