Football
പോര്‍ച്ചുഗീസുകാരന്റെ മിന്നും ഫോം; റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പം ഇനി അവന്റെ പേരും
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 28, 03:10 am
Thursday, 28th December 2023, 8:40 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയ കുതിപ്പ് തുടരുന്നു. എവര്‍ട്ടണിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബെര്‍ണാഡോ സില്‍വ ഒരു ഗോളും ഒരു അസിസ്റ്റും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടം സ്വന്തം പേരിലാക്കിമാറ്റാനും ബെര്‍ണാഡോ സില്‍വക്ക് സാധിച്ചു.

ഇംഗ്ലീഷ് 37 അസിസ്റ്റുകള്‍ ആണ് ബെര്‍ണാഡോ സില്‍വ നേടിയത്. ഇതോടെ അല്‍ നസര്‍ സൂപ്പര്‍ താരവും തന്റെ നാട്ടുകാരനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേട്ടത്തിനൊപ്പമെത്താനും ബെര്‍ണാഡോ സില്‍വയ്ക്ക് സാധിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 37 അസിസ്റ്റുകളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.

എവര്‍ട്ടന്റെ ഹോം ഗ്രൗണ്ടായ ഗൂഡിസണ്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 29ാം മിനിട്ടില്‍ ജാക്ക് ഹാരിസണിലൂടെ എവര്‍ട്ടണ്‍ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ശക്തമായി തിരിച്ചുവരികയായിരുന്നു.

53ാം മിനിട്ടില്‍ ഇംഗ്ലണ്ട് യുവ താരം ഫില്‍ ഫോഡനിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ഒപ്പമെത്തി. 64ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് അര്‍ജന്റീനന്‍ താരം ജൂലിയന്‍ അല്‍വാരസ് സിറ്റിയെ മുന്നിലെത്തിച്ചു. 86ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വ മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും മാഞ്ചസ്റ്റര്‍ സിറ്റി പിടിച്ചെടുക്കുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും 11 വിജയവും നാല് സമനിലയും മൂന്നു തോല്‍വിയും അടക്കം 37 പോയിന്റുമായി സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.

ഡിസംബര്‍ 30ന് ഷഫീല്‍ഡ് യുണൈറ്റഡിനെതിരെയാണ് പെപ്പിന്റേയും കൂട്ടരുടെയും അടുത്ത മത്സരം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയമാണ് വേദി.

Content Highlight: Bernardo Silva have reached Cristaino Ronaldo record in English Premier League.