| Monday, 22nd May 2023, 11:48 pm

പ്ലേ ഓഫ് കളിക്കാത്തവരുടെ ബെസ്റ്റ് ഇലവനില്‍ ഡുപ്ലെസിയും കോഹ്‌ലിയും; തകര്‍പ്പന്‍ ടീം ലിസ്റ്റ് ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പ്ലേ ഓഫിന് ക്വാളിഫൈ ചെയ്യാത്ത ടീമുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട താരങ്ങളെ ഉള്‍പ്പെടുത്തി ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് പ്രമുഖ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് മാധ്യമമായ സ്‌പോര്‍ട്‌സ്‌കീട. ടൂര്‍ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഒരുപിടി താരങ്ങള്‍ക്കാണ് ബെസ്റ്റ് ഇലവനില്‍ അവസരം നല്‍കിയിട്ടുള്ളത്.

14 മാച്ചുകളില്‍ നിന്നും 56.1 ബാറ്റിങ് ശരാശരിയോടെ 730 റണ്‍സ് വാരിയ ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസിയാണ് ടീമിന്റെ ഓപ്പണറും നായകനും. എട്ട് ഫിഫ്റ്റികളും താരം നേടിയിരുന്നു.

സീസണിലെ ടോപ് സ്‌കോററും രാജസ്ഥാന്‍ റോയല്‍സിന്റെ അണ്‍കാപ്ഡ് താരവുമായ യശസ്വി ജെയ്‌സ്വാളാണ് സഹ ഓപ്പണര്‍. 21കാരനായ താരം 163 സ്‌ട്രൈക്ക് റേറ്റിലാണ് സീസണില്‍ നിന്ന് 625 റണ്‍സ് അടിച്ചെടുത്തത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങളായ വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് മൂന്നും നാലും പൊസിഷനുകളില്‍ കളിക്കുന്നത്. ഇരുവരും തകര്‍പ്പന്‍ ഫോമിലായിരുന്നു. 53.25 ശരാശരിയില്‍ രണ്ട് സെഞ്ച്വറിയും ആറ് ഫിഫ്റ്റിയും സഹിതം 639 റണ്‍സ് നേടിയ കിങ് കോഹ്‌ലി വണ്‍ഡൗണ്‍ പൊസിഷനിലാണ് കളിക്കുക.

183 സ്‌ട്രൈക്ക് റേറ്റില്‍ 400 റണ്‍സെടുത്ത മാക്‌സ്‌വെല്‍ നാലാമതെത്തും. ഹൈദരാബാദ് താരം ഹെയ്ന്റിച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), കൊല്‍ക്കത്തയുടെ ക്ലാസ് ഫിനിഷര്‍ റിങ്കു സിങ് എന്നിവരാണ് അഞ്ചും ആറും പൊസിഷനില്‍ കളിക്കുന്നത്.

സ്പിന്നര്‍മാരായി ദല്‍ഹി ക്യാപിറ്റല്‍സിന്റെ അക്‌സര്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി, രാജസ്ഥാന്റെ യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമിലെത്തിയത്. ചഹല്‍ ഇരുപത്തൊന്നും, വരുണ്‍ ഇരുപതും വിക്കറ്റെടുത്തിരുന്നു.

ദല്‍ഹിയുടെ സെക്കന്‍ഡ് ടോപ് സ്‌കോററായ അക്‌സര്‍ 11 വിക്കറ്റും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചിരുന്നു. പേസര്‍മാരായി രാജസ്ഥാന്‍ റോയല്‍സിന്റെ ട്രെന്റ് ബോള്‍ട്ടും ആര്‍.സി.ബിയുടെ മൊഹമ്മദ് സിറാജുമാണ് ബെസ്റ്റ് ഇലവനില്‍ ഇടംപിടിച്ചത്.

ടീം: ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹെയ്ന്റിച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ് , അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, യുസ്‌വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട്, മൊഹമ്മദ് സിറാജ്.

content highlights: Best XI from the Teams who failed to Qualify in the IPL 2023 Play-offs

We use cookies to give you the best possible experience. Learn more