ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് സമാപനമാകവെ മികച്ച പ്രകടനം കാഴ്ച വെച്ച് ലോക ശ്രദ്ധ ആകർഷിച്ച ഒട്ടേറെ താരങ്ങൾ ഉണ്ടായി.
നിലവിലെ സൂപ്പർ താരങ്ങൾ മുതൽ പുതുമുഖ താരങ്ങളായെത്തി വലിയ മുന്നേറ്റം കാഴ്ചവെച്ചവർ വരെ ഇതിൽ ഉൾപ്പെടുന്നു.
വരുന്ന ജനുവരി ഒന്ന് മുതൽ ഫുട്ബോൾ ട്രാൻസ്ഫർ ജാലകം തുറക്കാനിരിക്കെ വലിയ വിപണിമൂല്യമാണ് ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ പല താരങ്ങളും സ്വന്തമാക്കിയത്.
ലീഗ് മത്സരങ്ങൾ പുരോഗമിക്കുകയും ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മേജർ ക്ലബ്ബ് ടൂർണമെന്റുകൾ പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തതോട് കൂടി മികച്ച താരങ്ങൾക്കായി കോടികളാണ് വിവിധ ക്ലബ്ബ് മാനേജ്മെന്റുകൾ മുടക്കാനായി തയാറായിരിക്കുന്നത്.
അതേസമയം ലോകകപ്പിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ വിപണി മൂല്യം വർധിച്ച പത്ത് താരങ്ങളുടെ പട്ടിക പുറത്ത് വന്നിട്ടുണ്ട്.
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ലോകകപ്പിലെ മികച്ച പ്രകടനത്തോടെ തന്റെ വിപണി മൂല്യം ഏറ്റവും കൂടുതൽ വർധിപ്പിച്ചത്. ഏകദേശം 20 മില്യൺ യൂറോയാണ് എംബാപ്പെയുടെ വർധിച്ച വിപണി മൂല്യം. കൂടാതെ അർജന്റീനയുടെ യുവതാരം എൻസോ ഫെർണാണ്ടസും ഏകദേശം 20 മില്യൺ യൂറോക്കടുത്ത് തന്റെ വിപണി മൂല്യം വർധിപ്പിച്ചിട്ടുണ്ട്.
അർജന്റീനയുടെ തന്നെ മറ്റൊരു സൂപ്പർ താരം ജൂലിയൻ അൽവാരസ് 18 മില്യൺ യൂറോക്കടുത്ത് തന്റെ വിപണി മൂല്യം വർധിപ്പിച്ചപ്പോൾ, ക്രൊയേഷ്യയുടെ ഗ്വാർഡിയോള, നെതർലൻഡ്സിന്റെ കോഡി ഗാക്പോ, മൊറോക്കൊയുടെ സോഫിയാൻ അംമ്പ്രബാത്ത് എന്നിവർ 15 മില്യൺ യൂറോയോളം വിപണി മൂല്യം വർധിപ്പിച്ചു.
കൂടാതെ മൊറോക്കൊയുടെ ഒനാഹി 11.5 മില്യൺ യൂറോ വിപണി മൂല്യം വർധിപ്പിച്ചപ്പോൾ, ഇംഗ്ലീഷ് താരങ്ങളായ ബുക്കായോ സാക്ക, ബെല്ലിങ്ഹാം എന്നിവർ 10 മില്യൺ യൂറോ വീതവും ഫ്രാൻസിന്റെ ടച്ചോമിനായി ഏകദേശം 9.5 മില്യൺ യൂറോ വീതവുമാണ് വിപണി മൂല്യം വർധിപ്പിച്ചത്.
അതേസമയം ലോകകപ്പിനോടനുബന്ധിച്ച് നിർത്തിവെച്ചിരുന്ന ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ ഒരു ഇടവേളക്ക് ശേഷം പുനരാരംഭിക്കുകയാണ്. ഡിസംബർ, ജനുവരി മാസങ്ങളോടെ നിർത്തിവെച്ചിരിക്കുന്ന എല്ലാ ലീഗ് മത്സരങ്ങളും വീണ്ടും തുടങ്ങും. ഫെബ്രുവരി മാസത്തിൽ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മുതലായ മേജർ ടൂർണമെന്റുകളും ആരംഭിക്കും.
Content Highlights:Best performance in World Cup; 10 players including Mbappe have increased their value