യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി നേരിടുന്നത്. സാന്തിയാഗോ ബെര്‍ണബ്യൂവില്‍ വെച്ചാണ് ഇരു ടീമുകളുടെയും സെമിയിലെ ആദ്യ പാദ മത്സരം നടക്കുന്നത്.
മത്സരത്തിന് തങ്ങള്‍ തയ്യാറെടുത്തിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ കുതിപ്പ് കണ്ട് ഭയക്കുന്നവരല്ല ഞങ്ങളെന്നുമാണ് മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വ പറഞ്ഞിരിക്കുന്നത്. ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് സില്‍വ ഇക്കാര്യം സംസാരിച്ചത്.
‘ഞങ്ങള്‍ക്കവരോട് ബഹുമാനമുണ്ട്. പക്ഷെ ഒരു തരി പോലും ഭയമില്ല. ഞങ്ങളെന്തിന് അവരെ ഭയക്കണം? കഴിഞ്ഞ രണ്ട് മാസങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യം തന്ന ഇവിടെയും ആവര്‍ത്തിക്കും. ഞങ്ങള്‍ക്കതില്‍ ആത്മവിശ്വാസം ഉണ്ട്.
മാഡ്രിഡില്‍ ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും വിനീഷ്യസ് ജൂനിയറും കരിം ബെന്‍സെമയൊന്നും ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് ഈ നേട്ടങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. കഴിഞ്ഞ തവണ ഞങ്ങള്‍ക്ക് ടൂര്‍ണമെന്റെ നഷ്ടപ്പെട്ടു. പക്ഷെ ഇത്തവണ അതാവര്‍ത്തിക്കില്ല. വ്യത്യസ്തമായ ഒരു റിസള്‍ട്ടിനാണ് ഇപ്രാവശ്യം ഞങ്ങള്‍ കാത്തിരിക്കുന്നത്,’ സില്‍വ പറഞ്ഞു.
അതേസമയം, കോപ്പ ഡെല്‍ റേ ട്രോഫി ലോസ് ബ്ലാങ്കോസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുകയാണ്. 2014ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡ് ടൈറ്റില്‍ തങ്ങളുടെ പേരിലാക്കുന്നത്. ഈ സീസണിലെ മൂന്നാമത്തെ ട്രോഫിയാണ് റയല്‍ സ്വന്തമാക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനമാണ് ക്ലബ്ബ് കാഴ്ചവെക്കുന്നത്.
കോപ്പയില്‍ ഒസാസുനക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി റോഡ്രിഗോയാണ് ലോസ് ബ്ലാങ്കോസിനായി തിളങ്ങിയത്. കളിയുടെ രണ്ട്, 70 മിനിട്ടുകളിലായിരുന്നു താരം വല കുലുക്കിയത്. 58ാം മിനിട്ടില്‍ ലൂക്കാസ് ടോറോ ഒസാസുനക്കായി ആശ്വാസ ഗോള്‍ നേടി.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ നാല് ജയവും 13 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. ഗ്രൂപ്പ് ജിയില്‍ നാല് ജയവും 14 പോയിന്റും നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.
മെയ് ഒമ്പതിനാണ് ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും കൊമ്പുകോര്‍ക്കുന്നത്.
Content Highlights: Bernado Silva talking about UEFA Champions league match against Real Madrid