ഇന്നാണ് മറഡോണ കളിച്ചിരുന്നതെങ്കില്‍ മെസിയെക്കാള്‍ മികച്ച് നിന്നേനെ: മുന്‍ റയല്‍ മാഡ്രിഡ് താരം
Football
ഇന്നാണ് മറഡോണ കളിച്ചിരുന്നതെങ്കില്‍ മെസിയെക്കാള്‍ മികച്ച് നിന്നേനെ: മുന്‍ റയല്‍ മാഡ്രിഡ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th August 2023, 1:22 pm

 

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളില്‍ ഉള്‍പ്പെട്ടവരാണ് മെസിയും മറഡോണയും. ഇരു താരങ്ങളും ബ്യൂണസ് ഐറിസിലേക്ക് ലോകകപ്പ് കിരീടവും എത്തിച്ചിട്ടുണ്ട്.

1986ല്‍ മറഡോണ ലോകകപ്പ് കിരീടം അര്‍ജന്റീനയിലേക്ക് കൊണ്ട് പോയതിന് ശേഷം പിന്നീട് 2022ല്‍ ഖത്തറിന്റെ മണ്ണില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി മെസിയാണ് ലോകകിരീടം ബ്യൂണസ് ഐറിസിലേക്ക് എത്തിച്ചത്.

അര്‍ജന്റൈന്‍ ഫുട്‌ബോളിലെ ഇതിഹാസങ്ങളായതിനാല്‍ തന്നെ മെസിയെയും റൊണാള്‍ഡോയേയും താരതമ്യം ചെയ്തുകൊണ്ടുള്ള നിരവധി ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് സജീവമാണ്.

മറഡോണയാണ് മെസിയെക്കാള്‍ മികച്ചതെന്നും, ഈ കാലഘട്ടത്തിലാണ് മറഡോണ ഫുട്‌ബോള്‍ കളിച്ചിരുന്നതെങ്കില്‍ മെസിയെക്കാള്‍ ഏറെ മികവോടെ കളിച്ച് മുന്നേറാന്‍ താരത്തിന് സാധിക്കുമായിരുന്നെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ റയല്‍ മാഡ്രിഡ് താരമായ ബെര്‍ണാഡ് സ്‌കസ്റ്റര്‍.

1982നും 1984നും ഇടയില്‍ മറഡോണയോടൊപ്പം കളിച്ചിട്ടുള്ള താരമാണ് ബെര്‍ണാഡ്. ഫോര്‍ഫോര്‍ടൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം മറഡോണയേയും മെസിയേയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

‘ഞാനും മറഡോണയും ഫുട്‌ബോളിനെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു. ഒരേ രീതിയിലാണ് ഫുട്ബാളിനെ ഞങ്ങള്‍ സമീപിച്ചിരുന്നത്. കൂടാതെ ആരാധകരെ ആഹ്ലാദിപ്പിക്കാനും ഞങ്ങള്‍ക്ക് ഇഷ്ടമാണ്,’ മറഡോണ പറഞ്ഞു.

‘മുമ്പ് അത്രത്തോളം സൗകര്യങ്ങളില്ലാത്ത പിച്ചിലാണ് ഞങ്ങള്‍ കളിച്ചിരുന്നത്. പക്ഷെ അവിടെയും പ്രതിഭ തെളിയിക്കാന്‍ മറഡോണക്ക് സാധിച്ചിട്ടുണ്ട്.

ഇന്ന് മറഡോണ കളിക്കുകയാണെങ്കില്‍, ഈ ആധുനിക സൗകര്യങ്ങളോട് കൂടിയ മൈതാനത്ത് അദ്ദേഹം മെസിയെപ്പോലും മറികടക്കുമായിരുന്നു,’ മാറഡോണ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ മെസി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്റര്‍ മയാമിക്കായി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റും താരം ഇതുവരെ അക്കൗണ്ടിലാക്കി കഴിഞ്ഞു.

എം.എല്‍.എസില്‍ കളിയാരംഭിച്ചയുടന്‍ പ്രകടന മികവ് കൊണ്ടും ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ കൊണ്ടും ശ്രദ്ധേയനാവുകയാണ് ഈ 36കാരന്‍. ഈ പ്രകടനം തുടരുകയാണെങ്കില്‍ ഇന്റര്‍ മയാമിയുടെ ടോപ്പ് ഗോള്‍ സ്‌കോററാകാന്‍ മെസിക്ക് അധിക സമയം വേണ്ടെന്നാണ് ഫുട്ബോള്‍ വിദഗ്ദരുടെ വിലയിരുത്തല്‍.

അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും ബാക്കി രണ്ട് മത്സരങ്ങളിലും ഇരട്ട ഗോളുകളും വലയിലെത്തിച്ച മെസിക്ക് ഇനി 24 ഗോള്‍ നേടിയാല്‍ മയാമിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാകാന്‍ സാധിക്കും.

Content Highlights: Bernard Schuster about Lionel Messi and Maradona