വാഷിംഗടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ട്രംപിന്റെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്ന മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ബേണി സാന്‍ഡേഴിസിന്റെ പ്രവചനം വൈറലാകുന്നു. രണ്ടാഴ്ച മുന്നെയുള്ള ഒരു അഭിമുഖത്തിലായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രവചനം.
ഇത്തവണ തപാല്‍ വോട്ടുകളുടെ പ്രളയമായിരിക്കും, തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം രാത്രി തന്നെ ട്രംപ് തന്റെ വിജയപ്രഖ്യാപനം നടത്തും, തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ബൈഡന്‍ ജയിക്കും, തപാല്‍ വോട്ടില്‍ തട്ടിപ്പ് നടക്കുമെന്ന് താന്‍ പണ്ടേ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തും എന്നായിരുന്നു സാന്‍ഡേഴ്‌സ് പറഞ്ഞത്.
ഒക്ടബോര്‍ 23ന് ദ ടുനൈറ്റ് ഷോയിലാണ് വെര്‍മണ്ട് സെനറ്ററായ ബേണീ സാന്‍ഡേഴ്‌സ് പങ്കെടുത്തത്. നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പിന്റെ ഫവപ്രഖ്യാപനം എപ്പോഴറിയാമെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു സാന്‍ഡേഴ്‌സിന്റെ മറുപടി.
‘തെരഞ്ഞെടുപ്പ് നടക്കുന്ന രാത്രി 10 മണിക്ക് മിഷിഗണിലും പെന്‍സില്‍വാനിയയിലും വിസ്‌കോണ്‍സിനിലും ട്രംപ് വിജയിച്ചതായായിരിക്കും പറയുക. തുടര്‍ന്ന് ‘എന്നെ വീണ്ടും തെരഞ്ഞെടുത്ത അമേരിക്കന്‍ ജനതയ്ക്ക് നന്ദി. എല്ലാം കഴിഞ്ഞു. എല്ലാവര്‍ക്കും ഒരു നല്ല ദിനം ആശംസിക്കുന്നു’ എന്ന് അപ്പോള്‍ തന്നെ ട്രംപ് ടെലിവിഷനിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
എന്നാല്‍ അടുത്ത ദിവസവും അതിന്റെ അടുത്ത ദിവസവും തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോഴേക്കും ബൈഡന്‍ വിജയിച്ചിരിക്കും. അപ്പോള്‍ ട്രംപ് പറയും; കണ്ടില്ലേ? എല്ലാം ചതിയാണെന്ന് അപ്പോഴേ ഞാന്‍ പറഞ്ഞില്ലേ എന്ന് ട്രംപ് തിരുത്തും.
തപാല്‍ വോട്ടുകളില്‍ കൃതിമത്വം നടന്നുവെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ. ഞങ്ങള്‍ ഓഫീസ് വിട്ട് തരില്ല’ ഇതായിരിക്കും ട്രംപ് പറയുക. ഇക്കാര്യത്തിലാണ് ഞങ്ങള്‍ക്കും നിരവധിയായ ജനങ്ങള്‍ക്കും ആശങ്കയുള്ളതെന്നും സാന്‍ഡേഴ്‌സ് അഭിമുഖത്തിനിടെ പറഞ്ഞു.
വോട്ടെണ്ണല്‍ തുടങ്ങി അടുത്ത ദിവസമായ ബുധനാഴ്ച രാവിലെ തന്നെ താന്‍ വിജയിച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
‘ഈ തെരഞ്ഞെടുപ്പ് നമ്മള്‍ വിജയിക്കാന്‍ പോവുകയാണ്. തുറന്ന് പറഞ്ഞാല്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് വിജയിച്ച് കഴിഞ്ഞു,’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.
എന്നാല്‍ ബൈഡന്‍ മുന്നേറിയതോടെ എല്ലാ വോട്ടുകളും എണ്ണുന്നത് നിര്‍ത്തിവെക്കണമെന്നും തപാല്‍ വോട്ടുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ട്വിറ്ററില്‍ പങ്കുവെച്ച സാന്‍ഡേസിന്റെ ഇന്റര്‍വ്യൂ എഴുപത് ലക്ഷത്തിലേറെ പേരാണ് ഇതുവരെ കണ്ടത്. നിലവില്‍ ഡോണാള്‍ഡ് ട്രംപിനേക്കാള്‍ മുന്നിലാണ് ബൈഡന്.