| Thursday, 31st December 2020, 8:19 pm

മലയാളികള്‍ 2020 ല്‍ ഏറ്റുപാടിയ 8 മലയാള സിനിമാ പാട്ടുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഈ ദശാബ്ദത്തില്‍ ഏറ്റവും കുറച്ച് സിനിമകള്‍ മാത്രം റിലീസ് ചെയ്ത വര്‍ഷമാണ് കടന്നു പോകുന്നത്. വര്‍ഷത്തിന്റെ ആദ്യപാദങ്ങളില്‍ മികച്ച സിനിമകള്‍ വന്നെങ്കിലും കൊവിഡ് കാരണം ചിത്രങ്ങള്‍ ഭീഷണി നേരിടുകയായിരുന്നു.

മികച്ച സിനിമകള്‍ക്കൊപ്പം നിരവധി ഹിറ്റ് ഗാനങ്ങളും ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ ഗാനങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത എട്ട് ഹിറ്റ് ഗാനങ്ങള്‍ നോക്കാം.

1 കലക്കാത്ത സന്ദനമേറെ – അയ്യപ്പനും കോശിയും

നഞ്ചിയമ്മ എന്ന കലാകാരിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ഗാനമായിരുന്നു കലക്കാത്ത സന്ദനമേറെ എന്ന ഗാനം. അട്ടപ്പാടി സ്വദേശിനിയായ നഞ്ചിയമ്മയെ സച്ചി തന്റെ ചിത്രത്തിനായി കണ്ടെത്തുകയായിരുന്നു.

നഞ്ചിയമ്മ തന്നെ രചിച്ച് ഈണമിട്ട് പാടിയിരിക്കുന്ന ഗാനം അറേഞ്ച് ചെയ്തത് ജേക്‌സ് ബിജോയ് ആയിരുന്നു. ഈ വര്‍ഷത്തെ വൈറല്‍ ഗാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ചിത്രത്തിലെ തന്നെ ദൈവമകള്‍ തുടങ്ങിയ ഗാനങ്ങളും നഞ്ചിയമ്മയുടെതായി പുറത്തിറങ്ങിയിരുന്നു.

2. കണ്ണെ കണ്ണെ വീസാതെ – ഷൈലോക്ക്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഷൈലോക്ക്. ചിത്രത്തിലെ ബാറ് സോംഗായ കണ്ണെ കണ്ണെ വീസാതെ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് ഗോപി സുന്ദറായിരുന്നു. സീ കേരളം ചാനലിന്റെ റിയാലിറ്റി ഷോ ആയ സരിഗമപയിലെ മത്സരാര്‍ത്ഥികളായ ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവരായിരുന്നു ഗാനം ആലപിച്ചത്. വിവേക ആയിരുന്നു ഗാനത്തിന്റെ വരികള്‍ എഴുതിയിരുന്നത്.

3. ഉയിരെ കവരും – ഗൗതമന്റെ രഥം

നീരജ് മാധവനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗൗതമന്റെ രഥം. ചിത്രത്തില്‍ സിദ് ശ്രീരാം പാടിയ ഉയിരെ കവരും എന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാര്‍ ആയിരുന്നു. അങ്കിത് മേനോന്‍ ആയിരുന്നു ഗാനത്തിന്റെ സംഗീതം.

4. ഉണ്ണികൃഷ്ണന്‍ പാട്ട് – വരനെ ആവശ്യമുണ്ട്

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപിയുടെ ഒരു തിരിച്ചുവരവായി വിലയിരുത്തിയ ചിത്രത്തില്‍ ശോഭന, കല്ല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ മതി കണ്ണാ ഉള്ളത് ചൊല്ലാന്‍ എന്ന് തുടങ്ങുന്ന ഗാനം ഉണ്ണികൃഷ്ണന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് ആയിരുന്നു സംഗീതം.

5.രാത് സോംഗ് – ട്രാന്‍സ്

ഒരിടവേളക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്രാന്‍സ്. ചിത്രത്തില്‍ നസ്രിയയുടെ കഥാപാത്രത്തിന്റെ ഇന്‍ട്രോയ്ക്ക് ഉപയോഗിച്ചിരുന്ന ഗാനമായിരുന്നു രാത്. വിനായക് ശശികുമാറും കമല്‍ കാര്‍ത്തിക്കും ചേര്‍ന്ന് രചിച്ച ഗാനത്തിന് സംഗീതം പകര്‍ന്നത് റെക്‌സ് വിജയന്‍ ആയിരുന്നു. നേഹ എസ് നായര്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍ എന്നിവരായിരുന്നു ഗാനം ആലപിച്ചത്.

6. പാരാകെ- കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്

2020 ല്‍ ആദ്യമായി മിനിസ്‌ക്രീന്‍ വഴി റിലീസ് ചെയ്ത ചിത്രമായിരുന്നു കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടൊവിനോ തോമസായിരുന്നു നായകന്‍. ചിത്രത്തില്‍ സൂരജ് എസ് കുറുപ്പ് സംഗീതം പകര്‍ന്ന് വിനായക് ശശികുമാര്‍ വരികളെഴുതിയ ഗാനമായിരുന്നു പാരാകെ. റംഷി അഹമ്മദ് ആയിരുന്നു ഗാനം അലപിച്ചത്.

7.വാതുക്കല് വെള്ളരിപ്രാവ് – സൂഫിയും സുജാതയും

നരണിപ്പുഴ ഷാനവാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമായിരുന്നു സൂഫിയും സുജാതയും. എം.ജയചന്ദ്രനായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. ബി.കെ ഹരിനായണനായിരുന്നു ഗാനത്തിന്റെ വരികള്‍. നിത്യയും അര്‍ജുന്‍ കൃഷ്ണയുമായിരുന്നു ഗാനം ആലപിച്ചത്.

8. സുന്ദരനായവനെ – ഹലാല്‍ ലൗ സ്റ്റോറി

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹലാല്‍ ലൗ സ്റ്റോറി. ചിത്രത്തിലെ സുന്ദരനായവനെ… സുബ്ഹാനല്ല എന്ന ഗാനം എഴുതിയത് മൂഹ്‌സിന്‍ പരാരിയായിരുന്നു. ഷഹബാസ് അമന്‍ ആയിരുന്നു ഗാനത്തിന് സംഗീതം പകരുകയും ആലപിക്കുകയും ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Best 8 Hit Malayalam movie songs in 2020

We use cookies to give you the best possible experience. Learn more