| Thursday, 5th September 2024, 11:50 am

ഹിജാബ് ധരിക്കുന്നത് വിലക്കിയ അധ്യാപകന് മികച്ച അധ്യാപകനുള്ള അവാര്‍ഡ്; തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് ലഭിച്ച അധ്യാപകന്റെ പുരസ്‌കാരം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്തെ ഹിജാബ് വിവാദത്തിലെ അധ്യാപകന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് പുരസ്‌കാരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ഉഡുപ്പി ജില്ലയിലെ കുന്ദാപ്പൂരിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ബി.ജി.രാമകൃഷ്ണയുടെ സംസ്ഥാന സര്‍ക്കാര്‍ ബഹുമതിയാണ് തടഞ്ഞ് വെച്ചത്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധന നിയമം നടപ്പാക്കാന്‍ അധ്യാപകന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ കണ്ട  അധ്യാപകന്‍ തന്റെ കാബിനില്‍ നിന്നിറങ്ങി വന്ന് വിദ്യാര്‍ത്ഥികളെ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ തന്നെ നടന്നിരുന്നു.

ഇത്തരത്തില്‍ മുന്‍കാലങ്ങളിലെ അധ്യാപകന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ആദരവിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ പുരസ്‌കാരം പിന്‍വലിക്കുകയായിരുന്നു.

ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ അവകാശത്തെ അധ്യാപകന്‍ ചോദ്യം ചെയ്തിരുന്നു. കൂടാതെ തര്‍ക്കിച്ച വിദ്യാര്‍ത്ഥികളോട് കോളേജ് കമ്മിറ്റി ചെയര്‍മാനും കുന്ദാപൂര്‍ ബി.ജെ.പി എം.എല്‍.എയുമായ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിര്‍ദേശമാണ് താന്‍ നടപ്പിലാക്കിയതെന്നായിരുന്നു രാമകൃഷ്ണ അന്ന് വാദിച്ചിരുന്നത്.

അധ്യാപക ദിനത്തോടനുബന്ധിച്ച് ശ്രീരാമകൃഷ്ണ ഉള്‍പ്പെടെ 41 അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

Content Highlight: best teacher award for teacher who banned hijab in college; award blocked by karnataka govt

We use cookies to give you the best possible experience. Learn more