അര്‍ജന്റൈന്‍ ദേശീയ ടീമില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് റോഡ്രിഗോ ഡീ പോള്‍. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ മുഴുവന്‍ സമയവും കളിച്ച ഏക മിഡ് ഫീല്‍ഡറാണ് അദ്ദേഹം. അര്‍ജന്റീന തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിനായി.
ഡീ പോളിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ജര്‍മന്‍ താരം ബേണ്‍ഡ് ഷൂസ്റ്റര്‍. കളത്തില്‍ യന്ത്രം പോലെയാണ് ഡീ പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ വേഗത എടുത്ത് പറയേണ്ടതാണെന്നും ഷൂസ്റ്റര്‍ പറഞ്ഞു.
‘എനിക്കറിയില്ല ഡീ പോളിന് എങ്ങനെയാണ് ഇത്ര വേഗത്തില്‍ ഓടാന്‍ കഴിയുന്നതെന്ന്. മുന്‍ ജര്‍മന്‍ താരം ഫെര്‍ണാണ്ടോ ഗാഗോയെയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. എന്ത് ഇന്ധനമാണാവോ ഡീ പോളിന്റെ പക്കലുള്ളത്. അത്ര വേഗത്തിലല്ലേ കളത്തില്‍ ഓടുന്നത്,’ ഷൂസ്റ്റര്‍ പറഞ്ഞു.
2021 കോപ്പ അമേരിക്കന്‍ ഫൈനലില്‍ ബ്രസീലിനെ 1-0ന് അര്‍ജന്റീന കീഴടക്കിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് ഗോളിലേക്കുള്ള പാസ് നല്‍കിയത് റോഡ്രിഗൊ ഡി പോള്‍ ആയിരുന്നു. അതും സ്വന്തം പകുതിയില്‍നിന്ന് ഫൈനല്‍ തേര്‍ഡിലേക്കുള്ള ഒരു ലോങ് ബോള്‍ പാസ്.
പരിശീലകന്‍ സ്‌കലോണി ടീമുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡിപോളിനോടാണ്. മാത്രമല്ല കളത്തിനകത്തും പുറത്തും മെസിയുടെ ഉറ്റ ചങ്ങാതിയായ ഡിപോളിനെ മെസിയുടെ ബോര്‍ഡി ഗാര്‍ഡ് എന്നാണ് പൊതുവെ വിശേഷിപ്പിക്കാറ്.