| Monday, 11th January 2021, 5:20 pm

2021 കാത്തിരിക്കുന്ന 10 സീരീസുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ 2020 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെയും അതിലെ സീരിസുകളുടെയും സുവര്‍ണ കാലമായിരുന്നു. ഇതുവരെ സീരിസ് കാണാത്തവരടക്കം സീരിസുകള്‍ കുത്തിയിരുന്ന് കാണാന്‍ തുടങ്ങിയ സമയം കൂടിയായിരുന്നു ലോക്ക്ഡൗണ്‍. എല്ലാവരുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളില്‍ നിറഞ്ഞുനിന്നതും സീരിസ് കണ്ടതിന്റെ വിശേഷങ്ങളായിരുന്നു.

അതുകൊണ്ടു തന്നെ 2021ല്‍ ലോക്ക്ഡൗണിലും കൊവിഡിലും മുടങ്ങിപ്പോയ കുറെ സിനിമകളോടൊപ്പം സീരിസുകളും കാണാന്‍ കാത്തിരിക്കുകയാണ് മിക്കവരും. ഇപ്പോള്‍ വന്നിട്ടുള്ള സീരിസുകളുടെ അടുത്ത സീസണും പുതിയ സീരിസുകളും ഈ ബക്കറ്റ് ലിസ്റ്റിലുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാകുന്ന, എല്ലാവരും കാത്തിരിക്കുന്ന പത്ത് സീരിസുകള്‍.

1 ദ ഫാമിലി മാന്‍ 2

ആമസോണിന്റെ ഏറ്റവും വിജയിച്ച സീരിസുകളിലൊന്നായ ഫാമിലി മാന്റെ രണ്ടാം ഭാഗം 2021ല്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുകയാണ്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ആദ്യ ഭാഗം അവസാനിച്ചിരിക്കുന്നത് എന്നതുകൊണ്ടു തന്നെ സീരിസ് കണ്ട എല്ലാവരും  അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്.


മനോജ് ബാജ്പേയി, പ്രിയാമണി, ശരദ് കേല്‍ക്കര്‍, ഗുല്‍ പനംഗ്, ശ്രേയ ധന്വന്തരി എന്നിവരെ കൂടാതെ സാമന്തയും സീരിസിലുണ്ട്. നെഗറ്റീവ് റോളിലാണ് സാമന്തയെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ആദ്യ ഭാഗത്തില്‍ നീരജ് മാധവിന്റെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രണ്ടാം ഭാഗം ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുമോ അതിനേക്കാള്‍ മികച്ചതായിരിക്കുമോ എന്നെല്ലാം കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വര്‍ഷം ഇറങ്ങുന്ന ഇന്ത്യന്‍ സീരിസുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന സീരിസുകളില്‍ ഒന്നാണ് ദ ഫാമിലി മാന്‍ 2.

2 മെയ്ഡ് ഇന്‍ ഹെവന്‍ 2

2018ല്‍ ഇറങ്ങിയ സമയം മുതല്‍ ഏറെ ചര്‍ച്ചയായ സീരിസായിരുന്നു മെയ്ഡ് ഇന്‍ ഹെവന്‍. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ സീരിസിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അന്നുതന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നിത്യ മെഹ്റ, സോയ അക്തര്‍, പ്രശാന്ത് നായര്‍, അലംകൃത ശ്രീവാസ്തവ എന്നിവര്‍ സംവിധാനം ചെയ്ത മെയ്ഡ് ഇന്‍ ഹെവനില്‍ ശോഭിത ധുലിപാല, അര്‍ജുന്‍ മാഥുര്‍, ജിം സര്‍ഭ്, ശശാങ്ക് അറോറ, കല്‍കി കേക്ക്‌ല എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. പുതിയ സീസണിലും ഇവര്‍ തന്നെയായിരിക്കും പ്രധാന വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

മെയ്ഡ് ഇന്‍ ഹെവന്‍ ഒരു മാര്യേജ് ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന രണ്ട് സുഹൃത്തുക്കളും, അവരുടെ അടുത്ത കുടുംബവും സുഹൃത്തുക്കളും പ്രധാന കഥാപാത്രങ്ങളായി വരുന്ന സീരിസാണ് ഇത്. ഈ സുഹൃത്തുക്കളുടെ കമ്പനിയിലെത്തുന്ന ഓരോ കല്യാണവീട്ടുകാരും ആ വിവാഹച്ചടങ്ങുകളില്‍ നടക്കുന്ന നിരവധി കാര്യങ്ങള്‍, വ്യക്തികള്‍, ബന്ധങ്ങള്‍ അവയെല്ലാം ഈ സീരിസില്‍ ചര്‍ച്ചയാകുന്നു. സമൂഹവും ആചാരങ്ങളും അനാചരങ്ങളുമെല്ലാം ഇവിടെ പ്രതിപാദിക്കുന്നുണ്ട്. കഥയോടൊപ്പം തന്നെ സീരിസിലെ ഓരോ കഥാപാത്ര സൃഷ്ടിയും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ട സീരിസാണിത്.

ഓരോ എപ്പിസോഡിലും ഓരോ വിവാഹങ്ങളും അതിനിടയില്‍ ഇവരുടെ ജീവിതവും എന്ന ആദ്യ സീസണിലെ രീതി  തന്നെയാണ് പുതിയതിലും പിന്തുടരുകയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

3 സെക്‌സ് എഡ്യുക്കേഷന്‍ 3

രണ്ടാം ഭാഗം അവസാനിപ്പിച്ചത് ഭൂരിഭാഗം ഫാന്‍സിനെയും നിരാശപ്പെടുത്തിയെങ്കിലും, സെക്സ് എഡ്യുക്കേഷന്‍ മൂന്നാം സീസണായി കാത്തിരിക്കുകയാണ്. മേവിനെയും എറികിനെയും ഓട്ടിസിനെയും ലില്ലിയെയും ഒലയെയുമൊക്കെ കാണാന്‍ കാത്തിരിക്കുകയാണ്. ലൈംഗികതയും സെക്ഷ്വല്‍ ഓറിയേന്റെഷനും ജെന്‍ഡറിനും സ്ത്രീസൗഹൃദങ്ങളുമെല്ലാം വളരെ മനോഹരമായി ചിത്രീകരിച്ച സീരിസാണ് സെക്‌സ് എഡ്യുക്കേഷന്‍.

എന്നാല്‍ ഇവയെല്ലാം കഥയുടെ ഭാഗമായി ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞതായിരുന്നു സീരിസിന്റെ വിജയം. ആ സിനിമാറ്റിക് ഭംഗിയുടെ തുടര്‍ച്ചയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ് പങ്കുവെച്ച മൂന്നാമത്തെ സീസണിന്റെ ഷൂട്ടിംഗ് സ്റ്റില്‍സ് വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

4 മണി ഹീസ്റ്റ്

പ്രൊഫസറുടെയും ടീമിന്റെയും ആക്ഷന്‍ പാക്ക്ഡ് പെര്‍ഫോമന്‍സിനും പ്രൊഫസറുടെ തലയിലെ കാഞ്ഞ ബുദ്ധിക്കും വേണ്ടിയാണ് അടുത്ത കാത്തിരിപ്പ്. മൂന്നും നാലും  സീസണുകള്‍ ആദ്യത്തെ എപ്പിസോഡുകളുടെ അത്ര ഗംഭീരമല്ലെങ്കിലും, കണ്ടിരിക്കാനുള്ള പഞ്ചും സസ്‌പെന്‍സും ഉണ്ടായിരുന്നു. വലിയ തരക്കേടില്ലാത്ത ഒരു മുള്‍മുന പോയിന്റിലാണ് നാലാം സീസണ്‍ നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അഞ്ചാം ഭാഗം കാണാമെന്ന് തന്നെയാവും സീരിസ് കണ്ടവരൊക്കെ കരുതുന്നത്.

ബെര്‍ലിനെയൊക്കെ ആദ്യ സീസണ് ശേഷവും അടുത്ത സീസണില്‍ കാണിച്ചതുപോലെ നയ്റോബിയെ എങ്ങനെയെങ്കിലും അഞ്ചാം ഭാഗത്തില്‍ കൊണ്ടു വരണേ എന്നാണ് ആരാധകരുടെ കമന്റുകള്‍.

5 ലോഡ് ഓഫ് ദ റിംഗ്സ്

ആമസോണിന്റെ വമ്പന്‍ പ്രോജക്ടാണ് ലോഡ് ഓഫ് ദ റിംഗ്സ് സീരിസ്. ജെ.ആര്‍.ആര്‍ ടോള്‍കെയ്ന്റെ തന്നെ നോവലിനെ ആസ്പദമാക്കിയാണ് സീരിസ് ഒരുങ്ങുന്നത്. ലോകം മുഴുവന്‍ ആരാധകരുള്ള ലോഡ് ഓഫ് ദ റിംഗ്സ് സിനിമകളിലും നോവലിലുമൊക്കെ കാണിച്ചിട്ടുള്ളതിന് മുന്‍പുള്ള കാലഘട്ടമാണ് സീരിസില്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ലോകം മുഴുവനുമുള്ള ‘ലോഡ് ഓഫ് ദ റിംഗ്സ്’ ആരാധകരെ കൈക്കലാക്കാനാണ് ആമോസണ്‍ പ്രൈമിന്റെ ശ്രമമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ന്യൂസിലാന്റില്‍ വെച്ചുള്ള സീരിസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി വന്നിട്ടില്ലെങ്കിലും ആദ്യ സീസണ്‍ ഈ വര്‍ഷം തന്നെ പുറത്തിറങ്ങും.

6 താണ്ഡവ്

ആമസോണ്‍ പ്രൈമില്‍ ജനുവരി 15നാണ് താണ്ഡവ് എത്തുന്നത്. അവി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലെത്തുന്ന താണ്ടവിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്സ് ചര്‍ച്ചയാകുന്ന സീരിസാണ് താണ്ഡവ്.

ദല്‍ഹിയിലെ വമ്പന്‍ നേതാക്കള്‍ മുതല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വരെ താണ്ഡവ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളുമെല്ലമാണ് കഥാപരിസരം. ഇറങ്ങിയാല്‍ എന്തായാലും അത്യാവശ്യം വിവാദങ്ങളും നിരോധനം വിളികളൊക്കെ വരാന്‍ സാധ്യതയുള്ള സീരിസ് തന്നെയാണിത്. ഇതില്‍ അമ്മ മകന്‍ അധികാര പോരും കടന്നുവരുന്നുണ്ട്. ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇത് അത് രീതിയിലായിരിക്കും ചിത്രീകരിക്കുകയെന്നു കൂടി ആരാധകര്‍ കാത്തിരിക്കുകയാണ്.

7 സാക് സ്‌നൈഡര്‍ ജസ്റ്റിസ് ലീഗ്

ജസ്റ്റിസ് ലീഗിന്റെ സംവിധായകനായിരുന്ന സാക് സ്നൈഡര്‍ പടത്തിന്റെ ഷൂട്ടിനിടക്ക് പടത്തില്‍ നിന്നും ഒഴിവായതും പിന്നെ പടത്തിന് മോശം അഭിപ്രായം വന്നതും  വന്‍ ചര്‍ച്ചയായിരുന്നു. സ്നൈഡര്‍ ആദ്യം വിചാരിച്ച കഥയില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ വന്നതും  ചര്‍ച്ചയായിരുന്നു. പിന്നീട് ആരാധകര്‍  സ്നൈഡര്‍ വിചാരിച്ച സിനിമ ഇറക്കണമെന്ന ആവശ്യവുമായി വന്നു. അങ്ങനെ ഒടുവില്‍ ജസ്റ്റിസ് ലീഗിന്റെ ലെങ്തി ഡയറക്ടേഴ്സ് കട്ട് സ്നൈഡര്‍ കട്ട എന്ന പേരില്‍ എച്ച്.ബി.ഒ മാക്സില്‍ വരികയാണ്.

സംഭവം സിനിമയുടെ ഡയറക്ടേഴ്സ് കട്ട് ആണെങ്കിലും മിനി സീരിസായിട്ടാണ് ഇത് വരുന്നത്.  ഇപ്പോള്‍ പറഞ്ഞിതിലൊക്കെ വെച്ച് ആരാധകര്‍ ഏറ്റവും ആകാംക്ഷയുടെ കാത്തിരിക്കുന്നത് സ്നെെഡര്‍ കട്ട് വരുന്നത്.  മാര്‍ച്ചിലാണ് സീരിസ് വരുന്നത്.

8 ലോകി

മാര്‍വല്‍ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട വില്ലനായ ലോകിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സീരിസാണ് അടുത്തത്. അവഞ്ചേഴ്‌സിന്റെ സ്പിന്‍ ഓഫ് സീരിസായതിനാല്‍ അയേണ്‍ മാനും ഹള്‍ക്കും ബ്ലാക് വിഡോയുമെല്ലാം സീരിസില്‍ കടന്നുവരുമെന്നാണ് ട്രെയ്‌ലറില്‍ നിന്നും മനസ്സിലാകുന്നത്. ഡിസ്‌നി പ്ലസില്‍ മെയ് മാസത്തിലായിരിക്കും സീരിസ് എത്തുക.

ക്രൈം ത്രില്ലറായെത്തുന്ന സീരിസില്‍ ടി.വി.എ(ടൈം വാരിയന്‍സ് അതോറിറ്റി)യുമായി ഏറ്റുമുട്ടുന്ന ലോകിയെയാണ് കാണുന്നത്. ഒവന്‍ വില്‍സണ്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഒവന്‍ വില്‍സണിന്റെ കരിയറിലെ വ്യത്യസ്തമായ റോളായിരിക്കും ലോകിയിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയ്‌ലറില്‍ എവിടെയും കഥാപാത്രത്തിന്റെ പേര് പറയുന്നില്ലെങ്കിലും ട്രെയ്‌ലറിന് പിന്നാലെ ഒവന്‍ വില്‍സണിന്റെ കഥാപാത്രത്തെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.

അവഞ്ചേഴ്‌സിലെ ലോകിയെ ഫേവറിറ്റ് വില്ലനായും പിന്നീട് പ്രിയപ്പെട്ട സഹകഥാപാത്രമായുമൊക്കെ ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ച ടോം ഹിഡല്‍സ്റ്റോണിന്റെ മുഴുനീള പെര്‍ഫോമന്‍സ് കാണാന്‍ അവസരമൊരുങ്ങുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് ആരാധകര്‍.

ആക്ഷനും സൂപ്പര്‍ പവറും ലോകിയുടെ തനതായ കോമഡി പഞ്ച് ഡയലോഗുകളും കൊണ്ട് ലോകി ആരാധകരെ പിടിച്ചിരുത്തും എന്നാണ് മാര്‍വലിന്റെ പ്രതീക്ഷ. 2011ല്‍ തോര്‍ എന്ന സൂപ്പര്‍ ഹീറോ ചിത്രത്തിലൂടെ ആദ്യമായെത്തിയ ലോകി പിന്നീട് അവഞ്ചേഴ്‌സിലുമെത്തി. തോര്‍, അവഞ്ചേഴ്‌സ് ചിത്രങ്ങളില്‍ വില്ലനായും സഹായിയായും മാറിമാറി പ്രത്യക്ഷപ്പെട്ടിരുന്നു. ലോകി രസമുള്ള കാഴ്ചാനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ.

9 സ്ട്രേഞ്ചര്‍ തിംഗ്സ്

സ്ട്രേഞ്ചര്‍ തിംഗ്സിന്റെ നാലാമത്തെ സീസണാണ് ഇറങ്ങാനുള്ള മറ്റൊരു സീരിസ്. ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സ്ട്രേഞ്ചര്‍ തിംഗ്സ് നെറ്റ്ഫ്ളിക്സിന്റെ ഏറ്റവും ഹിറ്റ് പോപ്പുലറായ സീരിസുകളിലൊന്നാണ്. 2016ലാണ് സ്ട്രേഞ്ചര്‍ തിംഗ്സ് റിലീസ് ചെയ്യുന്നത്. ഒരു സാങ്കല്‍പിക നഗരവും അവിടുത്തെ ഒരു കുട്ടിക്കൂട്ടവും അവര്‍ക്ക് നേരിടേണ്ടി വരുന്ന കുറെ സൂപ്പര്‍ നാച്ചുറല്‍ ശക്തികളടക്കമുള്ള പ്രതിസന്ധികളുമാണ് സീരിസിന്റെ കഥാപശ്ചാത്തലം.

നിരവധി അവാര്‍ഡുകള്‍ നേടിയ സീരിസിലെ, കഥയും അഭിനയവും മുതല്‍ എല്ലാ മേഖലകളും ഒരുപോലെ ശ്രദ്ധ നേടിയ സീരിസാണിത്.

10 മുംബൈ ഡയറീസ് 26/11

മുംബൈ ആക്രമണത്തെ ആസ്പദമാക്കിയൊരുക്കുന്ന സീരിസാണ് മുംബൈ ഡയറീസ് 26/11. ഇതിന്റെ ഫസ്റ്റ് ലുക്ക് നവംബര്‍ 26ന് സംഭവത്തിന്റെ വാര്‍ഷികദിനത്തില്‍ പുറത്തുവിട്ടിരുന്നു. മോഹിത് റെയ്‌ന, കൊങ്കണ സെന്‍ ശര്‍മ, ടിന ദത്ത, ശ്രേയ ധന്വന്തരി എന്നിവരാണ് സീരിസില്‍ പ്രധാന വേഷത്തിലെത്തുന്നത്. മാര്‍ച്ചിലായിരിക്കും സീരിസ് പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ ആക്രമണസമയത്ത് ആളുകളെ രക്ഷിക്കാനായി ആദ്യമെത്തിയ ചിലര്‍ നടത്തിയ ഇടപെടലുകളാണ് സീരിസിന്റെ പ്രമേയം. ആക്രമണം നടന്ന ദിവസങ്ങളിലെ ഇവരുടെ കഥയാണ് സീരിസില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Best 10 Series to watch in 2021

We use cookies to give you the best possible experience. Learn more