| Saturday, 25th November 2023, 2:31 pm

ന്യൂസിലാന്‍ഡെന്നാല്‍ നമുക്ക് ക്രിക്കറ്റാണ്, എന്നാല്‍ അതൊരു ന്യൂസിലാന്‍ഡുകാരനോട് ചോദിച്ചാലോ? പരിചയപ്പെടാം ദി മോസ്റ്റ് ഫിസിക്കല്‍ ഗെയിമനെ

ആദര്‍ശ് എം.കെ.

പൊതുവെ കായിക പ്രേമികളാണ് മലയാളികള്‍. ക്രിക്കറ്റും ഫുട്ബോളും വോളിബോളും ബാഡ്മിന്റണും ഒരുപരിധി വരെ ടെന്നീസും മലയാളികളുടെ ഇടനെഞ്ചില്‍ സ്ഥാനം പിടിച്ചതാണ്. പാടവരമ്പത്ത് ക്രിക്കറ്റും ഫുട്ബോളും കളിച്ച് വേള്‍ഡ് കപ്പ് വരുമ്പോള്‍ സ്വന്തം ടീമിനായി ബെറ്റ് വെച്ചും പോരടിച്ചും മലയാളി തന്റെ കായിക പാരമ്പര്യത്തെ വീര്യം കെടാതെ കൊണ്ടുനടക്കുകയാണ്.

എന്നാല്‍ കായിക ലോകത്ത് ഏറെ ആരാധകരുള്ള ഒരു മത്സരം മലയാളികള്‍ക്കിടയില്‍ ഇന്നും വേണ്ടത്ര വേരാഴ്ത്തിയിട്ടില്ല. ദി മോസ്റ്റ് ഫിസിക്കല്‍ ഗെയിം എന്ന് വിശേഷിപ്പിക്കാവുന്ന റഗ്ബിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഈ കളിയെ കുറിച്ചു ഭൂരിഭാഗം മലയാളികള്‍ക്കും വേണ്ടത്ര അറിവോ ചിലപ്പോള്‍ കേട്ടുകേള്‍വിയോ ഉണ്ടാകാനിടയില്ല. ഇതിനെ കുറിച്ച് കേട്ടവര്‍ക്കാകട്ടെ കളിയുടെ നിയമങ്ങളെ കുറിച്ചും വലിയ ധാരണയുണ്ടാകില്ല.

ഗ്രൗണ്ടിലെ ഓരോ പുല്‍നാമ്പുകളെയും കോരിത്തരിപ്പിക്കുന്ന, മറ്റേത് മത്സരത്തേക്കാളും ഫിസിക്കലായ, അക്ഷരാര്‍ത്ഥത്തില്‍ ബ്രൂട്ടലായ ഒരു ഗെയിം. അതാണ് റഗ്ബി.

ക്രിക്കറ്റും ഫുട്ബോളും പോലെ ലോകത്ത് ഏറെ ആരാധകരുള്ള ദേശീയ കായികവിനോദമാണ് റഗ്ബി. ന്യൂസിലാന്‍ഡിന്റെ കായിക വിനോദമായ റഗ്ബി ഇന്ന് കായിക ലോകത്തെ ആവേശം കൊള്ളിക്കുന്ന ഗെയിമുകളില്‍ ഒന്നായി വളര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. ഓരോ ട്രൈയും ടാക്കിളുകളും ഡ്രോപ് കിക്കുകളും അതിലേറെ വിശേഷപ്പെട്ട സ്‌കില്ലുകളുമായി റഗ്ബി ലോകമെമ്പാടുമുള്ള ആരാധകരെ ഹരം കൊള്ളിക്കുകയാണ്.

മറ്റ് മത്സരങ്ങളെ പോലെ തന്നെ വേള്‍ഡ് കപ്പും റഗ്ബിക്കുണ്ട്. റഗ്ബിയിലെ എക്കാലത്തേയും മികച്ച ടീമുകളേയും താരങ്ങളേയും പരിചയപ്പെടാം.

സൗത്ത് ആഫ്രിക്ക

വിളിപ്പേര്: സ്പ്രിങ്ബോക്സ് – Springboks
നേട്ടം: ചാമ്പ്യന്‍മാര്‍ (നാല് തവണ)

സ്പ്രിങ്‌ബോക്‌സ് എന്ന് വിളിപ്പേരുള്ള സൗത്ത് ആഫ്രിക്കയാണ് ഇവരില്‍ പ്രധാനികള്‍. ഗ്രൗണ്ടില്‍ സ്പ്രിങ്ബോക് എന്ന കാട്ടുമാനിനെ പോലെ വേഗതകൊണ്ട് ഇതിഹാസം രചിച്ചവരാണ് ദക്ഷിണാഫ്രിക്കയുടെ ഈ കരുത്തര്‍.

റഗ്ബി വേള്‍ഡ് കപ്പില്‍ ഏറ്റവുമധികം തവണ ലോകകിരീടം നേടിയ ടീമാണ് സ്പ്രിങ്‌ബോക്‌സ്. 2023ലെ ഫ്രാന്‍സ് ലോകകപ്പില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെ ഒരു പോയിന്റിന് തകര്‍ത്ത് സിയ കോളിസിയും സംഘവും നാലാമത് കിരീടം തങ്ങളുടെ ശിരസിലണിയുകയായിരുന്നു.

1995ലും 2007ലും ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്ക 2019ലും ആ നേട്ടം ആവര്‍ത്തിച്ചു. ന്യൂസിലാന്‍ഡിന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാകാനും ഇതോടെ സൗത്ത് ആഫ്രിക്കക്കായി.

ന്യൂസിലാന്‍ഡ്

വിളിപ്പേര്: ഓള്‍ ബ്ലാക്സ് – All Blacks (പുരുഷ ടീം), ബ്ലാക് ഫേണ്‍സ് – Black Ferns (വനിതാ ടീം)
നേട്ടങ്ങള്‍: ചാമ്പ്യന്‍മാര്‍ (മൂന്ന് തവണ)

ന്യൂസിലാന്‍ഡിനെ ഏറ്റവും പ്രശസ്തമാക്കിയ കളി ഏതെന്ന് ചോദിച്ചാല്‍ പലരുടേയും ഉത്തരം ക്രിക്കറ്റ് എന്നായിരിക്കും. മാര്‍ട്ടിന്‍ ക്രോയുംബ്രണ്ടന്‍മക്കെല്ലവും കെയ്ന്‍ വില്യംസണും ഡാനിയല്‍ വെറ്റോറിയും റോസ് ടെയ്ലറും ചേര്‍ന്ന് കായിക ലോകത്ത് ന്യൂസിലാന്‍ഡിനെ ക്രിക്കറ്റര്‍മാരുടെ നാടായി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതേ ചോദ്യം ഒരു ന്യൂസിലാന്‍ഡുകാരനോട് ചോദിക്കുകയാണെങ്കില്‍ സംശയലേശമന്യേ അവര്‍ പറയുന്നത് റഗ്ബിയെന്നായിരിക്കും.

ഈ ലോകകപ്പില്‍ തങ്ങളുടെ നാലാം കിരീടം വെറും ഒരു പോയിന്റ് വ്യത്യാസത്തില്‍ കൈവിട്ടുപോയ ന്യൂസിലാന്‍ഡാണ് റഗ്ബി യൂണിയനെ തന്നെ ഡിഫൈന്‍ ചെയ്യുന്ന ടീമുകളിലെ പ്രധാനികള്‍.

റഗ്ബിയിലെ ഏറ്റവും ഡോമിനേറ്റിങ് ആന്‍ഡ് സക്സസ്ഫുള്‍ ടീമിലൊന്നാണ് ന്യൂസിലാന്‍ഡ്. ഓരോ ന്യൂസിലാന്‍ഡുകാരന്റെയും രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് റഗ്ബി.

ഏതൊരു മത്സരത്തിനിറങ്ങുമ്പോഴും മഓരി (Maori) ഗോത്രവിഭാഗത്തിന്റെ വാര്‍ ഡാന്‍സായ ‘ഹാക്ക’ (Haka) ചെയ്തുകൊണ്ട് മത്സരത്തിന് മുമ്പ് തന്നെ എതിരാളികളില്‍ അധീശത്വം സ്ഥാപിക്കുന്ന ന്യൂസിലാന്‍ഡാണ് ഏറ്റവുമധികം തവണ ലോകചാമ്പ്യന്‍മാരായ രണ്ടാമത് ടീം.

1987ല്‍ ആരംഭിച്ച വേള്‍ഡ് കപ്പിലെ ഉദ്ഘാടന സീസണില്‍ തന്നെ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡ് രണ്ട് തവണ കൂടി ആ നേട്ടം ആവര്‍ത്തിച്ചു. 2011ലും 2015ലും കപ്പുയര്‍ത്തിയ ഓള്‍ ബ്ലാക്‌സ് ലോകകപ്പ് നിലനിര്‍ത്തിയ ആദ്യ ടീം എന്ന ഖ്യാതിയും റെക്കോഡും സ്വന്തമാക്കി.

ഓസ്ട്രേലിയ

വിളിപ്പേര്: വാലബീസ് – Wallabies
നേട്ടം: ചാമ്പ്യന്‍മാര്‍ (2 തവണ)

ലോകകപ്പ് നേടുന്നതും ലോകചാമ്പ്യന്‍മാരാവുന്നതും ശീലമാക്കിയവരുമാണ് ഓസ്ട്രേലിയ. ക്രിക്കറ്റിലുള്ള അതേ സ്പിരിറ്റ് റഗ്ബിയിലും പുറത്തെടുത്തപ്പോള്‍ അവര്‍ ചാമ്പ്യന്‍മാരായത് രണ്ട് തവണയാണ്. ലോകകപ്പിന്റെ രണ്ടാം സീസണിലും (1991) 1999ലുമാണ് കങ്കാരുക്കള്‍ കപ്പുയര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കങ്കാരുക്കളാണെങ്കില്‍ അവരുടെ റഗ്ബി ടീം അറിയപ്പെടുന്നത് വാലബീസ് എന്നാണ്.

2015ല്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും അയല്‍ക്കാരായ ന്യൂസിലാന്‍ഡിനോട് പരാജയപ്പെടാനായിരുന്നു മഞ്ഞക്കുപ്പായക്കാരുടെ വിധി.

ഇംഗ്ലണ്ട്

വിളിപ്പേര്: ദി ലയണ്‍സ് – The Lions
നേട്ടം: ചാമ്പ്യന്‍മാര്‍ (ഒരു തവണ)

ലോക റഗ്ബിയിലെ അച്ചുതണ്ട് ശക്തികളില്‍ പ്രാധാനികളാണ് ദി ലയണ്‍സ് എന്ന് കായിക ലോകം വിശേഷണം നല്‍കിയ ഇംഗ്ലണ്ട്. ഒറ്റത്തവണ മാത്രമേ ചാമ്പ്യന്‍മാരായിട്ടുള്ളുവെങ്കില്‍ക്കൂടിയും കരുത്തരായ ഓസ്ട്രേലിയയെ ആയിരുന്നു അവര്‍ കീഴടക്കിയത്. ലോകകപ്പ് നേടിയ നാല് ടീമുകളില്‍ ഒന്നാണ് ദി ലയണ്‍സ്.

ഗ്രേറ്റ് ബ്രിട്ടണിന്റെ പാരമ്പര്യം പേറുന്ന ഇംഗ്ലണ്ട് 2003ലാണ് ചാമ്പ്യന്‍മാരായത്. എന്നാല്‍ 2019ല്‍ ഒരിക്കല്‍ക്കൂടി ചാമ്പ്യന്‍മാരാവാനുള്ള അവസരം കൈവന്നെങ്കിലും സൗത്ത് ആഫ്രിക്ക അത് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

ഫ്രാന്‍സ്

വിളിപ്പേര്: ലെസ് ബ്ലൂസ് – les blues
നേട്ടം: റണ്ണേഴ്സ് അപ് (2 തവണ)

ലോക റഗ്ബി ചാമ്പ്യന്‍ഷിപ്പിലെ ഡോമിനേറ്റിങ് ടീമുകളില്‍ ഒന്നാണെങ്കിലും ലെസ് ബ്ലൂസെന്ന് കായിക ലോകം വിശേഷിപ്പിച്ച ഫ്രാന്‍സിന് ഒരിക്കല്‍പോലും കിരീടമണിയാന്‍ ഭാഗ്യം ലഭിച്ചിരുന്നില്ല. ഉദ്ഘാടന സീസണിലും 2011ലും ഫൈനലില്‍ പ്രവേശിച്ചെങ്കിലും രണ്ട് തവണയും അവര്‍ ന്യൂസിലാന്‍ഡിനോട് തോല്‍ക്കുകയായിരുന്നു.

2023ല്‍ സ്വന്തം മണ്ണില്‍ കിരീടമണിയാനുള്ള ശ്രമം ഫ്രാന്‍സ് നടത്തിയെങ്കിലും ക്വാര്‍ട്ടറില്‍ സൗത്ത് ആഫ്രിക്ക ഫ്രഞ്ച് വമ്പന്‍മാരെ തകര്‍ത്തുവിടുകയായിരുന്നു.

നിരവധി ടീമുകള്‍ ലോകകപ്പിന്റെ ഭാഗമാണെങ്കിലും ഈ അഞ്ച് പേര്‍ മാത്രമാണ് 1987 മുതലാരംഭിച്ച ബിഗ് ഇവന്റിന്റെ ഫൈനലില്‍ പ്രവേശിച്ചത്.

ഇവര്‍ അഞ്ച് ടീമുകള്‍ക്കും പുറമെ വെയ്ല്‍സ്, അയര്‍ലാന്‍ഡ്, ജപ്പാന്‍, സ്‌കോട്‌ലാന്‍ഡ്, അര്‍ജന്റീന, ഫിജി, ഇറ്റലി എന്നിവരാണ് 2023 ലോകകപ്പില്‍ പങ്കാളികളായത്.

നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2027ല്‍ ലോകം വീണ്ടും മറ്റൊരു റഗ്ബി വേള്‍ഡ് കപ്പിന് സാക്ഷ്യം വഹിക്കും. ഓസ്‌ട്രേലിയ വേദിയാകുന്ന ഈ ലോകകപ്പില്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുമോ എന്നാണ് ആരാധകര്‍ ഇപ്പോഴേ ഉറ്റുനോക്കുന്നത്.

Content Highlight: Best Teams in Rugby Union

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more