| Wednesday, 6th June 2018, 10:30 pm

മധ്യനിരയില്‍ പേടിക്കേണ്ടത് ഇവരെ; റഷ്യന്‍ വേള്‍ഡ് കപ്പിലെ ഏറ്റവും അപകടകാരികളായ അഞ്ച് മധ്യനിര താരങ്ങള്‍ ഇവരാണ്

ഷാരോണ്‍ പ്രദീപ്‌

ഫുട്‌ബോള്‍ മത്സരങ്ങള്‍ പലപ്പോഴും നിശ്ചയിക്കപ്പെടുന്നത് ആക്രമണത്തിലോ പ്രതിരോധത്തിലോ അല്ല, മധ്യനിരയിലാണ്‌. പ്രതിരോധത്തില്‍ നിന്നും ആക്രമണ നിരയിലേക്ക് പന്തെത്തിച്ച് കൊടുക്കാനും ആവശ്യമെങ്കില്‍ ആക്രമണനിരയ്ക്കൊപ്പം
ചേരാനും വേണ്ട സമയങ്ങളില്‍ പ്രതിരോധത്തിലേക്കിറങ്ങാനും ബാധ്യസ്ഥരാണ്‌ മധ്യനിരതാരങ്ങള്‍. ശരിക്കും ടോട്ടല്‍ ഫുട്‌ബോള്‍ കളിക്കുന്നവര്‍. എന്നാല്‍ മുന്നേറ്റ നിര താരങ്ങള്‍ക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധയോ ആരാധകവൃന്ദമോ ഇവര്‍ക്ക് ലഭിക്കാറില്ല. ഈ കിങ്ങ് മേക്കര്‍മാരെ പലര്‍ക്കും അറിയുകപോലുമില്ല. ഈ വേള്‍ഡ് കപ്പില്‍ ഓരോ ടീമിന്റേയും കളി നിശ്ചയിക്കാന്‍ പോകുന്ന മിടുക്കരായ അഞ്ച് മധ്യനിര താരങ്ങളെ പരിചയപ്പെടാം

1. പോള്‍ പോഗ്ബ

കഴിഞ്ഞ വേള്‍ഡ് കപ്പ് കണ്ട ആരും ഫ്രാന്‍സിന്റെ മധ്യനിര താരമായ പോള്‍ പോഗ്ബയെ മറക്കാന്‍ ഇടയില്ല. 2014 വേള്‍ഡ് കപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു ഈ 25കാരന്‍. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആയിരുന പോഗ്ബയെ നൂറ് മില്യണ്‍ യൂറോ മുടക്കിയാണ്‌ ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിച്ചത്. മാഞ്ചസ്റ്ററില്‍ എത്തിയ ശേഷം പഴയ പ്രതിഭ താരത്തിന്‌ പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും എതിരാളികള്‍ പേടിക്കണം പോഗ്ബയെ. കപ്പ് പ്രതീക്ഷയുമായി ഇറങ്ങുന്ന ഫ്രാന്‍സിന്റെ നട്ടെല്ലായിരിക്കും പോള്‍ പോഗ്ബ


2. മെസൂട് ഓസില്‍

ലോകത്തിലെ ഏറ്റവും നിസ്വാര്‍ത്ഥനായ ഫുട്‌ബോള്‍ കളിക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന്‌ ഒരു ഉത്തരമേ ഉള്ളു, ജര്‍മ്മനിയുടെ മധ്യ നിര താരം മെസൂട് ഓസില്‍. ഗോള്‍ വലയുടെ മുന്നില്‍ നിന്ന് പോലും ഓസില്‍ ആഗ്രഹിക്കുക ഗോള്‍ അടിക്കാനല്ല സഹതാരത്തിന്‌ ഗോളടിക്കാനുള്ള അവസരം ഒരുക്കാനാണ്‌. ഓസിലിനെ ഏറ്റവും അപകടകാരിയാക്കുന്നതും ഈ സ്വഭാവം തന്നെ. ഇംഗ്‌ളീഷ് ക്ലബ്ബ് ആര്‍സനലിന്റെ പ്രധാന താരമാണ്‌ ഓസില്‍, ഈ സീസണില്‍ 5 ഗോളുകളും 12 അസിസ്റ്റുകളുമാണ്‌ ഇദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ വേള്‍ഡ് കപ്പില്‍ ജര്‍മ്മനിക്ക് കപ്പ് നേടിക്കൊടുക്കുന്നതിലും ഓസില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.


3. ലൂക്കാ മോഡ്രിച്ച്

മൈതാനത്ത് എന്താണ്‌ സംഭവിക്കാന്‍ പോവുന്നതെന്ന് മറ്റാരേക്കാളും വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന താരമാണ്‌ മോഡ്രിച്ച്. ക്രോയേഷ്യയുടെ ഇത്തവണത്തെ ലോകകപ്പ് പ്രതീക്ഷകളും റയല്‍ മഡ്രിഡിന്റെ ഈ മധ്യനിര താരത്തെ ചുറ്റിപറ്റിയാണ്‌. കളിക്കളത്തിലെ കഠിനാധ്വാനമാണ്‌ മോഡ്രിച്ചിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്, ആരും കാണാത്ത പാസ്സുകള്‍ കണ്ടെത്താനും കൃത്യമായി അത് നടപ്പാക്കാനും മിടുക്കന്‍. ക്രൊയേഷ്യയുടെ ക്യാപ്റ്റന്‍ കൂടിയാണ്‌ ഈ താരം. 32 വയസ്സായെങ്കിലും ഇപ്പോഴും മോഡ്രിച്ചിന്‌ പന്ത് ലഭിച്ചാല്‍ എതിരാളികളുടെ ചങ്കിടിയ്ക്കും.


4. ക്രിസ്റ്റ്യന്‍ ഏറിക്‌സണ്‍

അധികമാരും ശ്രദ്ധിക്കാത്ത താരമാണ്‌ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെ ഈ ഡെന്‍മാര്‍ക്ക് താരം. നിലവില്‍ സ്പാനിഷ് വമ്പന്‍ മാരായ ബാഴ്‌സിലോണയുടെ റഡാറിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്ന എറിക്‌സണാണ്‌ ഡെന്‍ മാര്‍ക്കിന്റെ ലോകകപ്പ് പ്രതീക്ഷ. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന താരം കൂടിയാണ്‌ എറിക്‌സണ്‍. സമ്മര്‍ദ്ദമുള്ള സമയങ്ങളില്‍ സാഹചര്യത്തിനൊത്ത് ഉയരാനുള്ള മിടുക്ക്, കൃത്യമായ പാസുകള്‍ പാസ് കൊടുക്കുന്നതിനൊപ്പം ഗോളുകള്‍ അടിക്കാനുള്ള മികവ് എന്നിവ എറിക്‌സന്റെ പ്ലസ് പോയിന്റുകളാണ്‌.


5. കെവിന്‍ ഡിബ്ര്യുയിന്‍

ലോകകപ്പിലെ കറുത്ത കുതിരകളാവും എന്ന് പ്രവചിക്കപ്പെടുന്ന ബെല്‍ ജിയത്തിന്റെ മധ്യനിര താരമാണ്‌ ഡിബ്രുയിന്‍. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടി കൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താരം. 12 ഗോളുകളും 20 അസിസ്റ്റുകളുമാണ്‌ ഈ സീസണില്‍ കെവിന്റെ സമ്പാദ്യം. പാസുകള്‍ കൊടുക്കുന്നതിനോടൊപ്പം ദൂരെ നിന്ന് ഷോട്ടുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിയ്ക്കാനും കെവിന്‌ മിടുക്കനാണ്‌. ഇന്ന് ലോകത്തുള്ള മികച്ച പ്ലേമേക്കര്‍മാരിലൊരാളാണ്‌ ഈ ബെല്‍ ജിയന്‍ താരം എന്ന് പറയാന്‍ കെവിന്റെ റെക്കോഡുകള്‍ മാത്രം പരിശോധിച്ചാല്‍ മതി. ഏദന്‍ ഹസാര്‍ഡിനെ പോലെ വേഗതയുള്ള ഒരു സ്‌ട്രൈക്കര്‍ ഒപ്പമുള്ളമപ്പോള്‍ ചെറിയ തലവേദന ഒന്നുമല്ല കെവിന്‍ എതിരാളികള്‍ക്ക് സൃഷ്ടിക്കാന്‍ പോവുന്നത്.


ഷാരോണ്‍ പ്രദീപ്‌

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more