| Wednesday, 3rd January 2024, 3:12 pm

അമേരിക്കക്കാരുടെ നികുതി പണം ഉപയോഗിച്ച് ഗസയില്‍ വംശഹത്യ നടത്തേണ്ട; ഇസ്രഈലിന് സാമ്പത്തിക സഹായം നല്‍കുന്നതിനെ എതിര്‍ത്ത് ബെര്‍ണി സാന്‍ഡേഴ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഫലസ്തീനെതിരായ ഇസ്രഈല്‍ വംശഹത്യയില്‍ വിമര്‍ശനവുമായി യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്. ഇസ്രഈല്‍ സൈന്യത്തിന് 10 ബില്ല്യണ്‍ സൈനികസഹായം നല്‍കുന്നതിനെയും യു.എസ് സെനറ്റര്‍ എതിര്‍ത്തു. ഗസയിലെ നിരപരാധികളായവരുടെ ജീവിതം നശിപ്പിക്കുന്നതില്‍ അമേരിക്ക ഇനി പങ്കാളികളാകരുതെന്നും സാന്‍ഡേഴ്സ് പറഞ്ഞു.

‘ഇനിയും ഇത് തുടരുന്നത് അനുവദിക്കാനാവില്ല. അമേരിക്കയിലെ നികുതിദായകരുടെ പണം ഉപയോഗിച്ച് ഗസയിലെ നിരപരാധികളെ ഇല്ലാതാക്കുകയാണ്. കുട്ടികളും സ്ത്രീകളും പുരുഷന്മാരും കൊല്ലപ്പെടുകയാണ്. അതില്‍ ഇനിയും അമേരിക്ക പങ്കാളികളാകരുത്,’ സാന്‍ഡേഴ്സ് പറഞ്ഞു.

എന്നാല്‍ ഒരുമാസംമുമ്പ് റോക്കറ്റ്, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ യു.എസ് ഇസ്രഈലിന് കൈമാറിയതിനെ പിന്തുണച്ചുകൊണ്ട് സാന്‍ഡേഴ്സ് രംഗത്ത് വന്നിരുന്നു.

ഹമാസിന്റെ ക്രൂരമായ ഭീകരാക്രമണമാണ് ഫലസ്തീന്‍-ഇസ്രഈല്‍ യുദ്ധത്തിന് തുടക്കമിട്ടത്. പക്ഷേ തുടര്‍ന്ന് ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ സൈനിക പ്രതികരണങ്ങള്‍ അധാര്‍മികവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു .

അതേസമയം ഇസ്രഈല്‍ ഗസക്കെതിരെ ഉപയോഗിക്കുന്നത് അമേരിക്കന്‍ നിര്‍മിത ബോംബുകളും ഷെല്ലുകളും ആയുധങ്ങളുമാണ്.

ഇസ്രഈല്‍ ആക്രമണത്തില്‍ ഏകദേശം 22,000 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 57,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് സാന്‍ഡേഴ്സ് പറഞ്ഞു. അതുപോലെ 70 ശതമാനം ഗസ പ്രദേശങ്ങള്‍ നശിക്കുകയും 85 ശതമാനത്തോളം ഗസ നിവാസികള്‍ കുടിയൊഴിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

ഗസയിലെ ഫലസ്തീനികളെ സ്ഥിരമായി കുടിയൊഴിപ്പിക്കണമെന്ന് നെതന്യാഹു സര്‍ക്കാരിലെ രണ്ട് പ്രധാന സഖ്യകക്ഷികള്‍ പ്രസ്താവന നടത്തിയിരുന്നു. ഇത് നിരുത്തരവാദപരമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാന്‍ഡേഴ്സ്‌ന്റെ പ്രതികരണം.

ഒക്ടോബറില്‍ ദേശീയ സുരക്ഷാ പദ്ധതി പ്രകാരം ഇസ്രഈലിന് 106 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍ക്കുന്നതിന് വൈറ്റ് ഹൗസ് നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെ 14 ബില്യണ്‍ ഡോളര്‍ ഇസ്രഈലിന് സഹായം നല്‍കുന്ന ബില്‍ സെനറ്റ് പാസാക്കി പക്ഷേ ഡെമോക്രാറ്റുകള്‍ അതിനെ എതിര്‍ത്തു.

ദേശീയ അടിയന്തരാവസ്ഥയുടെ അടിസ്ഥാനത്തില്‍ 147.5 മില്യണ്‍ ഡോളര്‍ വിലവരുന്ന 155 എം.എം പീരങ്കി ഷെല്ലുകള്‍ ഇസ്രഈലിന് നല്‍കാന്‍ കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയിരുന്നു.

Content Highlights : Bernie Sanders says about Israil right-wing government and american funding

Latest Stories

We use cookies to give you the best possible experience. Learn more