| Tuesday, 21st February 2023, 10:35 am

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ അവാര്‍ഡ്‌സിലെ മികച്ച ചിത്രം ദി കശ്മീര്‍ ഫയല്‍സ്; ഫിലിം ഓഫ് ദി ഇയര്‍ ആര്‍.ആര്‍.ആര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 2022ലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്‌ ദി കശ്മീര്‍ ഫയല്‍സിനെ. വിവേക് ആഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചാണ് സംസാരിച്ചത്. ഫിലിം ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയത് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറാണ്. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം, അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ രണ്ട് ചരിത്ര പുരുഷന്മാരെ സാങ്കല്‍പികമായി ഒന്നിപ്പിച്ചാണ് രാജമൗലി ഒരുക്കിയത്.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ദി കശ്മീര്‍ ഫയല്‍സിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രം വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും വിദ്വേഷം പരത്തുകയാണെന്നും പലായനം ചെയ്ത പണ്ഡിറ്റുകളുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം അവാര്‍ഡ്‌സില്‍ ദുല്‍ഖര്‍ സല്‍മാനും നേട്ടം കൊയ്തിരുന്നു. ആര്‍. ബാല്‍കിയുടെ സംവിധാനത്തിലൊരുങ്ങിയ ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ ഡാനി എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് മികച്ച വില്ലനുള്ള പുരസ്‌കാരമാണ് ദുല്‍ഖര്‍ നേടിയത്.

സിനിമാ നിരൂപകരെ ക്രൂരമായി കൊല്ലുന്ന സൈക്കോ കില്ലറായാണ് ദുല്‍ഖര്‍ ചുപ്പിലെത്തിയത്. ചിത്രം വലിയ നിരൂപക പ്രശംസ നേടുകയും തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്നു.

ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ബ്രഹ്‌മാസ്ത്രയിലെ അഭിനയത്തിന് രണ്‍ബീര്‍ കപൂറാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കാന്താര സിനിമയിലെ പ്രകടനത്തിന് റിഷഭ് ഷെട്ടിക്ക് പ്രോമിസിങ് ആക്ടറിനുള്ള അവാര്‍ഡ് ലഭിച്ചു.

മറ്റ് അവാര്‍ഡുകള്‍

ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ടര്‍ – വരുണ്‍ ധവാന്‍ (ബേഡിയ)

ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ട്രസ് – വിദ്യാ ബാലന്‍ (ജല്‍സ)

മികച്ച സംവിധായകന്‍ – ആര്‍. ബാല്‍ക്കി (ചുപ്)

മികച്ച ഛായാഗ്രാഹകന്‍ – പി. എസ്. വിനോദ് (വിക്രം വേദ)

മികച്ച സഹനടന്‍ – മനീഷ് പോള്‍ (ജഗ്ഗ്ജഗ് ജിയോ)

മികച്ച പിന്നണി ഗായകന്‍ – സച്ചെ ടണ്ടന്‍ (മയ്യ മൈനു – ജേഴ്‌സി)

മികച്ച പിന്നണി ഗായിക – നീതി മോഹന്‍ (മേരി ജാന്‍ – ഗംഗുഭായ് ഖതിയവാഡി)

മികച്ച വെബ് സീരീസ് – രുദ്ര: ദ എഡ്ജ് ഓഫ് ഡാര്‍ക്ക്‌നെസ് (ഹിന്ദി)

ഏറ്റവും ബഹുമുഖ നടന്‍ – അനുപം ഖേര്‍ (കശ്മീര്‍ ഫയല്‍സ്)

ഈ വര്‍ഷത്തെ ടെലിവിഷന്‍ പരമ്പര – അനുപമ

മികച്ച നടന്‍ (ടെലിവിഷന്‍ സീരിസ്)- സെയ്ന്‍ ഇമാം (ഇഷ്‌ക് മേ മര്‍ജവാന്‍)

മികച്ച നടി (ടെലിവിഷന്‍ സീരിസ്)- തേജസ്വി പ്രകാശ് (നാഗിന്‍)

Content Highlight: Best Film at Dadasaheb Phalke Awards The Kashmir Files; Film of the Year R.R.R

We use cookies to give you the best possible experience. Learn more