| Tuesday, 17th September 2024, 3:17 pm

മോഹന്‍ലാലിനെക്കാള്‍ മമ്മൂട്ടിയുമായി ഫൈറ്റ് ചെയ്യുന്നതാണ് ഏറ്റവും കഷ്ടം: ബസന്ത് രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വില്ലന്‍ വേഷങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബസന്ത് രവി. തമിഴില്‍ നൂറിലധികം ചിത്രങ്ങളുടെ ഭാഗമായ ബസന്ത് മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അലിഭായ്, തൊമ്മനും മക്കളും എന്നീ സിനിമയില്‍ വില്ലനായെത്തിയ ബസന്ത് അരവിന്ദന്റെ അതിഥികളില്‍ അതുവരെ കാണാത്ത കഥാപാത്രമായാണ് എത്തിയത്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ബസന്ത്.

രണ്ടുപേരും മികച്ച നടന്മാരാണെന്നും ഫൈറ്റ് സീക്വന്‍സുകളില്‍ രണ്ട് തരത്തിലാണ് അവരെന്നും ബസന്ത് പറഞ്ഞു. മോഹന്‍ലാലിനൊപ്പം ഫൈറ്റ് ചെയ്യുന്നത് തനിക്ക് എളുപ്പമാണെന്നും മമ്മൂട്ടിയുമായി ഫൈറ്റ് ചെയ്യുന്നത് കുറച്ച് കഷ്ടമാണെന്നും ബസന്ത് കൂട്ടിച്ചേര്‍ത്തു. കളരി പോലുളള മാര്‍ഷ്യല്‍ ആര്‍ട്‌സ് അറിയാവുന്നതുകൊണ്ട് മോഹന്‍ലാലിന് ഫൈറ്റിന്റെ ടൈമിങ് കറക്ടായി മനസിലാകുമെന്നും നമുക്ക് അതിന്റെ കൂടെ സിമ്പിളായി പിടിച്ചുനില്‍ക്കാന്‍ പറ്റുമെന്നും ബസന്ത് പറഞ്ഞു.

എന്നാല്‍ മമ്മൂട്ടിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍ ഫൈറ്റിന്റെ സിങ്ക് കൃത്യമായി കിട്ടില്ലെന്നും താന്‍ അതുമായി അഡ്ജസ്റ്റ് ചെയ്യേണ്ടി വരാറുണ്ടെന്നും ബസന്ത് കൂട്ടിച്ചേര്‍ത്തു. ഒരു നടന്‍ ഫൈറ്റ് ചെയ്യുമ്പോള്‍ ടൈമിങ് കൃത്യമായിരിക്കണമെന്നും അല്ലെങ്കില്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും  ബസന്ത് പറഞ്ഞു. ഓരോ ഫൈറ്റ് സീനിലും മമ്മൂട്ടി മാക്‌സിമം അപകടമുണ്ടാകാതെ നോക്കാറുണ്ടെന്നും ബസന്ത് കൂട്ടിച്ചേര്‍ത്തു. ചായ് വിത് ചിത്ര എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മമ്മൂട്ടി സാറുമായും മോഹന്‍ലാല്‍ സാറുമായും ആക്ഷന്‍ സീന്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരുടെയും രീതി വ്യത്യസ്തമാണ്. രണ്ടാളും മികച്ച നടന്മരാണ്. മമ്മൂട്ടി സാറുമായി ഫൈറ്റ് ചെയ്യുന്നതാണ് കഷ്ടം. മോഹന്‍ലാല്‍ സാറുമായുള്ള ഫൈറ്റ് എളുപ്പമാണ്. കാരണം, പുള്ളി കളരിയും മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിച്ചിട്ടുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഫൈറ്റിന്റെ സിങ്ക് കറക്ടായി കിട്ടും. അലിഭായ് എന്ന സിനിമയില്‍ ഞാനത് കണ്ടിട്ടുള്ളതാണ്.

പക്ഷേ മമ്മൂട്ടി സാറിന് പലപ്പോഴും സിങ്ക് കിട്ടാറില്ല. നമ്മള്‍ പുള്ളിയുടെ അടുത്തേക്ക് സിങ്കായി പോകേണ്ടി വരും. പക്ഷേ നമുക്ക് അപകടം വരുന്ന കാര്യങ്ങള്‍ പുള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. അതൊക്കെ നല്ല നടന്മാരുടെ ലക്ഷണങ്ങളാണ്. പല നടന്മാരും ആദ്യമായി ഫൈറ്റ് ചെയ്യുമ്പോള്‍ ടൈമിങ് ശരിയാകാതെ നമ്മളെ ശരിക്ക് അടിച്ചുകളയും. ഈ രണ്ട് പേരുടെയടുത്ത് നിന്ന് അങ്ങനെയുണ്ടായിട്ടില്ല,’ ബസന്ത് രവി പറഞ്ഞു.

Content Highlight: Besant Ravi about doing action sequence with Mammootty and Mohanlal

We use cookies to give you the best possible experience. Learn more