ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന വര്‍ഷമായിരുന്നു 2022. ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും കിരീടം നേടാന്‍ സാധിക്കാതെ പോയെങ്കിലും മികച്ച പല നിമിഷങ്ങളും 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്.
ബി.സി.സി.ഐ കൈക്കൊണ്ട ചരിത്രപരമായ തീരുമാനങ്ങള്‍ മുതല്‍ ഇന്ത്യന്‍ ലെജന്‍ഡുകളായ മിതാലി രാജിന്റെയും ജുലന്‍ ഗോസ്വാമിയുടെയും വിരമിക്കലിനും കപില്‍ ദേവിന് ശേഷം ഒരു പേസര്‍ ഇന്ത്യയുടെ നായകസ്ഥാനമേറ്റെടുക്കുന്നതിനും 2022 സാക്ഷിയായിരുന്നു.
ഇത്തരത്തിലുള്ള നിരവധി നിമിഷങ്ങളായിരുന്നു 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഡിഫൈന്‍ ചെയ്തത്. ഈ മനോഹര മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ആണ് ബി.സി.സി.ഐ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
2022 ഫെബ്രുവരി: ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനിക്കാന്‍ സാധിക്കുന്ന ആദ്യ നേട്ടമുണ്ടായത് ഫെബ്രുവരിയിലാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി ലോകകിരീടം ചൂടിയാണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോക കിരീടം സ്വന്തമാക്കുന്നത്.
2022 ജൂണ്‍: ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായ മിതാലി രാജിന്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള പിടിയിറക്കമായിരുന്നു 2022ലെ മറ്റൊരു മികച്ച മൊമെന്റ്. ഒരു ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും ഇന്ത്യയെ ഉന്നതങ്ങളിലെത്തിച്ചാണ് മിതാലി പടിയിറങ്ങിയത്.
2022 ജൂലൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ ഒരു ഓവറില്‍ 35 റണ്‍സ് നേടിയ ബുംറയുടെ പ്രകടനം ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് പെര്‍ഫോമന്‍സായിരുന്നു.
2022 ഓഗസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ വെള്ളി മെഡല്‍ നേട്ടം. ഫൈനലില്‍ ഓസീസിനോടായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.
2022 സെപ്റ്റംബര്‍: ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെ 3-0ന് വൈറ്റ്‌വാഷ് ചെയ്ത് വനിതാ ടീമിന്റെ പരമ്പര നേട്ടം.
2022 സെപ്റ്റംബര്‍: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍ ജുലന്‍ ഗോസ്വാമിയുടെ വിരമിക്കല്‍. ഇംഗ്ലണ്ടിനെതിരായ പരമ്പര 3-0 സ്വന്തമാക്കിക്കൊണ്ടായിരുന്നു ഇന്ത്യ ജുലന് വിടവാങ്ങല്‍ നല്‍കിയത്.
2022 സെപ്റ്റംബര്‍: സെഞ്ച്വറി വരള്‍ച്ചക്ക് അന്ത്യമിട്ടുകൊണ്ട് ഏഷ്യാ കപ്പില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി. വിരാടിന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ ടി-20 സെഞ്ച്വറിയായിരുന്നു അഫ്ഗാനിസ്ഥാനെതിരെ പിറന്നത്.
2022 ഒക്ടോബര്‍: ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിരാടിന്റെ ചെയ്‌സിങ്. തോല്‍വിയുറപ്പിച്ചിടത്ത് നിന്നും വിരാടിന്റെ അപരാജിത പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
2022 ഒക്ടോബര്‍: ഇന്ത്യ വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ വേതനം തന്നെ നല്‍കാനുള്ള ബി.സി.സി.ഐയുടെ ചരിത്രപരമായ തീരുമാനം.
2022 നവംബര്‍: ഐ.സി.സി ടി-20 റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമനായി സൂര്യകുമാര്‍ യാദവ്.
2022 ഡിസംബര്‍: ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറി നേടി ഇഷാന്‍ കിഷന്‍.
Content Highlight: Best moments of Indian Cricket in 2022