ന്യൂദൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രാജസ്ഥാനിൽ മാത്രമേ ബി.ജെ.പിക്ക് അധികാര സാധ്യതയുള്ളൂ എന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ.
കേന്ദ്ര സർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന മിക്ക ക്ഷേമ പദ്ധതികൾക്കും കാമ്പില്ലെന്നും ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മികച്ച രീതിയിലാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ ഒബ്രിയാൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് റാലികളിൽ സമ്മാനമെന്ന രീതിയിൽ കാണിക്കുന്ന ഇത്തരം പദ്ധതികൾ പലപ്പോഴും സംസ്ഥാന സർക്കാരുകളിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുന്നതോ നരേന്ദ്ര മോദിയുടെ പേരിൽ റീബ്രാൻഡ് ചെയ്യുന്നതോ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇത്തരത്തിൽ കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച ചില പദ്ധതികളുടെ നിലവിലെ സ്ഥിതി തന്റെ ലേഖനത്തിൽ ഒബ്രിയാൻ വിലയിരുത്തുന്നുമുണ്ട്.
ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയിൽ 80 ശതമാനവും ചിലവഴിച്ചത് മാധ്യമ പ്രചരണത്തിന് മാത്രമാണെന്നും പദ്ധതി നടപ്പാക്കുന്നതിൽ അപാകതകൾ ഉണ്ടെന്ന് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസേർച്ച് കണ്ടെത്തിയിരുന്നു എന്നും അദ്ദേഹം പറയുന്നു.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ 1.68 ലക്ഷം ഗ്രാമങ്ങളിൽ കുടിവെള്ള സംവിധാനം ലഭ്യമായി എന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും 58,357 (35 ശതമാനം) ഇടങ്ങളിൽ മാത്രമാണ് ഗ്രാമ പഞ്ചായത്തുകൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഉത്തർപ്രദേശിലെ മൂന്ന് ശതമാനം വീടുകളിൽ മാത്രമാണ് സ്വന്തമായി പൈപ്പ് വെള്ളമുള്ളതെന്ന എൻ.എസ്.എസ്.ഒ കണ്ടെത്തലും ഒബ്രിയാൻ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകി വന്നിരുന്ന മൗലാന ആസാദ് ഫെലോഷിപ് സ്കീം 2022 മുതൽ നിർത്തലാക്കിയ കാര്യവും അദ്ദേഹം ഓർമപ്പെടുത്തുന്നുണ്ട്.
അതേസമയം ഇവയ്ക്ക് സമാനമായി കേന്ദ്രത്തിനും മുമ്പേ പല സംസ്ഥാനങ്ങളും പദ്ധതികൾ ആരംഭിച്ചിരുന്നുവെന്നും അവ വിജയകരമായി തന്നെ ഇപ്പോഴും തുടരുന്നു എന്നും അദ്ദേഹം പറയുന്നു.
Content Highlight: Best case scenario for BJP in state polls it will only win Rajasthan