2020ല്‍ സിനിമപ്പാട്ടുകളെ കടത്തിവെട്ടിയ പുത്തന്‍ പാട്ട് പരീക്ഷണങ്ങളും റാപ്പ് ചെയ്ത മലയാളിയും
Entertainment
2020ല്‍ സിനിമപ്പാട്ടുകളെ കടത്തിവെട്ടിയ പുത്തന്‍ പാട്ട് പരീക്ഷണങ്ങളും റാപ്പ് ചെയ്ത മലയാളിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st December 2020, 7:13 pm

ലോകം നിശ്ചലമായ 2020 ഒരര്‍ത്ഥത്തില്‍ കലാരംഗത്ത് പുത്തന്‍ പരീക്ഷണങ്ങളുടെ കാലമായിരുന്നു. മലയാള സംഗീതമേഖലയിലും നിരവധി പേരാണ് പുതിയ ശൈലികളുമായി രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ നാല് പാട്ടുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇന്റിപെന്‍ഡന്റ് മ്യൂസിക് വിഭാഗത്തിലിറങ്ങിയ ഈ പാട്ടുകള്‍ നേടിയ ജനപ്രീതി സിനിമകളിലല്ലാതെയും പാട്ടുകള്‍ക്ക് ഭാവിയുണ്ടെന്ന് കാണിച്ചു തരുന്നതായിരുന്നു.

1 വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്

മലയാളത്തില്‍ ഇതുവരെയിറങ്ങിയ റാപ്പുകളില്‍ ഏറ്റവും മികച്ച വരികളെന്ന പേര് കേട്ട റാപ്പായിരുന്നു വോയ്‌സ് ഓഫ് വോയ്‌സ് ലെസ്. ദളിത് രാഷ്ട്രീയവും ഭൂവകാശവും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്ത റാപ്പ് സിനിമാ സാംസ്‌ക്കാരിക മേഖലകളിലെ നിരവധി പ്രമുഖരാണ് ഷെയര്‍ ചെയ്തത്. തൃശൂര്‍ സ്വദേശിയായ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയാണ് വോയ്‌സ് ഓഫ് വോയ്‌സ് ലെസ് ചെയ്തത്. ജൂണിലായിരുന്നു പാട്ട് യൂട്യൂബിലെത്തിയത്.

കാണുന്നവരുടെ എണ്ണത്തിനൊപ്പം തന്നെ പാട്ട് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകളും കൂടിവന്നിരുന്നു. ‘റാപ്പുകള്‍ ആരംഭിച്ചത് തന്നെ പ്രതിഷേധങ്ങളുടെ ഭാഗമായാണ്. അതുകൊണ്ടു തന്നെ റാപ്പിനെ ആ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ടു തന്നെ അവതരിപ്പിക്കാനാണ് എന്റെ ആഗ്രഹം. പൊളിറ്റിക്കലാകുക എന്റേതായ വഴിയിലൂടെ, അത് തന്നെ പരിപാടി.’ പാട്ടിനെ കുറിച്ച് വേടന്‍ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

2 പണി പാളി

മലയാളത്തില്‍ ഈ വര്‍ഷം യൂട്യൂബില്‍ ഇറങ്ങിയ വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട പാട്ടായിരുന്നു നടന്‍ നീരജ് മാധവിന്റെ പണി പാളി റാപ്പ്. നീരജ് തന്നെ എഴുതി സംഗീതം ചെയ്ത് പാടിയ പണി പാളി മലയാളികള്‍ നെഞ്ചേറ്റുകയായിരുന്നു. പാട്ടിനൊപ്പം തന്നെ ആനിമേറ്റഡ് വിഷ്വലുകളും നീരജിന്റെ നൃത്തച്ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പണി പാളിയുടെ പാട്ട്-ഡാന്‍സ് ചാലഞ്ച് സിനിമാതാരങ്ങള്‍ക്കിടയില്‍ മുതല്‍ ടിക് ടോകില്‍ വരെ തരംഗമായിരുന്നു. പാട്ടിന്റെ അനുകരണങ്ങള്‍ പരസ്യങ്ങളില്‍ വരെയെത്തി. 2020ല്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ച പാട്ടുകളിലൊന്നാണ് പണി പാളി.

താളവും പ്രാസവും ഒപ്പിച്ച വരികളും വ്യത്യസ്തമായ അവതരണവും പാട്ടിനെ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റാക്കുന്നു എന്നായിരുന്നു ആസ്വാദകള്‍ ചൂണ്ടിക്കാട്ടിയത്. റിബിന്‍ റിച്ചാര്‍ഡ് ആണ് പാട്ടിന്റെ മാസ്റ്ററിംഗ് ചെയ്തിരിക്കുന്നത്.

3 കോഴിപങ്ക്

പ്രശസ്ത കവി സച്ചിദാനന്ദന്റെ കവിതയുടെ സംഗീത ആവിഷ്‌ക്കാരമായ കോഴിപങ്കാണ് ചര്‍ച്ചയായ മറ്റൊരു പാട്ട്. അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്ത കോഴിപങ്കില്‍ ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനുമായിരുന്നു അഭിനയിച്ചത്.

ശേഖര്‍ മേനോന്‍ തന്നെയാണ് കവിതയ്ക്ക് സംഗീതം പകര്‍ന്നത്. ആലപിച്ചത് ശ്രീനാഥ് ഭാസിയാണ്. സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്’ എന്ന കവിതയുടെ സംഗീതാവിഷ്‌ക്കാരം അതേപേരില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്.

‘ദ റൈറ്റിംഗ് കമ്പനി’ എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പുറത്തിറങ്ങിയത്. ഏഴ് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ആല്‍ബമായിരുന്നു 2020ല്‍ പുറത്തിറങ്ങിയത്. പാട്ടിനൊപ്പം ശ്രീനാഥ് ഭാസിയുടെയും ശേഖറിന്റെയും സിഗ്നേച്ചര്‍ സ്റ്റെപ്പായ തലയാട്ടലും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

4 ലോകമേ

മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ ‘ലോകമേ’ റിലീസ് ചെയ്തതും 2020ലാണ്. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിള്‍. നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് നവംബറില്‍ ‘ലോകമേ’ റിലീസ് ചെയ്തത്.

ഏകലവ്യന്‍ എന്ന പുതിയ റാപ്പറെ കൂടിയാണ് മലയാളത്തിന് പുതിയ ആല്‍ബം വഴി ലഭിച്ചത്. വരികളെഴുതിയതും അവതരിപ്പിച്ചിരിക്കുന്നതും ആര്‍.ജെ ഏകലവ്യനാണ്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയില്‍.

സമകാലിക വിഷയങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും അതിനെ ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്ന മലയാളികളോട് സംവദിക്കുകയാണ് ഏകലവ്യന്‍ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാന്‍വാസില്‍ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കമര്‍ഷ്യല്‍ പാക്കേജ് ആണ് സംവിധായകന്‍ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്.

ഒരു സിനിമ നിര്‍മ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഗാനത്തിന്റെ വരികള്‍ക്ക് പുറമെ ദൃശ്യഭംഗിയും അഭിനന്ദനം നേടിയിരുന്നു. അഭിനന്ദന്‍ രാമാനുജം ആണ് ക്യാമറ. പ്രസന്ന മാസ്റ്ററാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Best Malayalam songs of 2020 apart from movies independent music songs