|

ഒസീസ് എട്ടാമത്, പാകിസ്ഥാന്‍ നാലാമത്, ധോണിയുടെ സി.എസ്.കെ രണ്ടാം സ്ഥാനത്ത്; വിജയത്തില്‍ ഒന്നാമതാര്?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് പിന്നാലെ വനിതാ പ്രീമിയര്‍ ലീഗിനും ഐ.പി.എല്ലിനും വേണ്ടിയാണ് ടി-20 ആരാധകര്‍ കാത്തിരിക്കുന്നത്. വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന്‍ ഫെബ്രുവരി 14ന് ആരംഭിക്കുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മാര്‍ച്ച് 21നാണ് ഐ.പി.എല്‍ ആരവങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഇംഗ്ലണ്ട് – ഇന്ത്യ ടി-20 പരമ്പരയില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തങ്ങളുടെ മേല്‍ക്കൈ നിലനിര്‍ത്താനും ഇന്ത്യക്ക് സാധിച്ചു.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച വിജയശതമാനമുള്ള ടീമുകളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു (ചുരുങ്ങിയത് 200 മത്സരങ്ങള്‍ കളിച്ച ടീമുകള്‍) 66.93 വിജയശതമാനമാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്.

രണ്ടാം സ്ഥാനത്ത് ഐ.പി.എല്‍ സൂപ്പര്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. 58.17 ശതമാനമാണ് സൂപ്പര്‍ കിങ്‌സിനുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

കൗണ്ടി ടീമായ ലങ്കാഷെയര്‍ (ലങ്കാഷെയര്‍ ലൈറ്റ്‌നിങ്‌) മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പാകിസ്ഥാനാണ് നാലാം സ്ഥാനത്തുള്ളത്.

ലങ്കാഷെയര്‍ ലൈറ്റ്‌നിങ്‌

വിജയശതമാനങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ മൂന്ന് ദേശീയ ടീമുകള്‍ മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയിട്ടുള്ളത്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ഓസ്‌ട്രേലിയയാണ് പട്ടികയിലെ മറ്റൊരു ടീം.

ഏറ്റവും മികച്ച വിജയശതമാനമുള്ള ടി-20 ടീമുകള്‍ (ചുരുങ്ങിയത് 200 മത്സരം)

(ടീം – വിജയശതമാനം എന്നീ ക്രമത്തില്‍)

ഇന്ത്യ – 66.93%

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 58.17%

ലങ്കാഷെയര്‍ (ലങ്കാഷെയര്‍ ലൈറ്റ്‌നിങ്) – 57.69%

പാകിസ്ഥാന്‍ – 57.19%

നോട്ടിങ്ഹാംഷെയര്‍ (നോട്ട്‌സ് ഔട്ട്‌ലോസ്) – 56.58%

മൊമെന്റം മള്‍ട്ടിപ്ലൈ ടൈറ്റന്‍സ് – 56.37%

വാര്‍വിക്‌ഷെയര്‍ (ബെര്‍മിങ്ഹാം ബെയേഴ്‌സ്) – 55.47%

ഓസ്‌ട്രേലിയ – 55.17%

മുംബൈ ഇന്ത്യന്‍സ് – 54.06%

സറേ – 53.50%

ഇതില്‍ ലങ്കാഷെയര്‍, നോട്ടിങ്ഹാംഷെയര്‍, വാര്‍വിക്‌ഷെയര്‍, സറേ ടീമുകള്‍ വൈറ്റാലിറ്റി ടി-20 ബ്ലാസ്റ്റിലാണ് കളിക്കുന്നത്. സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഐ.പി.എല്ലിന്റെ ഭാഗമാകുമ്പോള്‍ ടൈറ്റന്‍സ് സൗത്ത് ആഫ്രിക്കന്‍ ലീഗായ സി.എസ്.എ ടി-20 ചലഞ്ചിലുമാണ് കളിക്കുന്നത്.

കണക്കുകള്‍ ക്രിക്കറ്റ് ഗള്ളി

Content Highlight: Best win percentage of T20 teams