| Wednesday, 20th February 2019, 8:12 am

2020 അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പ്; സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് ബെര്‍നി സാന്‍ഡേഴ്‌സ് മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2020 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. വെര്‍മോണ്ട് പബ്ലിക് റേഡിയോവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2016ല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി ട്രംപിനെതിരെ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും നറുക്ക് വീണത് ഹിലാരി ക്ലിന്റണ് ആയിരുന്നു. സ്വതന്ത്രനായ സെനറ്ററാണ് സാന്‍ഡേഴ്‌സ്. പിന്നീട് അദ്ദേഹം ഇക്കാര്യം ട്വിറ്ററില്‍ പങ്കു വെക്കുകയും ചെയ്തു

2016ലെ സാന്‍ഡേഴ്‌സിന്റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാവാനുള്ള പ്രചരണം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രചരണത്തിനായി വന്‍കിട കോര്‍പറേറ്റുകളില്‍ നിന്നും ഫണ്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറാകാഞ്ഞ സാന്‍ഡേഴ്‌സ് അമേരിക്കയുടെ മുതലാളിത്ത രാഷ്ട്രീയത്തില്‍ നിന്നും വിഭിന്നമായ രാഷ്ട്രീയം പറയുന്നയാളാണ്.

2016ല്‍ തന്റെ പ്രചരണത്തോടെ ആരംഭിച്ച രാഷ്ട്രീയ വിപ്ലവം 2020 ഓടെ പൂര്‍ത്തിയാക്കണമെന്ന് സാന്‍ഡേഴ്‌സ് തന്റെ അണികളോട് ആഹ്വാനം ചെയ്തു. നീയും ഞാനും ഒരുമിച്ചാണ് 2016ല്‍ രാഷ്ട്രീയ വിപ്ലവം ആരംഭിച്ചത്. ആ വിപ്ലവം പൂര്‍ത്തിയാക്കി നമ്മള്‍ എന്തിനു വേണ്ടി പോരടിയോ അത് സാക്ഷാത്കരിക്കാനുള്ള സമയമാണിത്. അദ്ദേഹം തന്റെ അണികള്‍ക്കയച്ച് ഇ മെയില്‍
സന്ദേശത്തില്‍ പറയുന്നു.

Also Read പ്രളയാനന്തര കേരളത്തില്‍ പ്രസക്തിയേറുന്ന  മുത്തങ്ങയുടെ മുദ്രാവാക്യങ്ങള്‍…

ഈ വര്‍ഷം നിരവധി വനിതാ സ്ഥാനാര്‍ത്ഥികളും പ്രസിന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ട് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ്, തുള്‍സി ഗബ്ബാര്‍ദ്, ക്രിസ്റ്റെന്‍ ഗില്ലിബ്രാന്‍ഡ് എന്നിവരാണ് പ്രസിഡന്റ് ആവാന്‍ മുന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍. അമേരിക്കയ്ക്ക് ഇന്നേ വരെ വനിതാ പ്രസിഡന്റ് ഉണ്ടായിട്ടില്ല.

ട്രംപിനെ നിരന്തരം വിമര്‍ശിക്കുന്ന സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റിനെ രാജ്യത്തിന് അപമാനം എന്നാണ് വിശേഷിപ്പിക്കുന്നത്. “അയാള്‍ ഒരു വംശീയ വെറിയനാണ്, സ്ത്രീവിരുദ്ധനാണ്, വിദേശി വിരുദ്ധനുമാണെന്നായിരുന്നു” അദ്ദേഹം ട്രംപിനെ വിശേഷിപ്പിച്ചത്. 2016 ട്രംപിനെ പരാജയപ്പെടുത്താന്‍ ഹിലാരിയെ പിന്തുണക്കാന്‍ സാന്‍ഡേഴ്‌സ് മുന്നിലുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more