സ്പാനിഷ് സൂപ്പര്‍ക്ലബ്ബായ ബാഴ്‌സലോണയിലെ ഏറ്റവും മികച്ച 10ാം നമ്പര്‍ കളിക്കാരനായിരുന്നു ലയണല്‍ മെസി. ബാഴ്‌സയുടെ സുവര്‍ണകാലത്തെ ഏറ്റവും മികച്ച താരം മെസിയാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
എന്നാല്‍ കഴിഞ്ഞ വര്‍ഷം താരം ടീം വിട്ട് പോയിരുന്നു. ഇപ്പോള്‍ മെസിക്കൊത്ത പത്താം നമ്പര്‍ താരത്തെ തേടികൊണ്ടിരിക്കുകയാണ് ബാഴ്‌സ.
ഇപ്പോഴിതാ പോര്‍ച്ചുഗലിന്റെ മിഡ്ഫീല്‍ഡറായ മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍നാണ്ടൊ സില്‍വയ്ക്ക് ബാഴ്‌സയുടെ മിഡ്പീല്‍ഡറാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിരെ മുന്‍ കോച്ച്.
ബെന്‍ഫിക്കയുടെ കോച്ചായിരുന്ന ഹെല്‍ഡര്‍ ക്രിസ്റ്റാവോയാണ് ഇക്കാര്യം പറഞ്ഞത്യ സിറ്റിയില്‍ എത്തുന്നതിന് മുമ്പ് സില്‍വ ബെന്‍ഫിക്കയുടെ താരമായിരുന്നു. പോര്‍ച്ചുഗീസ് താരത്തെ ഈ സമ്മറില്‍ സ്വന്തമാക്കാന്‍ ബാഴ്സലോണ ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് ക്രിസ്റ്റാവോയുടെ വെളിപ്പെടുത്തല്‍.
Man City midfielder Bernardo Silva “dreams of being Barcelona’s No.10” https://t.co/nBGnuLYTCU
— SPORT English (@Sport_EN) July 10, 2022
യൂത്ത് തലത്തിലും സീനിയര്‍ തലത്തിലും ബെന്‍ഫിക്കയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ബെര്‍ണാര്‍ഡോ സില്‍വ പിന്നീട് ഫ്രഞ്ച് ക്ലബായ മൊണാക്കോക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. 2017 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കുന്ന സില്‍വ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ പദ്ധതികളില്‍ പ്രധാനിയാണെങ്കിലും ഈ സമ്മറില്‍ താരം ബാഴ്സയില്‍ എത്താനുള്ള സാധ്യതയുണ്ട്.
‘ബാഴ്സലോണക്ക് വേണ്ടി കളിക്കുകയെന്നതും ലയണല്‍ മെസിയെപ്പോലെ ക്ലബിന്റെ ഐതിഹാസികമായ പത്താം നമ്പര്‍ ജേഴ്സി അണിയുകയെന്നതും താരത്തിന്റെ സ്വപ്നമായിരുന്നു. അര്‍ജന്റീനിയന്‍ താരങ്ങളുടേതിനു സമാനമാണ് സില്‍വയുടെ ശൈലി. വേഗതയും കരുത്തും കുറവാണെങ്കിലും മത്സരത്തിനു വേണ്ട ചിന്തയും ടൈമിങ്ങും താരത്തിനുണ്ട്. ഒരുപാട് കാര്യങ്ങളില്‍ താരം മെച്ചപ്പെടാനുമുണ്ട്,.’ ക്രിസ്റ്റവോ പറഞ്ഞു.
സ്‌പോര്‍ട്ടിനോടായിരുന്നു ക്രിസ്റ്റവോയുടെ തുറന്നു പറച്ചില്‍.
സില്‍വ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ബാഴ്‌സയായിരുന്നു ആഗ്രഹിച്ചതെന്നും ക്രിസ്റ്റവോ പറഞ്ഞു.
‘അവന്‍ സിറ്റിയിലെത്തിയപ്പോള്‍ ശരിക്കും പറഞ്ഞാല്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഗ്വാര്‍ഡിയോള സിറ്റിയിലുണ്ട്. പക്ഷെ ബാഴ്സയില്‍ കളിക്കണമെന്നായിരുന്നു സില്‍വയുടെ ആഗ്രഹം. വളരെ പ്രബലമായൊരു ക്ലബ്ബാണവര്‍.
മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ സമയം കഴിഞ്ഞുവെന്നും ബാഴ്സക്ക് സംഭാവന നല്‍കണമെന്നും താരം ചിലപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. ഒരു ഇന്റീരിയര്‍ മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ ഉള്ളിലേക്ക് നന്നായി കളിക്കാന്‍ സില്‍വക്ക് കഴിയും. ബാഴ്സലോണ 4-3-3 എന്ന ശൈലിയില്‍ കളിക്കുന്നത്. ബുസ്‌ക്വറ്റ്‌സ്, പെഡ്രി എന്നിവര്‍ക്കൊപ്പം നമ്പര്‍ 8 ആയാണ് ഞാന്‍ താരത്തെ കാണുന്നത്. അതു വിങ്ങിലല്ല, മധ്യഭാഗത്താണ്,’ അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ താരം ബാഴ്‌സയിലെക്കെത്തുമെന്നാണ് ആരധകര്‍ പ്രതീക്ഷിക്കുന്നത്. മെസിക്ക് ശേഷം വിഷനുള്ള താരങ്ങളെയാണ് മിഡ്ഫീല്‍ഡില്‍ ബാഴ്‌സലോണ നോക്കുന്നത്. എന്നാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന താരങ്ങളെ കിട്ടിയിട്ടില്ല. സില്‍വക്ക് മെസിയുടെ വിടവ് ഒരു പരിധി വരെ മറികടക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Bernando Silva once said he wants to play for Barcelona like lionel Messi