ടാന്‍സാനിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ലയണല്‍ മെസിക്കെതിരെ ഗോളടിച്ച സൂപ്പര്‍ താരത്തിലേക്കുള്ള യാത്ര, ഒറ്റ വരിയില്‍ ബെര്‍ണാര്‍ഡ് കമുംഗോയുടെ ജീവിതം ഇങ്ങനെ വിവരിക്കാം.
പന്ത് വാങ്ങാന്‍ കാശില്ലാത്തതിനാല്‍ പ്ലാസ്റ്റിക് കവറുകളില്‍ തുണിയും പേപ്പറും കുത്തി നിറച്ച് തെരുവുകളില്‍ പന്ത് തട്ടി ദൃഢമായ ആ കാലുകളില്‍ നിന്ന് മയാമിയുടെ ക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ പോലും തകര്‍ത്തെറിയുമായിരുന്ന മനോഹരമായ ഗോള്‍.
ടാന്‍സാനിയയിലെ ന്യാരുഗുസു അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച കമുംഗോ ഫുട്‌ബോള്‍ തട്ടിയല്ല ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്.
‘ഒരു സോക്കര്‍ ബോള്‍ വാങ്ങാന്‍ എന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. പന്ത് പോലെ തോന്നിക്കുന്ന ഒന്ന്, പ്ലാസ്റ്റിക് ബാഗുകളും മറ്റും ഉപയോഗിച്ച് അത് ഉണ്ടാക്കിയെടുത്തു. ശേഷം ഞാനും എന്റെ കൂട്ടുകാരും തെരുവില്‍ ഫു്ടബോള്‍ കളിക്കാന്‍ തുടങ്ങി,’ കമുംഗോയുടെ വാക്കുകളെ ഉദ്ധരിച്ച് 2022ല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗാരറ്റ് മെല്‍ക്കര്‍ നോര്‍ത് ടെക്‌സസ് എസ്.സിയിലെ ലേഖനത്തില്‍ എഴുതി.
മെച്ചപ്പെട്ട ജീവിതത്തിനായി കമുംഗോയുടെ കുടുംബം ടാന്‍സാനിയയില്‍ നിന്നും ടെക്‌സസിലേക്ക് തങ്ങളെ പറിച്ചുനട്ടതോടെ താരത്തിന്റെ ജീവിതം ഒന്നാകെ മാറി. ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കുമെന്നതാണ് കുമുംഗോയെ സന്തോഷവാനാക്കിയത്. ടാന്‍സാനിയയില്‍ ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ലഭിച്ചിരുന്ന സാഹചര്യത്തില്‍ നിന്നും മൂന്ന് നേരവും കുമുംഗോക്കും കുടുംത്തിനും ഭക്ഷണം കഴിക്കാനുള്ള വക ടെക്‌സസ് നല്‍കിയിരുന്നു.
ടാന്‍സാനിയയില്‍ നിന്നും എല്ലാം ഉപേക്ഷിച്ചാണ് ഇവിടെയെത്തിയതെങ്കിലും ഉള്ളിലെ ഫുട്‌ബോള്‍ കമുംഗോയെ ഉപേക്ഷിച്ച് പോയിരുന്നില്ല. മിഡില്‍ സ്‌കൂള്‍ ടീമിലും ഹൈസ്‌കൂള്‍ ടീമിലും പന്ത് കട്ടിയ കമുംഗോ ഫുട്‌ബോളിനെ പ്രൊഫഷണലായി കണാന്‍ പഠിക്കുകയായിരുന്നു. അതിന് കാരണക്കാരനായത് അവന്റെ മൂത്ത ജ്യേഷ്ഠനും.
2021ല്‍ നോര്‍ത്ത് ടെക്‌സസ് എസ്.സിയുടെ ആന്വല്‍ ട്രൈ ഔട്ടില്‍ ജ്യേഷ്ഠന്‍ ഇമനിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പങ്കെടുത്ത കമുംഗോയെ തേടി ടീമിന്റെ വിളിയെത്തി. പ്രീ സീസണ്‍ പരിശീലനത്തില്‍ മികച്ചുനിന്ന കമുംഗോക്ക് വൈകാതെ ടീം കരാറും വെച്ചുനീട്ടി. ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയ കമുംഗോ ആറ് ഗോള്‍ നേടിയാണ് ആദ്യ സീസണ്‍ അവസാനിപ്പിച്ചത്.
നോര്‍ത്ത് ടെക്‌സസ് എസ്.സിയുടെ പരിശീലകന്‍ അവന്റെ മനസില്‍ കണ്ട ഫയര്‍ കുമുംഗോ കാലുകളില്‍ ആവാഹിക്കുകയായിരുന്നു. എം.എല്‍.എസിന്റെ റിസര്‍വ് ലീഗായ എം.എല്‍.എസ് നെക്‌സ്റ്റ് പ്രോയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ടെക്‌സസിനെ സഹായിച്ചത് കമുംഗോയുടെ 13 ഗോളുകളായിരുന്നു.
താരത്തിന്റെ പ്രകടം ശ്രദ്ധയില്‍പ്പെട്ട എഫ്.സി ഡാലസ് താരത്തെ സ്വന്തമാക്കുകയായിരുന്നു. അവിടെയും മികച്ച പ്രകടനം പുറത്തെടുത്ത കമുംഗോ വൈകാതെ തന്നെ ടീമിലെ നിര്‍ണായക സാന്നിധ്യമായി മാറി.
10 years ago, Bernard Kamungo was playing soccer with balls made out of plastic bags at a refugee camp in Tanzania.
അവിടെ നിന്നുമാണ് ലീഗ്‌സ് കപ്പിന്റെ സെമി ഫൈനലില്‍ സാക്ഷാല്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്കെതിരെ കളിക്കാന്‍ കമുംഗോയെത്തിയത്. മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടെങ്കിലും കമുംഗോ അടക്കമുള്ള താരങ്ങള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ കയ്യടികളേറ്റുവാങ്ങി തന്നെയാണ് കളം വിട്ടത്.
ഡാലസ് കോച്ച് നിക്കോളാസ് എസ്റ്റീവ്‌സ് പറഞ്ഞതുപോലെ മെസിയുടെ കഥയിലെ വില്ലന്‍മാരായി തന്നെയാണ് ടെസ്‌കസിന്റെ കാളക്കൂറ്റന്‍മാര്‍ ലീഗ് കപ്പ് മോഹങ്ങള്‍ ഉപേക്ഷിച്ചത്. ഹീറോയുടെ അടികൊണ്ട് വീണ വില്ലനായിരുന്നില്ല, അവസാന ശ്വാസം വരെ വീരോചിതമായി പൊരുതി ഹീറോ ഉള്‍പ്പെടെയുള്ളവരുടെ കയ്യടികളേറ്റുവാങ്ങിയാണ് അവര്‍ മടങ്ങിയത്.