വാഷിംഗ്ടൺ: ജീവനക്കാർക്ക് മണിക്കൂറിൽ പതിനഞ്ച് ഡോളർ (1088രൂപ) കുറഞ്ഞ വേതനം നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിൽ വാൾമാർട്ടിനോടും മക്ക് ഡൊണാൾഡ്സിനോടും വിശദീകരണം തേടി അമേരിക്കൻ സെനറ്റർ ബേണി സാൻഡേഴ്സ്.
വാൾമാർട്ടിന്റെയും മക്ക്ഡൊണാൾഡ്സിന്റെയും ജീവനക്കാരുടെ മിനിമം വേതനം തുച്ഛമാണെന്നും ഭക്ഷ്യ കിറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് അവർക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് ഇവർക്ക് മിനിമം വേതനം കൊടുക്കാൻ സാധിക്കാത്തത് എന്നതിൽ ഒരു വിശദീകരണം വേണമെന്നും നികുതി കൊടുക്കുന്ന ജനങ്ങൾ ഇതിൽ ഉത്തരം അർഹിക്കുന്നുണ്ടെന്നും ബേണി സാൻഡേഴ്സ് കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റുകളുടെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് അമേരിക്കയിൽ മിനിമം വേതനം 15 ഡോളറായി ഉയർത്തിയത്. ബൈഡന്റെ തീരുമാനത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു.
എന്നാൽ ഭീമൻ കമ്പനികൾ തുക തൊഴിലാളികൾക്ക് കൊടുക്കാൻ തയ്യാറാവുന്നില്ലെന്ന വാർത്തകളും ഇതിന് പിന്നാലെ വന്നിരുന്നു. അമേരിക്കയിൽ മിനിമം വേതനം ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി സമരങ്ങളും നേരത്തെ നടന്നിരുന്നു.
ആമസോണിലെ അലബാമ വെയർ ഹൗസിൽ തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട വോട്ടെടുപ്പിനും പിന്തുണയുമായി ബേണി സാൻഡേഴ്സ് എത്തിയിരുന്നു. പ്രധാനമായും കറുത്ത വര്‍ഗക്കാര്‍ ജോലി ചെയ്യുന്ന അലബാമ വെയര്‍ഹൗസില്‍ തൊഴിലാളി ചൂഷണം കടുത്തതോടെയാണ് യൂണിയന്‍ ആരംഭിക്കാന്‍ ഇവിടുത്ത വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പദ്ധതിയിട്ടത്.
തൊഴിലാളി യൂണിയന് വേണ്ടിയുള്ള വോട്ടെടുപ്പിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് പറഞ്ഞാണ് ബേണി സാൻഡേഴ്സ് മുന്നോട്ട് വന്നത്. മിനിമം വേതനം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച സെനറ്റർ കൂടിയാണ് ബേണി സാൻഡേഴ്സ്.