2021 ലെ ഏറ്റവും മികച്ച മലയാള സിനിമകള്‍; ഡൂള്‍ന്യൂസ് തെരഞ്ഞെടുത്ത 5 ചിത്രങ്ങള്‍
Entertainment news
2021 ലെ ഏറ്റവും മികച്ച മലയാള സിനിമകള്‍; ഡൂള്‍ന്യൂസ് തെരഞ്ഞെടുത്ത 5 ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th December 2021, 4:07 pm

കോഴിക്കോട്: ഒന്നാം കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഏറെ പ്രതീക്ഷകളോടെയായിരുന്നു 2021 ല്‍ കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നത് എന്നാല്‍ 2021 മാര്‍ച്ച് കഴിഞ്ഞതോടെ തിയേറ്ററുകള്‍ വീണ്ടും പൂട്ടേണ്ടി വന്നു.

പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് തിയേറ്ററുകള്‍ വീണ്ടും തുറന്നത്. മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രം ഒ.ടി.ടിയിലൂടെ റിലീസ് ചെയ്തത് 2021 ല്‍ ആയിരുന്നു.

86 സിനിമകളാണ് ഡിസംബര്‍ 24 വരെ മലയാളത്തില്‍ റിലീസ് ചെയ്തത്. കൊല്ലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൂന്നിലധികം സിനിമകള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.

ഈ ചിത്രങ്ങളില്‍ നിന്ന് ഡൂള്‍ന്യൂസ് തെരഞ്ഞെടുത്ത ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

5) ജാന്‍ എ മന്‍ / ഓപ്പറേഷന്‍ ജാവ

 

അഞ്ചാം സ്ഥാനത്ത് രണ്ട് സിനിമകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത ജാന്‍ എ മന്‍, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ. 2021 വര്‍ഷത്തില്‍ റിലീസ് ചെയ്ത ഈ രണ്ട് ചിത്രങ്ങളും പുതുമുഖ സംവിധായകരായിരുന്നു സംവിധാനം ചെയ്തത്.

ആദ്യ കൊവിഡിന് ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്ത് വന്‍ വിജയമായ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്.

രണ്ടാം കൊവിഡിന് ശേഷം തിയറ്ററുകളിലെത്തി വന്‍വിജയം നേടിയ ചിത്രമാണ് ജാന്‍.എ.മന്‍. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ തിയറ്ററിലെത്തിയ ചിത്രം മികച്ച കോമഡി എന്റര്‍ടെയ്നറായിരുന്നു.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ജാന്‍.എ.മനില്‍ അണിനിരക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വികൃതി എന്ന സിനിമക്ക് ശേഷം ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.


4) ജോജി

 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജോജിയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ഫഹദ് ഫാസിലിന് പാന്‍ഇന്ത്യന്‍ ലെവലില്‍ അഭിനന്ദനം നേടികൊടുത്ത ചിത്രം കൂടിയായിരുന്നു ജോജി. ബാബുരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫഹദ് ഫാസില്‍, ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ, ജോജി മുണ്ടക്കയം, പി.എന്‍ സണ്ണി, ബേസില്‍ ജോസഫ്, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മാണം. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുക്കിയത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.

3) തിങ്കളാഴ്ച നിശ്ചയം

മലയാളത്തില്‍ ഏറെ ചര്‍ച്ചയായ സിനിമയാണ് ‘തിങ്കളാഴ്ച നിശ്ചയം’. ഒരു സര്‍പ്രൈസ് ഹിറ്റ് എന്ന് തീര്‍ത്ത് പറയാവുന്ന ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്ഡെയാണ്. കാസര്‍ഗോഡ് പശ്ചാത്തലമാക്കിയെടുത്ത ഈ സിനിമയിലൂടെ കഴിവുറ്റ ഒരുപിടി പുതുമുഖങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.

അന്‍പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരവും തിങ്കളാഴ്ച നിശ്ചയം നേടിയിരുന്നു.

2) മിന്നല്‍ മുരളി

ബേസില്‍ ജോസഫ് – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിന്നല്‍ മുരളിയാണ് ഡൂള്‍ന്യൂസ് തെരഞ്ഞെടുത്ത രണ്ടാമത്തെ ചിത്രം. ടൊവിനോ തോമസ് സൂപ്പര്‍ ഹീറോയായി എത്തിയ ചിത്രം നിര്‍മിച്ചത് സോഫിയ പോള്‍ ആണ്.

ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30തിന് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലാണ് മിന്നല്‍ മുരളി സ്ട്രീം ചെയ്തത്. ടൊവിനോക്കും അജു വര്‍ഗീസിനുമൊപ്പം, ഗുരു സോമസുന്ദരം, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

1) ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

2021 ലെ ഏറ്റവും മികച്ച ചിത്രമായി ഡൂള്‍ന്യൂസ് തെരഞ്ഞെടുത്തത് ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ്. ജനുവരി 15ന് മലയാളം ഒ.ടി.ടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്

അന്താരാഷ്ട്ര തലത്തില്‍ പോലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയുടെ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെ വളരെ റിയലിസ്റ്റിക്കായി കൈകാര്യം ചെയ്ത ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

സമൂഹത്തിലെ ആണധികാരത്തെയും സ്ത്രീ വിരുദ്ധതയേയും ചോദ്യം ചെയ്തുകൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ ഇരുപക്ഷത്തു നിന്നും പ്രേക്ഷകനെ ചിന്തിപ്പിച്ച സിനിമയായിരുന്നു ഇത്. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരായിരുന്നു ചിത്ത്രതില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Best Malayalam Movies of 2021; 5 images selected by Doolnews