| Wednesday, 17th March 2021, 2:26 pm

'ജീവിക്കാന്‍ ആളുകള്‍ പെടാപ്പാടുപെടുമ്പോള്‍ എല്ലാം നിങ്ങള്‍ക്ക് ഒറ്റയ്ക്ക് വേണമെന്നാണോ'? ജെഫ് ബേസോസിനെ നിര്‍ത്തിപ്പൊരിച്ച് ബേണി സാന്‍ഡേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്.

മെച്ചപ്പെട്ട വേതനത്തിനും തൊഴിലിടത്തിനും വേണ്ടി ആമസോണിലെ തൊഴിലാളികള്‍ സംഘടിക്കുന്നതില്‍ എന്താണ് ലോകത്തിലെ ഏറ്റവും സമ്പന്നായ ജെഫ് ബെസോസിന് പ്രശ്‌നമെന്ന് ബേണി സാന്‍ഡേഴ്‌സ് ചോദിച്ചു.

ആമസോണ്‍ അലബാമ വെയര്‍ഹൗസില്‍ തൊഴിലാളികള്‍ യൂണിയന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലായിരുന്നു ബേണി സാന്‍ഡേഴ്‌സിന്റെ പ്രതികരണം.

”ഈ ഭൂലോകത്തെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസിനോട് ഞാന്‍ ചോദിക്കുകയാണ്, അര്‍ഹമായ ശമ്പളത്തിനും മെച്ചപ്പെട്ട തൊഴിലിടത്തിനും വേണ്ടി ആമസോണിലെ ജീവനക്കാര്‍ സംഘടിക്കുന്നതില്‍ എന്താണ് നിങ്ങള്‍ക്ക് പ്രശ്‌നം.

നിങ്ങള്‍ക്ക് 182 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്തുണ്ട്. എല്ലാവരും ജീവിക്കാന്‍ പെടാപ്പാടുപെടുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ഒറ്റയ്ക്ക് കൈവശപ്പെടുത്താന്‍ സാധിക്കില്ല,” ബേണി സാന്‍ഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ആമസോണിലെ അലബാമ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തടസം നിന്ന ജെഫ് ബെസോസിനെതിരെ ബേണി സാന്‍ഡേഴ്‌സ് മുന്നോട്ടു വന്നിരുന്നു.

‘ജെഫ് ബെസോസിനോടും, ആമസോണിനോടും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമാണ്. ഈ നികൃഷ്ടമായ യൂണിയന്‍ വിരുദ്ധ നയങ്ങള്‍ ഉപേക്ഷിക്കണം.

ഈ രാജ്യത്തെ ഓരോ പൗരനും യൂണിയന്റെ ഭാഗമാകാനുള്ള അവകാശമുണ്ട്,’ എന്നായിരുന്നു ബേണി സാന്‍ഡേഴ്‌സ് പറഞ്ഞത്.

പ്രധാനമായും കറുത്ത വര്‍ഗക്കാര്‍ ജോലി ചെയ്യുന്ന അലബാമ വെയര്‍ഹൗസില്‍ തൊഴിലാളി ചൂഷണം കടുത്തതോടെയാണ് യൂണിയന്‍ ആരംഭിക്കാന്‍ അവിടുത്ത വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പദ്ധതിയിട്ടത്.

എന്നാല്‍ തുടക്കം മുതല്‍ തന്നെ യൂണിയന്‍ ഉണ്ടാകുന്നത് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ടായിരുന്നു. ഇപ്പോള്‍ വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് തൊഴിലാളികളെ സ്വാധീനിച്ച് വോട്ടെടുപ്പ് അനുകൂലമായി മാറ്റിയെടുക്കാന്‍ കമ്പനി ശ്രമിക്കുന്നത്.

ഇതിനെതിരെ തുറന്ന വിമര്‍ശനവുമായി അലബാമ വെയര്‍ഹൗസിലെ തൊഴിലാളികള്‍ പരസ്യമായി മുന്നോട്ട് വന്നതിന് പിന്നാലെ ആമസോണ്‍ വീണ്ടും ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

ആറായിരത്തിലധികം തൊഴിലാളികളാണ് അലബാമ വെയര്‍ഹൗസില്‍ യൂണിയന്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.

2014 മുതല്‍ യൂണിയന്‍ ആരംഭിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് കേസ് നല്‍കി ആമസോണ്‍ വൈകിപ്പിക്കുകയായിരുന്നു. നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് വോട്ടെടുപ്പിന് ആമസോണിന് സമ്മതിക്കേണ്ടി വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bernie Sanders Criticizes Amazon CEO Jeff Bezos

We use cookies to give you the best possible experience. Learn more