തണ്ണീര്‍ മത്തന്‍ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും നിര്‍മിച്ച് വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് ജനുവരി 20ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് പൂവന്‍. സിനിമയില്‍ നായകനായെത്തുന്നത് ആന്റണി വര്‍ഗീസാണ്. എന്നാല്‍ ഒരു നായക കേന്ദ്രീകൃത സിനിമയാണ് പൂവന്‍ എന്ന് പറയാന്‍ കഴിയില്ല. കാരണം പല കഥകള്‍ കൂട്ടിയിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആന്റണി അവതരിപ്പിച്ച ഹരിയാണോ, വിനീത് വാസുദേവന്റെ കണ്ണനാണോ അതോ ‘പൂവനാണോ’ നായകനെന്ന് ഒരു നിമിഷം പ്രേക്ഷകന് തോന്നും.
പൂവനെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രകടനം തന്നെയാണ്. അത്ര മനോഹരമായിട്ടാണ് ഓരോരുത്തരും അവരുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. അഭിനയിക്കുകയാണെന്ന തോന്നല്‍ പ്രേക്ഷകന് സമ്മാനിക്കാതെ വളരെ സ്വാഭാവികമായ പ്രകടനങ്ങളാണ് സിനിമയില്‍ വന്ന് പോകുന്ന ഓരോ നയിമാരും കാഴ്ചവെച്ചത്.
സിനിമയില്‍ പ്രധാനമായും ഏഴ് സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ സഹോദരിയായെത്തുന്ന അഖിലയുടെ പ്രകടനമാണ് കൂട്ടത്തില്‍ ആദ്യം പറയേണ്ടത്. ‘അനുരാഗ് എഞ്ചിനിയറിങ് വര്‍ക്ക്‌സ്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ സ്വാഭാവിക അഭിനയത്തിന് പ്രശംസകള്‍ താരം നേടിയിരുന്നു. അതിനൊപ്പമോ മുകളിലോ നില്‍ക്കുന്ന പ്രകടനമാണ് അഖില വീണയായി മാറിയപ്പോള്‍ കാഴ്ചവെച്ചത്.
സിനിമയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് വളരെ അടുത്ത് പരിചയമുണ്ടായിരിക്കും. വീട്ടിലോ നാട്ടിലോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കിടയിലോ എന്നെങ്കിലും ഇവരെയൊക്കെ കണ്ടിട്ടുണ്ടാകും. നാട്ടുമ്പുറത്തെ മധ്യവര്‍ഗ കുടുംബങ്ങളിലെ സ്ത്രീകളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അവരുടെ വസ്ത്രധാരണത്തിലും സംസാര ശൈലിയിലുമെല്ലാം ആ സാധാരണത്വം തെളിഞ്ഞ് കാണുകയും ചെയ്യുന്നുണ്ട്.
സിനിമയിലെ പൂവന്റെ ഉടമയായ മറിയാമ്മ ചേച്ചിയുടെ അഭിനയം അസാധ്യമായിരുന്നു. അവരുടെ നോട്ടവും വാര്‍ത്തമാനവുമൊക്കെ ആസ്വാദ്‌യകരമായിരുന്നു. അന്നമ്മയുമായുള്ള അവരുടെ ആത്മ ബന്ധം പ്രേക്ഷകര്‍ക്ക് വേഗം കണക്ട് ചെയ്യാന്‍ കഴിയും. സിനിമയിലെ കേന്ദ്രകഥാപാത്രമായ പൂവന്റെ പേരാണ് അന്നമ്മ. അവസാനം അന്നമ്മ വീട് വിട്ട് പോകുമ്പോള്‍ മറിയാമക്കുണ്ടാകുന്ന വേദന മനോഹരമായി അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയുടെ രസച്ചരട് ഇടക്കിടെ പൊട്ടി പോകുമ്പോള്‍ അതിനെ കൂട്ടിയിണക്കുന്നത് ഇത്തരത്തിലുള്ള താരങ്ങളുടെ പ്രകടനങ്ങള്‍ തന്നെയാണ്. ഹരിയുടെ കാമുകിയായെത്തുന്ന ഡിജി പോള്‍, മറിയാമ ചേച്ചിയുടെ മകള്‍ സിനി, ഹരിയുടെ അമ്മ, കണ്ണന്റെ അമ്മ തുടങ്ങി നിരവധി പെണ്‍ കഥാപാത്രങ്ങളാണ് സിനിമയുടെ ഒഴുക്കിനെ നിലനിര്‍ത്തി പോരുന്നത്.
content highlight: best performers in poovan movie