| Sunday, 31st January 2021, 11:42 am

യുദ്ധത്തിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയല്ല പുതിയ ഇറാന്‍ പ്രതിനിധി റോബര്‍ട്ട് മാലി; ബൈഡന് പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇറാനിലെ അമേരിക്കന്‍ പ്രതിനിധിയായി മുന്‍ ഒബാമ സര്‍ക്കാരിന്റെ കാലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മാലിയെ നിയമിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്തുണയുമായി സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്. \

മാലിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കടുക്കവെയാണ് വിഷയത്തില്‍ ബൈഡന് പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ് മുന്നോട്ട് വന്നത്.

യുദ്ധത്തിലൂടെയല്ലാതെ നയതന്ത്ര പ്രാവീണ്യത്തിലൂടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള വ്യക്തിയാണ് റോബര്‍ട്ട് മാലിയെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.

” നല്ല വാര്‍ത്ത, വിദേശകാര്യ നയങ്ങള്‍ വിജയിപ്പിക്കാന്‍ റോബര്‍ട്ട് മാലിയോളം കഴിവുള്ള വേറൊരാളുമില്ല. അതുകൊണ്ട് തന്നെയാണ് തീവ്രവിഭാഗങ്ങള്‍ക്ക് തീരുമാനം ദഹിക്കാത്തത്,” സാന്‍ഡേഴ്‌സിന്റെ വിദേശകാര്യ ഉപദേഷ്ടാവ് മാറ്റ് ദസ് പറഞ്ഞു. തന്റെ തീരുമാനത്തില്‍ ബൈഡന്‍ ഉറച്ചു നിന്നത് നന്നായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഇറാനിലെ ഒരു ഗ്രൂപ്പ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പരാതി അയച്ചിരുന്നു. മാലിയെ നിയമിക്കരുത് എന്നാവശ്യപ്പട്ടാണ് നാഷണല്‍ യൂണിയന്‍ ഫോര്‍ ഡെമോക്രാസി ഇന്‍ ഇറാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തയച്ചത്.

അതേസമയം ഇറാനിലെ ഭൂരിഭാഗം പേര്‍ക്കും മാലിയുടെ നിയമനത്തില്‍ താത്പര്യമാണുള്ളത്. പല വിഷയങ്ങളിലും ഇറാന്‍ അനകൂല നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് മാലി.

ആണവകരാറില്‍ തുടരാന്‍ ഇറാനെ സ്വാധീനിക്കുന്നതിലും യുറേനിയം സമ്പുഷ്ടീകരണം വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്താനും സമ്മര്‍ദ്ദം ചെലുത്തിയ വ്യക്തിയാണ് റോബര്‍ട്ട് മാലി. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന നിലപാട് കൂടി സ്വീകരിച്ച വ്യക്തിയാണ് അദ്ദേഹം.

അതുകൊണ്ട് തന്നെ ഇറാനുകൂടി സമ്മതനായ വ്യക്തിയെ പ്രതിനിധിയാക്കുന്നതു വഴി ആണവകരാറിലേക്ക് ഉടന്‍ തിരികെയത്തുമെന്ന സൂചനയാണ് ബൈഡന്‍ നല്‍കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bernie Sanders Support Biden over the appoint of Rober Malley as the New Iran Envoy to America

We use cookies to give you the best possible experience. Learn more