15,000 രൂപയില്‍ താഴെയുള്ള മികച്ച അഞ്ച് ഫോണുകള്‍
Science and Technology
15,000 രൂപയില്‍ താഴെയുള്ള മികച്ച അഞ്ച് ഫോണുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th June 2018, 4:44 pm

റെഡ്മി നോട്ട് ഫൈവ് പ്രോ



ഈ വില നിലവാരത്തിലുള്ള ഏറ്റവും മികച്ച ഫോണ്‍ എന്ന് തന്നെ റെഡ്മി നോട്ട് ഫൈവ് പ്രോയെപ്പറ്റി പറയാം. മികച്ച ക്യാമറ, ദൈര്‍ഘ്യമേറിയ ബാറ്ററി, വലിയ ഡിസ്‌പ്ലേ എന്നിവയാണ് നോട്ട് ഫൈവ് പ്രോയുടെ പ്രത്യേകതകള്‍.

ഇരട്ട ക്യാമറകളാണ് നോട്ട് ഫൈവ് പ്രോയില്‍ ഉള്ളത്. 12 മെഗാ പിക്‌സലിന്റെ ഒരു ലെന്‍സും, 5 മെഗാ പിക്‌സലിന്റെ മറ്റൊരു ലെന്‍സും ഉപയോഗിച്ചിരിക്കുന്നു. സോണിയുടേയും സാംസങ്ങിന്റേയും സെന്‍സറുകള്‍ ആയത് കൊണ്ട് ഈ ശ്രേണിയില്‍ പെട്ട ഫോണുകളിലെ ഏറ്റവും മികച്ച ക്യാമറകളിലൊന്നാണ് നോട്ട് ഫൈവ് പ്രോവിന്റേത്. സെല്‍ഫികള്‍ പകര്‍ത്തുന്നതിനായി 20 മെഗാ പിക്‌സലിന്റെ മുന്‍ ക്യാമറയുമുണ്ട്.

64 ജിബിയാണ് ഇന്റേണല്‍ മെമ്മറി, 4 ജിബിയുടേയും 6 ജിബിയുടേയും റാമുകള്‍ ഉള്ള രണ്ട് മോഡലുകളുണ്ട്. സ്‌നാപ്ഡ്രാഗ്ഗണിന്റെ 1.8 ഗിഗാ ഹേര്‍ട്ട്‌സ് പ്രോസസര്‍ കരുത്ത് പകരുന്ന ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.99 ഇഞ്ചാണ്.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 1



റെഡ്മി നോട്ട് ഫൈവ് പ്രോക്ക് മറുപടിയായി അസ്യൂസ് പുറത്തിറക്കിയ മോഡലാണ് മാക്‌സ് പ്രോ. റെഡ്മിയിലേത് പോലെ ഇരട്ട ക്യാമറകളും, ദൈര്‍ഘ്യമേറിയ ബാറ്ററിയും ഇതിലുമുണ്ട്.

13 മെഗാ പിക്‌സലിന്റേയും 5 മെഗാ പിക്‌സലിന്റേയും ഇരട്ട ക്യാമറകളാണ് മാക്‌സ് പ്രോയില്‍ ഉള്ളത്. എന്നാല്‍ റെഡ്മിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്യാമറ അത്ര മികച്ചതല്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇത് സോഫ്റ്റ്‌വെയര്‍ പ്രശ്‌നം ആണെന്നും വരും അപ്‌ഡേറ്റുകളില്‍ പരിഹരിക്കാന്‍ സാധിക്കും എന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

മാക്‌സ്‌പ്രോയുടെ മുന്‍ ക്യാമറ 8 മെഗാ പിക്‌സല്‍ മാത്രമാണ്. 3ജിബി റാം, 32 ജിനി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള ഒരു മോഡലും, 4ജിബി റാം 63 ജിബി ഇന്റേണല്‍ മെമ്മറി ഉള്ള മറ്റൊരു മോഡലുമാണ് കമ്പനി പുറത്തിറക്കുന്നത്. കരുത്ത് പകരുന്നത് സ്‌നാപ് ഡ്രാഗണ്‍ പ്രോസസര്‍ തന്നെ. ബാറ്ററി റെഡ്മിയേക്കാള്‍ ഒരല്പം അധികമുണ്ട് 5000 മില്ലി ആമ്പിയര്‍. സ്‌ക്രീന്‍ വലിപ്പം 6 ഇഞ്ചാണ്.

മറ്റൊരു പ്രത്യേകത ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് സ്റ്റോക്ക് ആന്‍ഡ്രോയിഡ് ആണെന്നുള്ളതാണ്. ഷവോമിയുടെ യൂസര്‍ ഇന്റര്‍ഫേസ് ഇഷ്ടപ്പെടാത്തവര്‍ക്കും, കൃത്യമായ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ലഭിക്കണം എന്നുള്ളവര്‍ക്കും അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 1 ആണ് അഭികാമ്യം.

ഓപ്പോ റിയല്‍ മീ എം 1



വലിയ ഇന്റേണല്‍ മെമ്മറിയും റാമുമാണ് ഒപ്പോ റിയല്‍ മീയുടെ പ്രത്യേകത. ഈ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഫോണാണിത്. 128 ജിബിയാണ് ഓപ്പോ റിയല്‍ മീയുടെ ഇന്റേണല്‍ മെമ്മറി. ആറ് ജിബിയുടെ ഇന്റേണല്‍ മെമ്മറിയുമുണ്ട്.

13 മെഗാ പിക്‌സലിന്റെ പിന്‍ക്യാമറയും, 8 മെഗാ പിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഓപ്പോ റിയല്‍ മീയില്‍ ഉള്ളത്. ഇരട്ട ക്യാമറ സംവിധാനം ഇല്ലാത്തത് കൊണ്ട് ബൊക്കൊ ഷോട്ടുകള്‍ എടുക്കുക സാധ്യമല്ല.

ഫോണിന് കരുത്ത് പകരുക മീഡിയാടെക്കിന്റെ പ്രോസസറാണ്. 2 ഗിഗാ ഹേര്‍ട്ട്‌സിന്റെ ക്ലോക്ക് സ്പീഡ് ഉണ്ടെങ്കിലും മീഡിയാടെക്ക് പ്രോസസറുകള്‍ ബാറ്ററി ദൈര്‍ഘ്യത്തെയും പ്രകടനത്തേയും ബാധിക്കാറുണ്ട്. എന്നാല്‍ വലിയ ഗെയിമുകളോ സോഫ്റ്റ്‌വെയറുകളോ ഉപയോഗിക്കാത്തവര്‍ക്ക് ഈ പ്രോസസര്‍ ധാരാളമാണ്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഓറിയോ ഓപറേറ്റിങ്ങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഹോണര്‍ 9 ലൈറ്റ്



വില തന്നെയാണ് ഈ ശ്രേണിയില്‍ ഹോണര്‍ 9 ലൈറ്റിനെ വ്യത്യസ്തമാക്കുന്നത്. ഇരട്ട ക്യാമറകളും മികച്ച ഡിസൈനുമുള്ള ഈ ഫോണിന്റെ 32 ജിബി മോഡലിന് 11,000 രൂപ മാത്രമാണ് വില.

13 മെഗാപിക്‌സലിന്റെയും 2 മെഗാപിക്‌സലിന്റേയും ലെന്‍സുകളാണ് ഹുവായ്‌ഹോണര്‍ 9 ലൈറ്റിലുള്ളത്. ബൊക്കേ ഷോട്ടുകള്‍ പകര്‍ത്താനും ഈ ഭാരം കുറഞ്ഞ ഫോണില്‍ സാധിക്കും.

ഫോണിന്റെ നീല നിറമുള്ള മോഡലിനാണ് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ്. മെറ്റലില്‍ തീര്‍ത്ത ഇതിന്റെ ഡിസൈനിനും പ്രിയം ഏറെ.

2.4 ഗിഗാ ഹേര്‍ട്ട്‌സ് ക്ലോക്ക് സ്പീഡുള്ള കിറിന്‍ പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി 3,000 മില്ലി ആമ്പിയറും.

ഫോണിന്റെ രൂപഭംഗി, ഭാരക്കുറവ്, ചെറിയ സ്‌ക്രീന്‍ വലിപ്പം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്.

റെഡ്മി വൈ 2



16 മെഗാ പിക്‌സല്‍ എ.ഐ സെല്‍ഫി ക്യാമറ എന്നതാണ് റെഡ്മി വൈ 2 വിന്റെ പരസ്യ വാചകം. സെല്‍ഫി ക്യാമറക്ക് തന്നെയാണ് 10,000 രൂപ മാത്രം വിലയുള്ള ഈ ഫോണ്‍ പ്രാധാന്യം കൊടുക്കുന്നത് എന്നര്‍ത്ഥം. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ ഒന്നും ഷവോമി പിന്നോട്ട് പോയിട്ടുമില്ല.

12 മെഗാ പിക്‌സലിന്റേയും 5 മെഗാ പിക്‌സലിന്റേയും ഇരട്ട ക്യാമറകളുണ്ട് ഫോണില്‍. ഈ ശ്രേണിയില്‍ ഹോണര്‍ 9 ലൈറ്റല്ലാതെ അധികം ഫോണുകള്‍ ഒന്നും ഇരട്ട ക്യാമറകള്‍ നല്‍കുന്നില്ല.

പുറത്തിറങ്ങിയിട്ട് ഒരാഴ്ച മാത്രം ആവുന്ന റെഡ്മി വൈ 2വിന്റെ സ്‌ക്രീന്‍ വലിപ്പം 5.99 ഇഞ്ചാണ്. ബാറ്ററി 3080 മില്ലി ആമ്പിയറും.

സെല്‍ഫികള്‍ കൂടുതലായി എടുക്കുന്നവരെ ലക്ഷ്യം വെച്ചാണ് റെഡ്മി ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ബാറ്ററി കുറവായത് കൊണ്ട് ദീര്‍ഘയാത്രക്കാര്‍ക്കും ഫോണ്‍ ദിവസവും ചാര്‍ജ്ജ് ചെയ്യാന്‍ പറ്റാത്തവര്‍ക്കും ഈ ഫോണ്‍ ഉപയോഗിക്കുക ബുദ്ധിമുട്ടാവും.