| Wednesday, 22nd February 2023, 9:34 am

മിറ്റന്‍ മീമിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ബെര്‍ണി സാന്‍ഡേഴ്‌സന്റെ പുതിയ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കന്‍ സെനറ്ററും, ഇടതുപക്ഷ പ്രചാരകനുമായ ബെര്‍ണി സാന്‍ഡേഴ്‌സന്റെ പുതിയ ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഹോട്ടലിന് മുന്നില്‍ വെച്ച് റെക്കോര്‍ഡ് ചെയ്യുന്ന ഡാന്‍സ് വീഡിയോക്കിടയില്‍ അറിയാതെ നടന്നു വരുന്ന ബെര്‍ണി, ക്യാമറ കണ്ട് ഞെട്ടി നില്‍ക്കുന്നതും, ശേഷം വഴി മാറി പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്.  @taylorchamp എന്ന ടിക് ടോക് അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു മില്യണിലധികം ആളുകളാണ് കണ്ടത്.

ട്വിറ്ററിലും വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘മിറ്റന്‍ മീമിനോളം ഈ വീഡിയോയും ശ്രദ്ധിക്കപ്പെടും’, ‘ഇതാണ് പെര്‍ഫെക്ട് ബെര്‍ണി റിയാക്ഷന്‍’, ‘അമേരിക്കയിലെ തന്നെ മോസ്റ്റ് റിലേറ്റബ്ള്‍ സെനറ്ററാണ് ബെര്‍ണി’ എന്നൊക്കെയാണ് കമന്റുകള്‍ നിറയുന്നത്.

ശേഷം ഇതേ അക്കൗണ്ടില്‍ നിന്ന് തന്നെ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍ ക്യാമറയുടെ മുന്നിലേക്ക് കയറിവരുന്ന ബെര്‍ണിയുടെ ഭാര്യയെയും കാണാന്‍ സാധിക്കുന്നുണ്ട്. ഈ വീഡിയോയും വൈറലായിക്കഴിഞ്ഞു.

2007 മുതല്‍ അമേരിക്കയിലെ വെര്‍മോന്റ് പ്രവിശ്യയിലെ സെനറ്ററാണ് ബെര്‍ണി സാന്‍ഡേഴ്‌സ്. 2021-ല്‍ പ്രസിഡന്റ് ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മാസ്‌ക്കും, സ്‌കാര്‍ ഫും, ഗ്ലൗസും ധരിച്ച് കസേരയിലിരിക്കുന്ന ബെര്‍ണിയുടെ ചിത്രം ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. ശേഷം മീമുകളും, വീഡിയോകളുമായി ചിത്രം വൈറലായി. ഇതിനു പിന്നാലെയാണ് ടിക് ടോക് വീഡിയോയും വൈറലായി കൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ ഇടതുപക്ഷ ചിന്തകരില്‍ പ്രധാനിയായ ബെര്‍ണി മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ വലിയ വിമര്‍ശകന്‍ കൂടിയാണ്. അമേരിക്കയുടെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് കൊണ്ടുള്ള ബെര്‍ണിയുടെ ലേഖനങ്ങളും, പ്രസംഗങ്ങളും വലിയ സ്വീകാര്യത നേടാറുണ്ട്. ഓണ്‍ലൈന്‍ ഭീമനായ ആമസോണിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തെത്തിയ ഇദ്ദേഹത്തിന്റെ നിലപാടുകള്‍ വലിയ ചര്‍ച്ചയായിരുന്നു.

2021ല് പ്രസിഡന്റ് ഇലക്ഷനോടനുബന്ധിച്ച് ബെര്ണി സാന്ഡേഴ്‌സ് എഴുതിയ ലേഖനത്തിന്റെ മലയാളം പരിഭാഷ ഡൂള് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. വായിക്കാന്ലിങ്ക് ക്ലിക്ക് ചെയ്യുക.

Content Highlight: Bernie sanders viral video on tik tok

We use cookies to give you the best possible experience. Learn more